മദീന പ്രളയത്തിന് ശേഷം

നൂഹ് നബിയുടെ കപ്പല്‍ പ്രളയാനന്തരം നങ്കൂരമിട്ടത് ജൂദിപര്‍വ്വതത്തിന്‍മേലാണെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. ഈ സ്ഥലം ഇന്ന് തുര്‍ക്കിസ്ഥാനില്‍ ആണെന്നും അവിടെയുള്ള അറാറത്ത് പര്‍വ്വതമാണെന്നും പറയപ്പെടുന്നു.ആ കപ്പലില്‍ ഉണ്ടായിരുന്ന എണ്‍പത് പേര്‍ അവിടെയിറങ്ങി. അവര്‍ താമസിച്ച സ്ഥലത്തിന് സൂഖ്സ്സാമാനീന്‍ എന്ന് നാമകരണം ചെയ്തുവത്രെ. ഭൂമുഖത്തുള്ള (പ്രളയബാധിതപ്രദേശം) മുഴുവന്‍ ജന്തുക്കളും നശിച്ചതിനു ശേഷം ആ സമൂഹം പിന്നീട് വളര്‍ന്നു  വികസിച്ചു. അവരുടെ അംഗസംഖ്യ കൂടിയപ്പോള്‍ നൂഹിന്‍റെ പുത്രന്‍, സാമിന്‍റെ പുത്രന്‍, കര്‍ഖാനിന്‍റെ പുത്രന്‍ നംറൂദ് അവരുടെ രാജാവായി. അവര്‍ എഴുപത്തിരണ്ട് ഭാഷകള്‍ സംസാരിച്ചിരുന്നുവത്രെ. അറബിയും അതില്‍ ഉള്‍പ്പെട്ടിരുന്നു. സാമിന്‍റെ പുത്രന്‍ ലൂദിന്‍റെ പുത്രന്മാരായ അംലീഖും  തിസ്മുമാണത്രെ അറബി സംസാരിച്ചിരുന്നത്. ഈ സമൂഹം പില്‍കാലത്ത് പല കാരണങ്ങളാല്‍ വിവിധ സ്ഥലങ്ങളിലേക്ക് താമസം മാറ്റി. അങ്ങിനെ ചിലര്‍ ഇന്ന് മദീനയെന്നു വിളിക്കുന്ന യഥ് രിബിലേക്ക് വന്നു. 


നൂഹ് നബി(അ)ന്‍റെ കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ 


യഥ് രിബിലെ ആദിമ നിവാസികള്‍ 
ആദ്യം വന്ന ആളുടെ പേര്‍ യഥ് രിബ് എന്നായതിനാല്‍ സ്ഥലത്തിന് ആ പേര്‍ നല്‍കി.നൂഹ്(അ)ന്‍റെ പുത്രന്‍ സാമിന്‍റെ പുത്രന്‍ ഇറമിന്‍റെ പുത്രന്‍ ഇവളിന്‍റെ പുത്രന്‍ അബീലിന്‍റെ പുത്രന്‍ യഥ് രിബ് ആണ് മദീനയിലെ ആദ്യ താമസക്കാരന്‍ എന്നാണു കരുതുന്നത്. പില്‍കാലത്ത് യഥ് രിബിന്‍റെ സന്തതികള്‍ വര്‍ദ്ധിച്ചപ്പോള്‍ അവരില്‍ ചിലര്‍ ഇപ്പോഴത്തെ റാബിക്കിന്‍റെ സമീപമുള്ള ജുഹ്ഫയിലേക്ക് മാറിതാമസിക്കുകയുണ്ടായി. ഇബ്നു അബാസി(റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്ന ചരിത്ര റിപ്പോര്‍ട്ടിലാണ് ഈ അഭിപ്രായമുള്ളത്. മറ്റൊരഭിപ്രായം മുന്‍പറഞ്ഞ അബീലിന്‍റെ പുത്രന്‍ ഇറമിന്‍റെ പുത്രന്‍ മഹാബീലിന്‍റെ പുത്രന്‍ ഖാനിയയുടെ പുത്രന്‍ യഥ് രിബാണ് യഥ് രിബില്‍ ആദ്യം താമസിച്ചത് എന്നാണ്. ഇതില്‍ ആദ്യത്തെ റിപ്പോര്‍ട്ടാണ് കൂടുതല്‍ ശരിയെന്നു ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ഇവ രണ്ടും കൂടാതെ വേറെയും അഭിപ്രായങ്ങള്‍ ഉണ്ട്. ഒരു പക്ഷെ ഈ അഭിപ്രായങ്ങള്‍ എല്ലാം ശരിയാകാം. കാരണം വ്യത്യസ്ത ഭാഗങ്ങളില്‍ പല വര്‍ഗ്ഗങ്ങളും വിവിധ കാലങ്ങളില്‍ വാസമുറപ്പിച്ചിട്ടുണ്ടാകാം. മൂന്നാമത്തെ അഭിപ്രായം കൂടി ഉദ്ധരിക്കാം. സ്വഅ്ല്‍, ഫലാജ്  എന്നീ വര്‍ഗ്ഗങ്ങളാണ് തൂഫാനിനു(പ്രളയത്തിനു) ശേഷം മദീനയില്‍ താമസമുറപ്പിച്ചത്. അവര്‍ അധര്‍മ്മകാരികളും ധിക്കാരികളുമായിരുന്നു. അവരുടെ അക്രമം അടിച്ചമര്‍ത്താന്‍ ദാവൂദ് നബി അവിടത്തേക്ക് സൈന്യത്തെ നിയോഗിച്ചു. അവര്‍ നിരവധി ബന്ധികളെ കൊണ്ട് പോയി. പിന്നീട് അവരുടെ കഴുത്തില്‍ ഒരു പുഴു ശല്യം ഉണ്ടായി. തന്മൂലം അവരില്‍ ഒട്ടേറെ പേര്‍ മൃതിയടഞ്ഞു. അവരുടെ സയ്യിദത്ത് ആയിരുന്ന സഹ്റ മാത്രം ബാക്കിയായി. അവരുടെ നാമധേയത്തില്‍ അറിയപ്പെടുന്ന പ്രദേശത്തായിരുന്നു അവര്‍ താമസിച്ചിരുന്നത്. ഈ നാമം ഇപ്പോഴും മദീനക്കാര്‍ക്കിടയില്‍ സുപരിചിതമാണ്. ദൈവീകമായ ഈ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നതിനു ആ നാട് വിട്ടു പോകാന്‍ അവര്‍ ശ്രമിച്ചു. അങ്ങിനെ ഒട്ടകപ്പുറത്ത് കാലുവെക്കാന്‍ തുടങ്ങിയപ്പോള്‍ അവളോട്‌ പറയപ്പെട്ടു. അതാ പുഴു നിങ്ങളെയും വലയം ചെയ്തിരിക്കുന്നു. ആ സമയത്ത് കരഞ്ഞു കൊണ്ട് അവള്‍ പറഞ്ഞു. " എത്ര മനുഷ്യരും സമ്പത്തുമാണ് സഹ്റാ പ്രദേശത്തിന്‍റെയും റാനുല്‍ പ്രദേശത്തിന്‍റെയും ഇടക്ക് അടക്കം ചെയ്തിട്ടുള്ളത്‌.'. ഈ വാക്യം ഇന്നും മദീനക്കാര്‍ക്കിടയില്‍ സുപരിചിതമാണ്. ഇന്ന് മസ്ജിദുല്‍ ജുമുഅയുടെയും മശ്റുബ ഉമ്മു ഇബ്റാഹീമിന്‍റെയും ഇടക്കുള്ള സ്ഥലമാണത്രെ അവര്‍ സൂചിപ്പിച്ചത്. അതായത് മുന്‍പ് കാലത്ത് മരണപ്പെട്ടവരുടെയും ധനവും ആഭരണങ്ങളും ശവത്തോടൊപ്പം കുഴിച്ചു മൂടിയിരുന്നു. അങ്ങിനെ കുഴിച്ചു മൂടപ്പെടുന്നവരില്‍ ഞാനുമിതാ ചേരുകയാണ് എന്നാണവള്‍ വ്യാകുലയായി പറഞ്ഞത്.

കാലം മുന്നോട്ടു പോയി. പ്രവാചകന്മാര്‍ മദ്ധ്യപൗരസ്ത്യ ദേശത്ത് നിരവധി വന്നു.ഒട്ടേറെ തലമുറകള്‍ നശിപ്പിക്കപ്പെട്ടു.ആദും സമൂദും ലൂത്തിന്‍റെ ജനതയും അതില്‍പ്പെടുന്നു. ഇബ്രാഹീമും ഇസ്ഹാഖും യഅഖൂബും വന്നു. ഇസ്മായില്‍ മക്കയില്‍ വാസമുറപ്പിച്ചു. അദ്ദേഹത്തിന്‍റെ മക്കള്‍ അവിടെ പെരുകാന്‍ തുടങ്ങി. ഇസ്റാഈല്‍ സന്തതികളില്‍ മുഖ്യനായ മൂസാനബി(അ) ദൈവത്തിന്‍റെ ഗ്രന്ഥവുമായി ജനമനസ്സുകളെ നേര്‍വഴിക്കു നയിക്കാന്‍ വന്നെത്തി. തൗറാത്തിന്‍റെ അനുയായികള്‍ വര്‍ദ്ധിച്ചു. അവര്‍ ലോകത്തിന്‍റെ വിവിധദേശങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തു. യഹൂദികള്‍ എന്ന് അവര്‍ വിളിക്കപ്പെട്ടു. 

ഇസ്റാഈലീ പ്രവാചക പരമ്പരയില്‍ ഈസാ നബി(അ)യും ആഗതനായി. തൗറാത്തിന്‍റെ പുതിയ ആവിഷ്കാരവുമായി ഇഞ്ചീല്‍ അദ്ദേഹത്തിനു അവതരിച്ചു. ഈസാ നബി(അ)യെ അംഗീകരിക്കാന്‍ തയ്യാറല്ലാത്തവര്‍ യഹൂദമതത്തില്‍ ഉറച്ചു നിന്നു. അങ്ങിനെ അവര്‍ യാഹൂദികളും നസാറാക്കളും ആയി അറിയപ്പെട്ടു.അവര്‍ക്കിടയില്‍ സംഘട്ടനങ്ങള്‍ ഉണ്ടായി.

നാം മുന്‍പ് വിശദീകരിച്ച ജനവിഭാഗങ്ങള്‍ക്ക് ശേഷം മദീനയില്‍ പില്‍കാലത്ത് യഹൂദികള്‍ വാസമുറപ്പിച്ചു. ഏതാണ്ട് ഇരുപത്തിഅഞ്ചോളം ഗോത്രങ്ങള്‍ ഉണ്ടായിരുന്നു അവര്‍. മദീനയില്‍ അവര്‍ എത്താനുള്ള കാരണം വിശദീകരിക്കുന്ന ഒരു കഥ ഇപ്രകാരമാണ്. 

സിറിയന്‍ രാജാവിനെ റോമാരാജാവ് തോല്‍പ്പിച്ചു ഭരണം കയ്യടക്കി. ആയിടെ ഹാറൂണ്‍ നബി(അ)യുടെ സന്താനപരമ്പരയിലെ അതിസുന്ദരിയായ ഒരു യുവതിയെ റോമാരാജാവ് വിവാഹം ആലോചിച്ചു. യാഹൂദികളും ക്രിസ്ത്യാനികളും തമ്മില്‍ അക്കാലത്ത് വിവാഹ ബന്ധം ഉണ്ടായിരുന്നില്ല. രാജാവിന്‍റെ താല്‍പ്പര്യം അവഗണിച്ചാല്‍ അത് തങ്ങളുടെ വംശ നാശത്തിന് ഹേതുവാകുമെന്നുഅവര്‍ക്കറിയാമായിരുന്നു. അതിനാല്‍ തങ്ങളുടെ മതനിയമം നടപ്പിലാക്കാനും രാജാവിന്‍റെ ആഗ്രഹം നിരാകരിക്കാനും അവരുറച്ചു. പക്ഷെ അതൊരു കൗശലത്തോടെ രാജാവിനെ കൊന്നുകൊണ്ടായിരിക്കണമെനന്ന് അവര്‍ ഗൂഡാലോചന നടത്തി. തങ്ങളുടെ രാജാവിനെ തോല്‍പ്പിച്ചതിനു ഒരു പ്രതികാരമാക്കാമത് എന്ന് അവര്‍ നിനച്ചു. അങ്ങിനെ റോമാരാജാവിനെ വിവാഹത്തിന് ക്ഷണിച്ചു. യഹൂദസുന്ദരിയില്‍ അമിതമോഹം വെച്ച രാജാവ് പരിവാരസമേതം വിവാഹവേദിയിലെത്തി. സ്വാദിഷ്ടമായ അലങ്കാരവസ്ത്രങ്ങളും വിശിഷ്ടആഭരണങ്ങളും വമ്പിച്ച പണക്കൂമ്പാരവുമായിട്ടാണ് രാജാവ് വന്നു ചേര്‍ന്നത്. രാജാവിനെ ആദരപൂര്‍വ്വം യഹൂദികള്‍ സ്വീകരിച്ചു. തന്‍റെ മധുവിധു ഇന്ന് തന്നെ നടക്കുമെന്ന് രാജാവ് മനസ്സിലുറച്ചു. ഭദ്രമായ കൊട്ടാരത്തില്‍ അവര്‍ രാജാവിനെ സ്വീകരിച്ചിരുത്തി. അവരുടെ മനസ്സില്‍ ഒളിച്ചു വച്ചിരുന്ന പക  അണ പൊട്ടിയൊഴുകി. രാജാവിനെ അവര്‍ വെട്ടിനുറുക്കി. പരിവാരങ്ങളെ മുഴുവന്‍ കൊന്നൊടുക്കി. പണവും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്നെടുത്തു. ഈ ക്രൂരകൃത്യത്തിനു ശേഷം അവര്‍ ആ പ്രദേശത്തു നിന്ന് പാലായനം ചെയ്ത് ഹിജാസിലെത്തി മദീനയില്‍ താമസമുറപ്പിച്ചു. അഹമദുല്‍ അബ്ബാസിയുടെ ഉംദത്തുല്‍ അഖ്ബാറിലാണ് ഈ കഥയുള്ളത്. തൗറാത്തില്‍ മുഹമ്മദ്‌  (സ)യുടെ ആഗമനത്തെകുരിച്ചും അദ്ദേഹം മുഹാജിറായി വരുന്ന രണ്ടു  കല്‍പ്രദേശത്തിനു  ഇടക്കുള്ള യഥ് രിബിനെക്കുറിച്ചും അവരിലെ പണ്ഡിതന്മാര്‍ മനസ്സിലാക്കി. അതുകൊണ്ട്  യഥ് രിബില്‍ തന്നെ അവര്‍ താമസിച്ചു. പില്‍കാലത്ത് ഈ സ്ഥലം തേടി വേറെയും ഗോത്രങ്ങള്‍ അവിടെയെത്തി.

ബുഖ്ത്നസര്‍ ചക്രവര്‍ത്തിയുടെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷ തേടി പാലായനം ചെയ്തു കൊണ്ടാണ്  യഥ് രിബില്‍ യഹൂദികള്‍ വന്നു ചേര്‍ന്നതെന്ന് അഭിപ്രായമുണ്ട്.

യഹൂദികള്‍ അവരുടെ തുടക്കം മുതലേ സ്പര്‍ദ്ദയിലും വിയോജിപ്പിലുമാണ്. അതായത് മൂസാ നബി(അ)യുടെ കാലത്തു തന്നെ ഇസ്രാഈല്യര്‍ പന്ത്രണ്ട് ഗോത്രങ്ങളായാണ് താമസിച്ചിരുന്നത്. അവര്‍ ഐക്യത്തിലാണെന്ന് നാം ധരിക്കുന്നുണ്ടെങ്കിലും അവര്‍ അനൈക്യത്തിലാണ്. മൂസാ നബി(അ) പാറയില്‍ വടികൊണ്ട് അടിച്ചു നീരുറവകള്‍ പൊട്ടിയൊഴുകിയ അമാനുഷികസംഭവങ്ങള്‍ ഉണ്ടായപ്പോള്‍ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കും പന്ത്രണ്ട് അരുവികള്‍ നല്‍കി. 

മദീനയില്‍ വാസമുറപ്പിച്ച യഹൂദികള്‍ ഇടകലര്‍ന്ന് ജീവിക്കാതെ ഗോത്രാടിസ്ഥാനത്തില്‍ വേറെ വേറെ താമസം തുടങ്ങി.