ഔസ്-ഖസ്റജ് ഗോത്രങ്ങളുടെ അധിവാസ സ്ഥലങ്ങള്‍


മഅ്റബ് അണക്കെട്ടിന്‍റെ തകര്‍ച്ചക്ക് ശേഷം ആ പ്രദേശത്ത് നിവസിച്ച ചില ഗോത്രങ്ങള്‍ വിവിധ പ്രദേശങ്ങളിലേക്ക് മാറിത്താമസിച്ചുവെന്ന് പറഞ്ഞുവല്ലോ. മഅ്റബ് പ്രദേശക്കാരല്ലാത്ത യമന്‍കാര്‍ അവരുടെ നാട്ടില്‍ തന്നെ പാര്‍ത്തു. അവര്‍ മുദഹജ്ജ്, കിന്‍ദ, അന്‍മാര്‍, അശ്അരികള്‍ എന്നിവരാണ്. അങ്ങിനെ ആ പ്രദേശക്കാര്‍ ചിന്നഭിന്നമായി. ആ ദുരവസ്ഥ ഖുര്‍ആന്‍ ഇപ്രകാരം വിശദമാക്കുന്നു. 

'അങ്ങനെ അവര്‍ അവര്‍ക്ക് തന്നെ ദ്രോഹം വരുത്തിവെച്ചു. അപ്പോള്‍ നാം അവരെ കഥാവശേഷരാക്കിക്കളഞ്ഞു. അവരെ നാം സര്‍വത്ര ഛിന്നഭിന്നമാക്കി.'

മദീനയില്‍ എത്തിച്ചേര്‍ന്ന ഔസ്, ഖസ്റജ് ഗോത്രങ്ങള്‍ വളരെ സൗഹൃദത്തിലും സഹകരണത്തിലും കുറെ വര്‍ഷങ്ങള്‍ കഴിച്ചു കൂട്ടി.പിന്നീട് അവരുടെ ഐക്യം തകര്‍ന്നു പോയി. നിരന്തരമായ ഏറ്റുമുട്ടലുകള്‍ അവര്‍ക്കിടയിലുണ്ടായി. ആ രണ്ടു സഹോദര സമുദായങ്ങള്‍ വര്‍ണ്ണനാതീതമായ സ്പര്‍ദ്ദയിലും തര്‍ക്കത്തിലും പിണക്കത്തിലുമായി. നൂറ്റി ഇരുപത് വര്‍ഷം ദീര്‍ഘിച്ച യുദ്ധം അവര്‍ തമ്മിലുണ്ടായിട്ടുണ്ട്. സമീര്‍, കഅ്ബ്നു അംറ്, യൗമുസ്സുറാറ, യൗമുദ്ദീക്ക്, യൗമു ഫാരിഅ, യൗമുര്‍റബീഅ്, ഹുളൈദുബ്നു അസ് ലത്ത്, ഹാത്വീബ് ബ്നു വൈസ് എന്നീ പേരുകളിലാണ് അവര്‍ തമ്മിലുണ്ടായ യുദ്ധം അറിയപ്പെടുന്നത്.

പ്രവാചകന്‍റെ ഹിജ്റയുടെ അഞ്ചു വര്‍ഷം മുന്‍പുണ്ടായ യൗമുബുആസ് യുദ്ധംഅവര്‍ തമ്മിലുള്ള ഈര്‍ഷ്യക്ക് ആക്കം കൂട്ടുന്നതായിരുന്നു. ഇസ്ലാം സ്വീകരിച്ചതോടെ നൂറ്റാണ്ടുകളായി അവര്‍ക്കിടയില്‍ നില നിന്ന് പോന്ന എല്ലാ കുടിപ്പകകളും അവസാനിക്കുകയും ഏകമനസ്സോടെ പ്രവാചകന്‍റെ പിന്നില്‍ അവര്‍ അണി നിരക്കുകയും ഇസ്ലാമിന്‍റെ പ്രചരണത്തില്‍ നിസ്തുലമായ പങ്ക് വഹിക്കുകയും ചെയ്തു. അവരുടെ ഈ മാറ്റം ഖുര്‍ആന്‍ വിലയിരുത്തുന്നു.

'നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്‌. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്‍റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി.' (3:103)

ഔസ് ഖസ്റജ് ഗോത്രത്തില്‍ നിരവധി വംശങ്ങള്‍ ഉണ്ടായിരുന്നു. മദീനയില്‍ അവര്‍ അധിവസിച്ച സ്ഥലങ്ങള്‍ ഇപ്രകാരമാണ്.

ഔസ് ഗോത്രം
  1. ബനൂഅബ്ദില്‍ അശ്ഹല്‍ ബ്നു ജശ്മ്.
  2. ബനൂ ഹാരിസത്തു ബ്നുല്‍ ഖസ്റജ്- മസ്ജിദുല്‍ അരീളിന്‍റെ സമീപത്തുള്ള ഹര്‍റത്തുശ്ശര്‍ഖിയ്യ  എന്ന സ്ഥലത്ത് വസിച്ചു.
  3. ബനൂളുഫ്റു വംശം (കഅബ് ബുനുല്‍ ഖസ്റജ്ല്‍ അസ്ഹര്‍ )
  4. ബനൂ ഖൈസ ഊറുബ്നു ജശ്മ്- മസ്ജിദുല്‍ ബഗ്ലക്ക് സമീപം...ബഖീഇന്‍റെ കിഴക്ക് വശത്ത്.
  5. ബനൂ അംദുബ്നു ഔഫ്‌ബ്നു മാലിക്കുല്‍ ഔസി- ഖുബാഇലാണ് ഇവര്‍ വസിച്ചിരുന്നത്.
  6. ഇബ്നു ജുഹുജബാ- അസ്വബാ പ്രദേശത്ത് ജനിച്ചു. ഖുബാഇന്‍റെ പടിഞ്ഞാറ് വശത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം വിശാലമായ തോട്ടമാണ്. ഇന്ന് ഖവീം എന്ന് പറയുന്നതാണിത്.
  7. ബനൂ മുആവിയത്തുബ്നു മാലിക്ക്- മസ്ജിദുല്‍ ഇജാബത്തിന്‍റെ സമീപം ബക്കീളനോട്‌ ചേര്‍ന്ന സ്ഥലമാണ് വാസസ്ഥലം.
  8. ബനൂ സുമൈഅ: (ബനൂലവാസിന്‍ബ്നുഅംറുബ്നുഔഫ്)- റുബിഇയ്യ് എന്ന തോട്ടത്തിലാണ് ഇവര്‍ വസിച്ചത്. ഇന്ന് ഈ സ്ഥലം ആലുഖാശ് ഖജിയുടെ ഉടമസ്ഥതയിലാണ്.
  9. ഇംറുല്‍ ഖൈസ്ബ്നു മാലിക്ബ്നു ഔസിന്‍റെ രണ്ടു മക്കള്‍ വാഖിഫും സില്‍മും- ആയിരം ഭടന്മാര്‍ ഇവര്‍ക്കുണ്ടായിരുന്നുവത്രെ. മസ്ജിദുല്‍ ഹളീഖ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വസിച്ചു. 
  10. ബനൂ ഉബയ്യുബ്നു സെയ്ത് ഇഹ്ന എന്ന പേരിലറിയപ്പെടുന്ന തോട്ടത്തില്‍. ആ സ്ഥലം ഇന്നും അതെ പേരില്‍ അറിയപ്പെടുന്നു. 
  11. ബനൂഅത്വി യ്യബ്നു സൈദ്‌. -- ഖുബാ പള്ളിയുടെ പ്രാന്ത പ്രദേശത്ത് "ശാസ് ഉത്വ്മി"ന്‍റെ സമീപത്ത്.
  12. ബനൂസഅദ്ബ്നു മുര്‍റത്ത് ബ്നു മാലിക്ബ്നുല്‍ ഔസ് - "റാതിജ് ഉത്വ്മ്"ന്‍റെ സമീപം.
  13. ബനൂഖതിമ്ബ്നു ജശ്മ് ബ്നു മാലിക്ബ്നു ഔസ്- ഇന്ന് മദ്ശൂനിയ്യ എന്നറിയപ്പെടുന്ന മാജശൂനിയ്യയെന്ന സ്ഥലത്താണ്.
ഇപ്രകാരം 13 വംശങ്ങളായിട്ടാണ് ഔസ് ഗോത്രം താമസിച്ചിരുന്നത്.ഇസ്ലാമിന്‍റെ ആഗമനത്തിനു ശേഷം അവര്‍ അവരുടെ താവളങ്ങളില്‍ പള്ളികളുണ്ടാക്കി. ആ പള്ളികളുടെ നാമങ്ങളാണ് ചിലത് മുകളില്‍ വായിച്ചത്. 



ഖസ്റജ് ഗോത്രം

  1. ബനുല്‍ ഹാരിസ് ബ്നുല്‍ ഖസ്റജ് അക്ബര്‍ - ബത്ഹാന്‍ താഴ്‌വരയുടെ കിഴക്ക് അവര്‍ താമസിച്ചു. 
  2. ഹാരിസിന്‍റെ മക്കള്‍ ജശ്മ്, സൈദ്‌ - ഇവര്‍ "സിന്‍ഹ്" എന്ന സ്ഥലത്ത് വസിച്ചു. ഈ സ്ഥലം പില്‍കാലത്ത് അബൂബക്കര്‍(റ)ന്‍റെ അധീനത്തിലായി. അദ്ദേഹം കുടുംബ സമേതം അവിടെ ഇടക്ക് താമസിക്കാറുണ്ടായിരുന്നു.
  3. ബനൂ ഖത്ത്മ - ബത്വ്ഹാന്‍ താഴവരയുടെ പടിഞ്ഞാറ് വശം.
  4. ബനൂഖദാരത്ത് ബ്നു ഔഫ്‌ ബ്നുല്‍ ഹാരിസ് - ആ കാലത്ത് 'ഖാളം' എന്നറിയപ്പെടുന്ന അങ്ങാടിയുടെ വടക്ക് വശത്തുള്ള ജിറാര്‍ സഅദ് എന്ന സ്ഥലത്ത്. 'ബസ്സ' എന്നറിയപ്പെടുന്ന കിണറിന് സമീപവും ഇവര്‍ താമസിച്ചിട്ടുണ്ട്.
  5. ബനൂ സാലിം, ബനൂ ഗനീം - ഔഫുബ്നു അംറുബ്നു ഔഫിന്‍റെ സന്തതികള്‍. ബനൂ നജ്ജാര്‍ വംശത്തിന്‍റെ വാസ സ്ഥലത്തിന്‍റെയും ബനൂസാര്‍ദ വംശത്തിന്‍റെയും ഇടക്ക് മസ്ജിദുല്‍ ജുമുഅക്ക് സമീപത്തുള്ള ഹിര്‍ത്തുല്‍ ഗര്‍ബ്ബിയ്യയുടെ ഭാഗത്തായിരുന്നു ഇവരുടെ വാസ സ്ഥലം.
  6. ബനുല്‍ ഹുബ് ലാ മാലിക് ബ്നു സാലിമുബ്നു ഗനം - 'മുസ്രഹിം' ഉത്വ് മ്നു സമീപം മാലിക്ബ്നു സാലിമിന് വലിയ വയറുണ്ടായിരുന്നത് കൊണ്ടാണത്രെ ഹുബ് ലാ എന്ന പേര്‍ സിദ്ധിച്ചത്. ഗര്‍ഭിണി എന്നാണ് ഈ പദത്തിന്‍റെ അര്‍ത്ഥം.
  7. ബനൂ സലമത്തുബ്നു സഅദ്.
  8. ബനൂ സവാര്‍ ബ്നുഗനം, ബ്നു കഅബ് - ഈ രണ്ടു ഗോത്രവും മസ്ജിദുല്‍ ഖിബ്ലത്തൈനി മുതല്‍ ' ബനീ ഹറാം ഉത്വ് മ' വരെ നീണ്ടു കിടക്കുന്ന കല്‍പ്രദേശത്ത് വസിച്ചു.
  9. ബനൂ ഉബൈദ്ബ്നു അദിയ്യ് - സൈഹിന്‍റെ ഉത്തരഭാഗത്ത്
  10. ബനൂഹറാമ്ബ്നു കഅ്ബ് - സൈഹ് പ്രദേശത്ത്.
  11. ബനൂ നമഗിസ്സ: - "ഇബ്മുഹറാം" താഴ്വരയില്.‍ പില്‍കാലത്ത് ഉമര്‍(റ) ഇവരെ മസ്ജിദുല്‍ ഫത്ഹിന്‍റെ അടുത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
  12. ബനൂ മൂര്‍റിയ്യബ്നു കഅബ്ബനു സലമത്ത് - 'അല്‍ഹസാ അഥവാ അബയാറു അലി എന്ന സ്ഥലത്ത്. ഇവര്‍ വളരെ ശക്തരും ഐക്യത്തില്‍ കഴിയുന്നവരുമായിരുന്നു. നബി(സ)യുടെ അടുത്തേക്ക്‌ വന്ന് അവര്‍ പറഞ്ഞു: പ്രവാചകരേ, അങ്ങയുടെ അടുത്തേക്ക്‌ എത്താന്‍ ഞങ്ങള്‍ക്ക് വളരെ പ്രയാസം. ഞങ്ങള്‍ കുറച്ച് അടുത്തേക്ക്‌ മാറി താമസിക്കട്ടെയോ ? പ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ സില്‍ഹ് മലയുടെ താഴ്വരയിലേക്ക് മാറാമല്ലോ. അങ്ങിനെ അവിടേക്ക് മാറിപ്പാര്‍ത്തു. അവരുമായി സഖ്യത്തിലായിരുന്ന ബനൂ ഹറാം വംശക്കാരും ബനൂ സവാദ്, ബനൂ അബീദ് വംശവും അങ്ങോട്ട്‌ മാറിപ്പാര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങള്‍ അവിടെ തന്നെ ഉറച്ചു നില്‍ക്കുക. നിങ്ങള്‍ അവിടത്തെ തൂണുകളാണ്.
  13. ബനൂ ബയാള; സുറൈഖ് (ആമിറുബ്നു സുറൈഖിന്‍റെ സന്തതികള്‍)
  14. ബനൂ ഹബീബ്നു അബ്ദു ഹാരിസ: ബ്നു മാലിക്
  15. ബനൂ ആദാറ: (ബനൂ കത്ത്ബ്നുമാലിക്) - ബനൂ സലിമിന്‍റെ ഉത്തര ഭാഗത്ത് ബനൂ ബയാള എന്ന സ്ഥലത്ത് ഇവര്‍ വസിച്ചു.
  16. ബനൂ സുറൈഖ് - മസ്ജിദുല്‍ ഗമാമയുടെ ഭാഗത്ത് താമസിച്ചു.
  17. ബനൂ മാലിക്ബ്നു സൈദ് - റാനൂനാഅ് താഴ്വരയിലെ 'ദുരീശ്' ന്‍റെ അടുത്ത്
  18. ബനൂ അദാറ (ബനൂ മാലിക്കിന്‍റെ ഉപവംശം) - എണ്ണം കുറഞ്ഞ വംശം. ജാഹിലിയ്യത്തിലെ സാമ്പത്തിക പ്രശ്നത്തില്‍ പാറപ്രം പൊരുതി മുഴുവന്‍ മറിച്ചു വീണത്രെ. ബനൂബയാള തോട്ടത്തില്‍ കടന്ന് ഗെയ്റ്റ് അടച്ചാണത്രെ യുദ്ധം തുടങ്ങിയത്. അതിനാല്‍ മരണതോട്ടം എന്ന് അത് വിളിക്കപ്പെടുന്നു.
  19. ബനൂമാലിക്ക്
  20. ബനൂ സാഇദബ്നുകഅ്ബ്നുല്‍ അസ്റഖുല്‍ അക്ബര്‍ - നാലിടങ്ങളിലായി ഇവര്‍ അധിവസിച്ചു.
  21. ബനൂ അംറ് ബനൂസഅ് ലബബ്നുല്‍ ഖസ്റജ്ബ്നു സാള്ളദഃ - മദീനയിലെ അങ്ങാടിയുടെയും ബനൂഹംസയുടെയും ഇടക്കുള്ള ബനൂസാഇദയുടെ വാസസ്ഥലത്ത് ഇവര്‍ അധിവസിച്ചു. ഈ സ്ഥലത്താണ് ബനൂ സാദായുടെ പ്രസിദ്ധമായ ഹാള്‍. അവിടെ വച്ചാണ് അബൂബക്കര്‍ (റ) ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടത്.
  22. ബനൂ അബീഖുസൈമബ്നുഥഅ് ലത്തുബ്നു ത്വരീഫ്ബ്നു ഖസ്റജ്ബ്നുസാഇദ. - ജറാര്‍ സഅ്ദ് എന്ന സ്ഥലത്ത് ഇവര്‍ അധിവസിച്ചു. മസ്ജിദുന്നബവിയുടെ വിപുലീകരണത്തില്‍ ഈ സ്ഥലം ഉള്‍പ്പെട്ടു.
  23. സഅദ്ബ്നു ഉബാദത്ത് (റ)ന്‍റെ സംഘം മേല്‍പ്പറഞ്ഞ സ്ഥലത്ത് അധിവസിച്ചു.
  24. ബനൂല്‍ ഹീരിസ്ബ്നുല്‍ ഖസ്റജിന്‍റെ ഒരു വംശം - ജറാര്‍ സഅ്ദില്‍ തന്നെ.
  25. ഥഅ് ലബത്ത് ബ്നു ത്വരീഫ്ബ്നുല്‍ ഖസ്റജ്ബ്നു സാഇദയുടെ മക്കളായ ബനൂ ഇനാനും ബനൂ വഫ്ശും - ദുബാബ് മലയുടെ മുകളിലുള്ള 'റായത്ത്' മസ്ജിദിന്നടുത്ത് പാര്‍ത്തു.
  26. ബനൂ മാലിക് ബ്നു നജ്ജാര്‍ - മദീന മുനവ്വറയുടെ അന്തര്‍ഭാഗത്തുള്ള സ്ഥലത്ത്. ഇവിടെയാണ്‌ മുഹമ്മദ്‌ നബി(സ)യുടെ പിതാവ് അബ്ദുള്ള മറവ് ചെയ്യപ്പെട്ടിട്ടുള്ളത്. മസ്ജിദുന്നബവിയുടെ പടിഞ്ഞാറ് വംശംവിപുലപ്പെടുത്തിയപ്പോള്‍ ആ സ്ഥലവും പള്ളി കോമ്പൌണ്ടില്‍ അകപ്പെട്ടിരിക്കുന്നു.
  27. ബനൂ ഗനമ്ബ്നുമാലിക്ബ്നുനജ്ജാര്‍ - പ്രവാചകന്‍റെ പള്ളിയുടെ കിഴക്ക് വശത്ത് ഖുവൈറിഅ് ഖുവൈറിഅ് എന്നാണ് ഇവരുടെ ഉത്വ്മിന്‍റെ പേര്.
  28. ബനൂ മുഗാലഃ (ബനൂ അദിയ്യ്ബ്നു അംറുബ്നു മാലിക്ക്) ഇവരുടെ മാതാവായ മുഗാലഃ ആ പേരിലാണ് അറിയപ്പെട്ടത്. മസ്ജിദുന്നബവിയുടെ "ബാബുര്‍റഹ്മത്ത്"ന്‍റെ നേര്‍ക്ക്‌ പള്ളിയുടെ പടിഞ്ഞാറ് വശത്ത് താമസിച്ചു. 
  29. ബനൂ ഹുദൈല: (മുആവ്വിയ്യ ബ്നു അംറുബ്നു മാലിക്) - മസ്ജിദുന്നബവിയ്യുടെ വടക്കും കിഴക്കും ഭാഗങ്ങളിലായി ബഖീഇന്‍റെയും ബിഅ്റു ഹാഇന്‍റെയും അടുത്തായി താമസിച്ചു. മസ്ജിദുന്നബവിയുടെ വടക്ക് വശത്തെ വിപുലീകരണത്തില്‍ ബിഅ്റു ഹാഅ് ഉള്‍പ്പെട്ടുപോയി.
  30. ബനൂ മബ്ദുല്‍(ആമിറുബ്നുമാലിക് ബ്നുനജ്ജാര്‍) - ബഖീഉല്‍ ഗര്‍ഖദിലേക്കുള്ള മാര്‍ഗ്ഗത്തില്‍ ഹാര്‍ത്തുല്‍ അഗ്വസിനു സമീപം അധിവസിച്ചു. ഈ സ്ഥലം മസ്ജിദുന്നബവിയുടെ വിപുലീകരണത്തില്‍ പെട്ടുപോയി.
  31. ബനൂ അദയ്യ്ബ്നു നജ്ജാര്‍ - മസ്ജിദു നബവിയുടെ പടിഞ്ഞാറ് വശം. അനസ്ബ്നു മാലിക് (റ) ഈ വംശത്തിലാണ് പിറന്നത്. ഈ സ്ഥലവും മസ്ജിദുന്നബവിയുടെ വിപുലീകരണത്തില്‍ പെട്ടിട്ടുണ്ട്.
  32. ബനൂ മാസിനുബ്നുനജ്ജാര്‍ - ഇബ്നുന്നളീറുല്ലെസിയുടെ കൊട്ടക്കടുത്ത് 'വാസിത്വ് ഉത്വ്മി' ന്‍റെ ഭാഗത്ത് അധിവസിച്ചു.
  33. ബനൂ ദീനാറുബ്നജ്ജാര്‍ - വാദിബത്വ്ഹാനിന്‍റെ പടിഞ്ഞാറ് വശത്ത് അധിവസിച്ചു. ഇന്ന് മസ്ജിദുല്‍ മുഗൈസല എന്ന് പറയുന്നതായിരുന്നുഅവരുടെ പള്ളി.
  34. ബനൂ ശളിയ്യ -  'ഹര്‍റത്ത് മനീത്വാന്‍' ആയിരുന്നു ആദ്യവാസസ്ഥലം. പിന്നീട് അവിടുന്ന് മാറി ഹര്‍റത്തു ജദ്മാനിലും തുടര്‍ന്ന് ഹര്‍റത്തുറാതിജിലും അധിവസിച്ചു.
ഇപ്രകാരം ഖസ്റജ് ഗോത്രം വിവിധ വംശങ്ങളായി വികസിച്ച് വിവിധ സ്ഥലങ്ങളില്‍ അധിവസിച്ചു. നബി(സ)യുടെ മദീന ഹിജ്റയുടെ കാലഘട്ടത്തിലെ വംശപരമ്പരയാണ് ഇവിടെ ഉദ്ധരിച്ചത്. ഇമാം അഹ്മദും തുര്‍മുദിയും ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം കാണാം. " അന്‍സാറുകളുടെ ഭവനങ്ങളില്‍ ഉത്തമം ബനൂ നജ്ജാറിന്‍റെതാണ്. പിന്നീട് ബനൂ അബ്ദില്‍ അശ്ഹലിന്‍റെതും. പിന്നീട് ബനുല്‍ ഹാരിസ്ബ്നു ഖസ്റജിന്‍റെയും പിന്നീട് ബനൂ സാഇദയുടെയും. എല്ലാ അന്‍സാരി ഭവനങ്ങളിലും നന്മയുണ്ട്"