ഹദീഖതുൽ ബൈഅ

മസ്ജിദുന്നബവിയുടെ മുറ്റം കഴിഞ്ഞ് പുറത്ത് പടിഞ്ഞാറു വശത്ത് പൂക്കളും മരങ്ങളും നിറഞ്ഞു നിൽക്കുന്ന തോട്ടമാണ് ഹദീഖതുൽ ബൈഅ. സത്യപ്രതിജ്ഞ നടന്ന തോട്ടം എന്നാണിതിന്റെ അർഥം. ഹദീഖതു സഖീഫതു ബനീ സാഇദ എന്ന പേരിലും ഇതറിയപ്പെടുന്നു. നബി(സ) മരണപ്പെട്ടപ്പോൾ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഒന്നാമത്തെ അധിപതിയായി അബൂബക്കർ സിദ്ദീഖി(റ)നെ തെരഞ്ഞെടുക്കാൻ അൻസ്വാറുകളും മുഹാജിറുകളും ഒത്തുചേർന്ന തോട്ടമാണിത്. അദ്ദേഹത്തെ തെരഞ്ഞെടുത്ത് ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്ത് രണ്ട് നാളുകൾക്കു ശേഷമാണ് നബി(സ)യുടെ മയ്യിത്ത് അനുചരന്മാർ ഖബറടക്കിയത്. ഇസ്ലാമിനു ഏക നേതൃത്വമുണ്ടാകേണ്ടതിന്റെ പ്രാധാന്യം സന്ദർശകർക്ക് പകർന്നു നൽകുന്നതിന് വേണ്ടി ഈ സ്ഥലം ഇപ്പോഴും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെ അതേപടി നിലനിർത്തിയിരിക്കുകയാണ്.



മലിക് അബ്ദുൽ അസീസ് ഗ്രന്ഥാലയത്തിനു സമീപമാണ് ഈ തോട്ടം. അടുത്ത കാലത്ത് ഈ ഭാഗത്ത് ഈത്തപ്പനത്തടികളിൽ റാന്തൽവിളക്ക് സ്ഥാപിച്ചുകൊണ്ട് തീർത്ത മതിലിൽ സൂഖു മദീനതിൽ ഖദീം (മദീനയിലെ പുരാതന കച്ചവട കേന്ദ്രം) എന്ന് രേഖപ്പെടുത്തിയത് കാണാം. പ്രവാചകന്റെ കാലത്ത് ഇവിടെയായിരുന്നു കച്ചവട കേന്ദ്രം. വഞ്ചനയും ചതിയുമില്ലാത്ത ഇസ്ലാമിക കമ്പോള സംസ്കാരം വളർന്നു പന്തലിച്ച സ്ഥലം. നേരത്തെ ജൂത കച്ചവട കേന്ദ്രമായിരുന്നു ഇത്