പ്രവാചകന്‍റെ ഹിജ്റ

മക്കയില്‍ മുസ്ലീംകള്‍ക്ക് നേരെ ശത്രുക്കളുടെ മര്‍ദ്ദനം അതിന്‍റെ പാരതമ്യതയില്‍ എത്തി. ചില പ്രമുഖര്‍ ഇസ്ലാമിലേക്ക് വന്നിട്ടുണ്ടെങ്കിലും അവരേല്‍ക്കുന്ന പീഡനങ്ങള്‍ക്ക് തുല്യതയില്ല. മക്ക ഇനി ഇസ്ലാമിന് സുരക്ഷാഗേഹമല്ലെന്ന്‍ ഉറപ്പായി. ഇസ്ലാമിന്‍റെ പ്രചാരണത്തിനും വിശ്വാസികളുടെ സുരക്ഷക്കും മറ്റൊരിടം അനിവാര്യമായി.

ഒരു ദിവസം നബി(സ) സഹാബികലോട് പറഞ്ഞു. നിങ്ങള്‍ക്ക് ഹിജ്റ പോകാനുള്ള തലം എനിക്ക് കാണിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി) മക്കയിലെ ജീവിതം ദുഷ്കരമായ സ്ഥിതിയിലായി. അഖബാ ഉടമ്പടി പ്രകാരം മുസ്ലിംകള്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്റ പോയി തുടങ്ങി. ആരുമറിയാതെ ജനിച്ചു വളര്‍ന്ന നാടും പ്രിയപ്പെട്ട ഭവനങ്ങളും വിശ്വാസ സംരക്ഷണത്തിനായി ഉപേക്ഷിച്ചു. ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യങ്ങളെയും ബന്ധുമിത്രാദികളെയും അവര്‍ മക്കയില്‍ വിട്ടേച്ചു. 

അബൂസലമത്ത് ആണ് ആദ്യമായി മദീനയിലേക്ക് ഹിജ്റ പോയത്. അദ്ദേഹത്തെത്തുടര്‍ന്ന് ഒട്ടേറെ പേര്‍ മദീനയിലേക്ക് യാത്രയായി. വളരെ ദുര്‍ബലരും ശത്രുക്കളുടെ അധീനത്തിലായിരുന്ന ഏതാനും അടിമകളും മാത്രം മക്കയില്‍ ബാക്കിയായി. നബി(സ)യും അബൂബക്കറും അലിയും ഇപ്പോഴും മക്കയില്‍ തന്നെ. മദീനയിലേക്ക് പാലായനം ചെയ്യാന്‍ അബൂബക്കര്‍(റ) തിരക്ക് കൂട്ടിയെങ്കിലും തന്‍റെ യാത്രയില്‍ അനുഗമിക്കാന്‍ വേണ്ടി, അദ്ദേഹത്തെ തനിച്ച് പോകാന്‍ പ്രവാചകന്‍ അനുവദിച്ചില്ല.

സത്യവിശ്വാസികളുടെ ഈ പാലായനം മക്കക്കാരെ അസ്വസ്ഥരാക്കി.വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ച് അവരുമായി സായുധ സംഘട്ടനത്തിന് വന്നേക്കുമോയെന്ന്‍ അവര്‍ ഭയപ്പെട്ടു.അതിനാല്‍ മുഹമ്മദ്‌ നബി(സ)യെ കൊന്നുകളയുകയാണ് അവരുടെ ബഹുദൈവാരാധനാമതത്തെ സംരക്ഷിക്കുവാന്‍ നല്ല വഴിയെന്ന് അവര്‍ തീരുമാനിച്ചു. ഇവരുടെ കൂടിയാലോചനാ വേദിയായ ദാറുന്നദ് വയില്‍ അവര്‍ യോഗം ചേര്‍ന്നു. എല്ലാ ഗോത്രങ്ങളിലെയും യുവാക്കള്‍ മുഹമ്മദിന്‍റെ വീട് വളയുകയും പുറത്തേക്ക് വരുമ്പോള്‍ എല്ലാവരും ഒന്നിച്ച് ഒറ്റവെട്ടിന് കൊലപ്പെടുത്തുകയും ചെയ്യണമെന്നും അവിടെ വെച്ചവര്‍ തീരുമാനിച്ചു. ശത്രുക്കളുടെ തീരുമാനം വഹ് യ് മുഖേന നബി(സ) അറിഞ്ഞു. മദീനയിലേക്ക് പുറപ്പെടാനുള്ള ഒരുക്കം ചെയ്യാന്‍ അബൂബക്കര്‍(റ)ന് നിര്‍ദ്ദേശം നല്‍കി. അവരുടെ പുത്രി അസ്മാ(റ) അറയില്‍ കെട്ടിയ നാട രണ്ടായി പിളര്‍ത്തി ഭക്ഷണ സഞ്ചി കെട്ടി. അതിനാല്‍ ദാത്തുന്നിതാഖൈനി എന്ന പേരിന്നര്‍ഹയായി അവര്‍ നബി(സ)യുടെ പക്കല്‍ അമാനത്ത് സ്വത്ത് കുറേയുണ്ടായിരുന്ന  അലി(റ)നെ വിളിച്ച് അതെല്ലാം ബന്ധപ്പെട്ടവര്‍ക്ക് കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. അന്ന് രാത്രി അലി(റ)നോട്‌ പ്രവാചകന്‍റെ വിരിപ്പില്‍ കിടക്കാന്‍ പറഞ്ഞു. ശത്രുക്കള്‍ മുന്‍തീരുമാന പ്രകാരം വീട് വളഞ്ഞു. അര്‍ദ്ധരാത്രിയിലായപ്പോള്‍ പ്രവാചകന്‍ പ്രിയപ്പെട്ട തന്‍റെ ഭവനത്തില്‍ നിന്ന് ചരിത്രഗതി തിരിച്ചു വിട്ട ആ സുപ്രധാന യാത്ര പുറപ്പെട്ടു. ഒരു പിടി മണ്ണ് വാരി എറിഞ്ഞപ്പോള്‍ അവിടെ കൂടിയിരുന്നവരുടെ  ദ്രിഷ്ടിയില്‍ പെടാതെ പുറത്തിറങ്ങാന്‍ പ്രവാചകന് സാധ്യമായി. നേരെ പോയത് അബൂബക്കര്‍ സിദ്ദിഖ്(റ)ന്‍റെ ഭാവനത്തിലേക്കാണ്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞിരുന്നു. ആ മിത്രങ്ങള്‍ അവിടെ നിന്ന് മദീനയിലേക്ക് യാത്രയായി. ശത്രുക്കളുടെ അന്യേഷണമുണ്ടായാല്‍ പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാന്‍ മൂന്ന് ദിവസം മക്കയുടെ കീഴ്ഭാഗത്തുള്ള സൗര്‍ മലയിലെ ഒരു ഗുഹക്കകത്ത് ഒളിച്ചിരുന്നു. അവിടേക്ക് നാട്ടിലെ വര്‍ത്തമാനം എത്തിക്കുവാന്‍ പുത്രന്‍ അബ്ദുള്ളയേയും പാല്‍ എത്തിക്കുവാന്‍ അടിമയായ ആമിറുബ്നു ഫുഹൈറയേയും ആദ്യമേ ചുമതലപ്പെടുത്തിയിരുന്നു. 


സൌര്‍ ഗുഹ- പുറമേ നിന്നുള്ള ദൃശ്യം

നേരം പുലര്‍ന്നിട്ടും മുഹമ്മദ്‌ പുറത്ത് വരാതിരിക്കുന്നത് കണ്ടപ്പോഴാണ് തങ്ങള്‍ക്ക് അമളി പറ്റിയെന്നു അവര്‍ മനസ്സിലാക്കുന്നത്. നാനാ വശത്തേക്ക് അന്വേഷകര്‍ ഊരിപ്പിടിച്ച വാളുമായി പാഞ്ഞു. മുഹമ്മദിനെ പിടിച്ചു കൊണ്ട് വരുന്നവര്‍ക്ക് നൂറ് ഒട്ടകം സമ്മാനം പ്രഖ്യാപിക്കപ്പെട്ടു. അന്വേഷകര്‍ പ്രവാചകനും അബൂബക്കറും ഒളിച്ചിരിക്കുന്ന ഗുഹാമുഖത്തെത്തി. അതിന്‍റെ മുഖത്ത് ചിലന്തി വല കെട്ടിയതായും അതിനകത്ത് നിന്നും മാടപ്രാവുകള്‍ പറന്നു പോയതായും അവര്‍ക്ക് തോന്നി. ശത്രുക്കള്‍ ഗുഹക്ക് മീതെ നടന്നപ്പോള്‍  താഴെ നിന്നപ്പോള്‍ അബൂബക്കര്‍ (റ) വളരെ ഭയന്ന് പോയി. നബി(സ) അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു "താങ്കള്‍ ദുഖിക്കേണ്ട. തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്." (വിശുദ്ധ ഖുര്‍ആന്‍ 9:40)




മൂന്നാം ദിവസം അവര്‍  അവിടെ നിന്ന് ഇറങ്ങി മദീനയിലേക്കുള്ള മാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചു തുടങ്ങി. രണ്ട് ഒട്ടകപ്പുറത്തായിരുന്നു അവരുടെ യാത്ര. പതിവില്ലാത്ത മാര്‍ഗ്ഗത്തിലൂടെ അവര്‍ യാത്ര തുടര്‍ന്നു. നൂറു ഒട്ടകം ലഭിക്കുമല്ലോ എന്ന കൊതി പൂണ്ട പലരും അന്വേഷണം നിര്‍ത്തിയിട്ടില്ലായിരുന്നു. സുരാഖത്ത്ബ്നു മാലിക്കും പ്രവാചകനെ തേടി പുറപ്പെട്ടവനാണ്. അകലെ നിഴല്‍ പോലെ രണ്ട് രൂപങ്ങള്‍ നീങ്ങുന്നത് അദേഹത്തിന്‍റെ കണ്ണില്‍ പെട്ടു. വേഗം അവരുടെ അടുത്തെത്തി. അതെ, മുഹമ്മദും അബൂബക്കറും തന്നെ. മുഹമ്മദ്‌ നബി(സ) ഖുര്‍ആന്‍ പാരായണം ചെയ്യുകയാണ്. അബൂബക്കര്‍(റ) ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ട്. സുറാഖത്ത് കയ്യെത്താവുന്ന അകലത്തിലായി. അതാ അദ്ദേഹത്തിന്‍റെ ഒട്ടകത്തിന്‍റെ കാല്‍ മണ്ണില്‍ താഴുന്നു. അദേഹം താഴെ വീഴുകയും ചെയ്ത്. പ്രവാചകന്‍ തിരഞ്ഞു നോക്കാതെ മുന്നോട്ട് തന്നെ. സുരാഖത്ത് ഒട്ടകത്തെ എഴുന്നേല്‍പ്പിച്ചു വീണ്ടും യാത്ര തുടര്‍ന്നു. പ്രവാചകന്‍റെ സമീപത്തെത്തിയപ്പോള്‍ വീണ്ടും വീഴുന്നു. വീണ്ടും അതാവര്‍ത്തിക്കുന്നു. പ്രവാചകനെ പിടിക്കാന്‍ സാധ്യമല്ലെന്നുറപ്പായപ്പോള്‍ സുറാഖത്ത് 'രക്ഷിക്കണേ' എന്ന്‍ പ്രവാചകനോട് വിളിച്ചു പറഞ്ഞു. നബി(സ) സുറാഖത്തിനോട്‌ പറഞ്ഞു. " സുരാഖത്തേ , ഏഎ മതം ജയിക്കുക തന്നെ ചെയ്യും. കിസ്രായുടെ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളില്‍ ഇതെത്തും. കിസ്രായുടെ സ്വര്‍ണ്ണവളകള്‍ താങ്കള്‍ അണിയുന്ന കാലം വരും" സുറാഖത്ത് തിരച്ചു പോയി. പ്രവാചകന്‍ യാത്ര തുടര്‍ന്നു.

മുഹമ്മദ്‌ നബി(സ) മക്കയില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത മദീന നിവാസികള്‍ അറിഞ്ഞു. പ്രവാചകനെ നേരില്‍ കാണുവാന്‍ അവര്‍ ആവേശം കൊണ്ടു. തങ്ങളുടെ പ്രിയ നേതാവിന്‍റെ ആഗമനത്തിന് അവിടെ ആദ്യമെത്തിയ മുഹാജിറുകളും അക്ഷമരായി കാത്തിരിക്കുകയായിരുന്നു. ദിവസവും പുലര്‍ കാലത്ത് അവിടെക്കുള്ള വഴിയിലേക്ക് കണ്ണുകള്‍ അയച്ച് അവര്‍ ആ പ്രിയ നേതാവിന്‍റെ വരവ് അന്യേഷിക്കും. സൂര്യന്‍ അംബരമദ്ധ്യത്തിലെത്തുമ്പോള്‍ അവര്‍ തിരിച്ചു പോകും. കുറച്ചു ദിവസങ്ങളായി ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങിനെ ഒരു ദിവസം അവരുടെ വീടുകളിലേക്ക്  അവര്‍ മടങ്ങിപ്പോയ അവസരത്തില്‍ ഒരു ജൂതന്‍ പുരപ്പുറത്ത് കയറിയപ്പോള്‍ അകലെ രണ്ട് പേര്‍ വരുന്നതായി കണ്ടു. അയാള്‍ ഉറക്കെ പറഞ്ഞു." അറബികളെ, ഇതാ നിങ്ങള്‍ കാത്തിരിക്കുന്നവര്‍.  എല്ലാവരും വീടുകളില്‍ നിന്ന് പാഞ്ഞടുത്തു. അപ്പോഴേക്കും പ്രവാചകന്‍ എത്തിക്കഴിഞ്ഞിരുന്നു. അത്യാഹ്ലാദപൂര്‍വ്വം അവര്‍ പ്രവാചകനെ സ്വീകരിച്ചു. നബി(സ) അവരുമൊത്ത് വലതുഭാഗത്തേക്ക് നീങ്ങി ബനൂ അംറുബ്നു ഔഫിന്‍റെ ഒരു ഭവനത്തിലേക്ക് പോയി. റബ്ബിഉല്‍ അവ്വല്‍ 12 ആയിരുന്നു അന്ന്.

ഏതാനും ദിവസം പ്രവാചകന്‍ അവിടെ താമസിച്ചു. മദീനയില്‍ നിന്ന് കുറച്ചകലെ സ്ഥിതി ചെയ്യുന്ന ഖുബാ പ്രദേശമാണത്. അവിടെ  കുല്‍സുമുബ്നു ഹദ്മിന്‍റെയോ സഅ്ദുബ്നു ഖൈസമിന്‍റെയോ വീട്ടിലാണ് താമസിച്ചത്. പ്രവാചകന്‍ ഒരു പള്ളി സ്ഥാപിച്ചു. അവിടെ ഭക്തിയില്‍ സ്ഥാപിതമായ പള്ളി എന്ന പേരിലാണ് അത് അറിയപ്പെടുന്നത്. 

മദീനയിലേക്ക് ഹിജ്റ വന്ന മുഹമ്മദ്‌ നബി(സ) ഖുബാ പള്ളി സ്ഥാപിച്ച് കുറച്ച് നാള്‍ അവിടെ തങ്ങിയ ശേഷം മദീനയുടെ മധ്യഭാഗത്തേക്ക് ഒരു വെള്ളിയാഴ്ചയാണ് യാത്ര തുടര്‍ന്നത്. ബനൂസാലിമ്ബ്നു ഔഫ്‌ ഗോത്രത്തിന്‍റെ വാസസ്ഥലത്തെത്തിയപ്പോള്‍ ജുമുഅ നമസ്കരിക്കാന്‍ സമയമായി.അവിടെയുള്ള വാദിസുല്‍ബ് എന്ന സ്ഥലത്ത് വെച്ച് നൂറോളം വരുന്ന അനുചരന്മാര്‍ക്കൊപ്പം നബി(സ) ജുമുഅ നിര്‍വഹിച്ചു.അവിടെ ഒരു കൊച്ചു പള്ളി അവര്‍ മുമ്പേ സ്ഥാപിച്ചിരുന്നു. ആ പള്ളി  പിന്നീട് മസ്ജിദുല്‍ ജുമുഅ എന്ന പേരില്‍ അറിയപ്പെട്ടു. (ഖുബാ മസ്ജിദിനും മസ്ജിദുന്നബവിക്കും ഇടയില്‍ റനൂന താഴ്വരയില്‍, ഖുബയില്‍നിന്ന് മദീനയിലേക്ക് വരുമ്പോള്‍ വലതുവശത്ത് കാണുന്ന ബനാത്ത് കോളേജിനടുത്ത് ശര്‍ബത്തലീ ഗാര്‍ഡനിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്.) നമസ്കാരാനന്തരം നബി(സ) വീണ്ടും യാത്ര തുടര്‍ന്നു. ആബാലവൃദ്ധം ജനങ്ങള്‍ പ്രവാചകനെ വരവേല്‍ക്കാന്‍ വഴിയോരങ്ങളില്‍ തിങ്ങിക്കൂടിയിരുന്നു. അവര്‍ സ്വാഗതഗാനങ്ങള്‍ ആലപിച്ചു കൊണ്ടിരുന്നു. ഓരോ ഗോത്രവും മാര്‍ഗ്ഗമദ്ധ്യേ അവരുടെ വാസസ്ഥലങ്ങളില്‍ ഇറങ്ങി താമസിക്കാന്‍ പ്രവാചകനെ ക്ഷണിച്ചു. ഉത്ബാനുബ്നു മാലിക്കും അബാസുബ്നു മാലിക്കും അവരുടെ വാസസ്ഥലത്തേക്ക് ക്ഷണിച്ചു. പ്രവാചകന്‍ പറഞ്ഞു. ഈ ഒട്ടകം എവിടെ മുട്ടുകുത്തണമെന്ന് കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അതിനെ വിട്ടേക്കൂ.. ബനൂ ബയാള് ഗോത്രത്തിലെത്തിയപ്പോള്‍ അവര്‍ പ്രവാചകനെ ക്ഷണിച്ചു. ബനൂ സാഇദാ ഗോത്രവും ബനൂല്‍ ഹാരിസ് ഗോത്രവും ബനൂ അദിയ്യ്ബ്നു നജ്ജാര്‍ ഗോത്രവും അവരുടെ ആഗ്രഹം പ്രകടിപ്പിച്ചു. എല്ലാവര്‍ക്കും പ്രവാചകന്‍ ഒരേ മറുപടി തന്നെ നല്‍കി. "ഒട്ടകത്തെ വിട്ടേക്കുക, അതിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്." ഒട്ടകം പതുക്കെ പതുക്കെ നടന്നു നീങ്ങി. ആഹ്ലാദപൂര്‍വ്വം ജനം പിറകെയും. അങ്ങിനെ ബനൂമാലിക്ക്ബ്നു നജ്ജാറിന്‍റെ വാസസ്ഥലത്ത് എത്തിയപ്പോള്‍ അവിടെ ഒരിടത്ത് ആ ഒട്ടകം കിടന്നു. നബി തിരുമേനി(സ) അവിടെ ഇറങ്ങി. പില്‍കാലത്ത് പ്രവാചകന്‍ നിര്‍മ്മിച്ച മസ്ജിദു നബവിയ്യുടെ കവാടത്തിലാണ് അന്ന് ആ ഒട്ടകം മുട്ടുകുത്തിയത്. അന്ന് ആ സ്ഥലം ഈത്തപ്പഴം ഉണക്കുന്ന കളമായിരുന്നു. ബനൂ മാലിക്ക്ബ്നു നജ്ജാര്‍ വംശത്തിലെ മുആദുബ്നു അഫ്രാഇന്‍റെ സംരക്ഷണത്തിലുള്ള സഹ്ല്‍, സുഹൈല്‍ എന്നീ രണ്ട് അനാഥകളുടെതായിരുന്നു ആ സ്ഥലം. 

മദീന ഇപ്രകാരം പ്രവാചകന് ആതിഥ്യമേകി. ആദ്യകാല പ്രവാചകന്മാര്‍ പ്രവചിക്കുകയും അവരുടെ അനുയായികള്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പ്രവാചകന്‍ ആ ദാറുല്‍ ഹിജ്റയിലെത്തി. അവിടെ അബൂ അയ്യൂബില്‍ അന്‍സാരിയുടെ ഭാവനത്തിലാണ് ആദ്യദിവസങ്ങളില്‍ താമസിച്ചത്. അവിടെ താമസിച്ചുകൊണ്ട് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് അവിടുന്ന് കരുക്കള്‍ നീക്കി.


നിത്യവും പ്രവാചകനെ സന്ദര്‍ശിക്കാന്‍ മദീന നിവാസികള്‍ വന്നു കൊണ്ടിരുന്നു. അവരില്‍ പലരും അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടേയുള്ളൂ. കണ്ടിട്ടുണ്ടായിരുന്നില്ല.

അബൂബക്കര്‍(റ), ബനൂല്‍ഹാരിസിബ്നില്‍ ഖസ്റജ് വംശത്തിലെ ഖുബൈബ്ബ്നു ഇസാഫിന്‍റെ കൂടെ സിന്‍ഹ്പ്രദേശത്താണ് താമസിച്ചു തുടങ്ങിയത്. ഖാരിജത്ത്ബ്നു സുഹൈറിന്‍റെ കൂടെയായിരുന്നു എന്നും അഭിപ്രായമുണ്ട്.

ഇസ്ലാമിക്‌ ചരിത്രത്തിലെ സുപ്രധാനമായൊരു സംഭവമാണ് പ്രവാചകന്‍റെ ഈ ഹിജ്റ. പില്‍ക്കാലത്ത് ഉമര്‍ (റ) ന്‍റെ ഭരണകാലത്ത് ഹിജ്റ ആസ്പദമാക്കി കാലനിര്‍ണ്ണയം ചെയ്യുന്ന രീതി നടപ്പിലായി. മദീനയുടെ മുഖച്ഛായ മാറ്റാന്‍ പ്രവാചകന്‍റെ ഇവിടേക്കുള്ള താമസമാറ്റം ഇടവരുത്തി.

ഈ ഹിജ്റയോടെ പ്രവാചകന്‍റെ പ്രാര്‍ത്ഥന സഫലമായി. എന്‍റെ രക്ഷിതാവേ, സത്യത്തിന്‍റെ പ്രവേശനമാര്‍ഗത്തിലൂടെ നീ എന്നെപ്രവേശിപ്പിക്കുകയും സത്യത്തിന്‍റെ ബഹിര്‍ഗമനമാര്‍ഗത്തിലൂടെ നീ എന്നെ പുറപ്പെടുവിപ്പിക്കുകയും ചെയ്യേണമേ,നിന്‍റെ പക്കല്‍ നിന്ന് സഹായകമായ ഒരു ആധികാരിക ശക്തി നീ ഏര്‍പ്പെടുട്ടിത്തരികയും ചെയ്യേണമേ(17:80)

ഔസ്-ഖസ്റജ് ഗോത്രങ്ങളുടെ അധിവാസ സ്ഥലങ്ങള്‍


മഅ്റബ് അണക്കെട്ടിന്‍റെ തകര്‍ച്ചക്ക് ശേഷം ആ പ്രദേശത്ത് നിവസിച്ച ചില ഗോത്രങ്ങള്‍ വിവിധ പ്രദേശങ്ങളിലേക്ക് മാറിത്താമസിച്ചുവെന്ന് പറഞ്ഞുവല്ലോ. മഅ്റബ് പ്രദേശക്കാരല്ലാത്ത യമന്‍കാര്‍ അവരുടെ നാട്ടില്‍ തന്നെ പാര്‍ത്തു. അവര്‍ മുദഹജ്ജ്, കിന്‍ദ, അന്‍മാര്‍, അശ്അരികള്‍ എന്നിവരാണ്. അങ്ങിനെ ആ പ്രദേശക്കാര്‍ ചിന്നഭിന്നമായി. ആ ദുരവസ്ഥ ഖുര്‍ആന്‍ ഇപ്രകാരം വിശദമാക്കുന്നു. 

'അങ്ങനെ അവര്‍ അവര്‍ക്ക് തന്നെ ദ്രോഹം വരുത്തിവെച്ചു. അപ്പോള്‍ നാം അവരെ കഥാവശേഷരാക്കിക്കളഞ്ഞു. അവരെ നാം സര്‍വത്ര ഛിന്നഭിന്നമാക്കി.'

മദീനയില്‍ എത്തിച്ചേര്‍ന്ന ഔസ്, ഖസ്റജ് ഗോത്രങ്ങള്‍ വളരെ സൗഹൃദത്തിലും സഹകരണത്തിലും കുറെ വര്‍ഷങ്ങള്‍ കഴിച്ചു കൂട്ടി.പിന്നീട് അവരുടെ ഐക്യം തകര്‍ന്നു പോയി. നിരന്തരമായ ഏറ്റുമുട്ടലുകള്‍ അവര്‍ക്കിടയിലുണ്ടായി. ആ രണ്ടു സഹോദര സമുദായങ്ങള്‍ വര്‍ണ്ണനാതീതമായ സ്പര്‍ദ്ദയിലും തര്‍ക്കത്തിലും പിണക്കത്തിലുമായി. നൂറ്റി ഇരുപത് വര്‍ഷം ദീര്‍ഘിച്ച യുദ്ധം അവര്‍ തമ്മിലുണ്ടായിട്ടുണ്ട്. സമീര്‍, കഅ്ബ്നു അംറ്, യൗമുസ്സുറാറ, യൗമുദ്ദീക്ക്, യൗമു ഫാരിഅ, യൗമുര്‍റബീഅ്, ഹുളൈദുബ്നു അസ് ലത്ത്, ഹാത്വീബ് ബ്നു വൈസ് എന്നീ പേരുകളിലാണ് അവര്‍ തമ്മിലുണ്ടായ യുദ്ധം അറിയപ്പെടുന്നത്.

പ്രവാചകന്‍റെ ഹിജ്റയുടെ അഞ്ചു വര്‍ഷം മുന്‍പുണ്ടായ യൗമുബുആസ് യുദ്ധംഅവര്‍ തമ്മിലുള്ള ഈര്‍ഷ്യക്ക് ആക്കം കൂട്ടുന്നതായിരുന്നു. ഇസ്ലാം സ്വീകരിച്ചതോടെ നൂറ്റാണ്ടുകളായി അവര്‍ക്കിടയില്‍ നില നിന്ന് പോന്ന എല്ലാ കുടിപ്പകകളും അവസാനിക്കുകയും ഏകമനസ്സോടെ പ്രവാചകന്‍റെ പിന്നില്‍ അവര്‍ അണി നിരക്കുകയും ഇസ്ലാമിന്‍റെ പ്രചരണത്തില്‍ നിസ്തുലമായ പങ്ക് വഹിക്കുകയും ചെയ്തു. അവരുടെ ഈ മാറ്റം ഖുര്‍ആന്‍ വിലയിരുത്തുന്നു.

'നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്‌. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്‍റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി.' (3:103)

ഔസ് ഖസ്റജ് ഗോത്രത്തില്‍ നിരവധി വംശങ്ങള്‍ ഉണ്ടായിരുന്നു. മദീനയില്‍ അവര്‍ അധിവസിച്ച സ്ഥലങ്ങള്‍ ഇപ്രകാരമാണ്.

ഔസ് ഗോത്രം
  1. ബനൂഅബ്ദില്‍ അശ്ഹല്‍ ബ്നു ജശ്മ്.
  2. ബനൂ ഹാരിസത്തു ബ്നുല്‍ ഖസ്റജ്- മസ്ജിദുല്‍ അരീളിന്‍റെ സമീപത്തുള്ള ഹര്‍റത്തുശ്ശര്‍ഖിയ്യ  എന്ന സ്ഥലത്ത് വസിച്ചു.
  3. ബനൂളുഫ്റു വംശം (കഅബ് ബുനുല്‍ ഖസ്റജ്ല്‍ അസ്ഹര്‍ )
  4. ബനൂ ഖൈസ ഊറുബ്നു ജശ്മ്- മസ്ജിദുല്‍ ബഗ്ലക്ക് സമീപം...ബഖീഇന്‍റെ കിഴക്ക് വശത്ത്.
  5. ബനൂ അംദുബ്നു ഔഫ്‌ബ്നു മാലിക്കുല്‍ ഔസി- ഖുബാഇലാണ് ഇവര്‍ വസിച്ചിരുന്നത്.
  6. ഇബ്നു ജുഹുജബാ- അസ്വബാ പ്രദേശത്ത് ജനിച്ചു. ഖുബാഇന്‍റെ പടിഞ്ഞാറ് വശത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം വിശാലമായ തോട്ടമാണ്. ഇന്ന് ഖവീം എന്ന് പറയുന്നതാണിത്.
  7. ബനൂ മുആവിയത്തുബ്നു മാലിക്ക്- മസ്ജിദുല്‍ ഇജാബത്തിന്‍റെ സമീപം ബക്കീളനോട്‌ ചേര്‍ന്ന സ്ഥലമാണ് വാസസ്ഥലം.
  8. ബനൂ സുമൈഅ: (ബനൂലവാസിന്‍ബ്നുഅംറുബ്നുഔഫ്)- റുബിഇയ്യ് എന്ന തോട്ടത്തിലാണ് ഇവര്‍ വസിച്ചത്. ഇന്ന് ഈ സ്ഥലം ആലുഖാശ് ഖജിയുടെ ഉടമസ്ഥതയിലാണ്.
  9. ഇംറുല്‍ ഖൈസ്ബ്നു മാലിക്ബ്നു ഔസിന്‍റെ രണ്ടു മക്കള്‍ വാഖിഫും സില്‍മും- ആയിരം ഭടന്മാര്‍ ഇവര്‍ക്കുണ്ടായിരുന്നുവത്രെ. മസ്ജിദുല്‍ ഹളീഖ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വസിച്ചു. 
  10. ബനൂ ഉബയ്യുബ്നു സെയ്ത് ഇഹ്ന എന്ന പേരിലറിയപ്പെടുന്ന തോട്ടത്തില്‍. ആ സ്ഥലം ഇന്നും അതെ പേരില്‍ അറിയപ്പെടുന്നു. 
  11. ബനൂഅത്വി യ്യബ്നു സൈദ്‌. -- ഖുബാ പള്ളിയുടെ പ്രാന്ത പ്രദേശത്ത് "ശാസ് ഉത്വ്മി"ന്‍റെ സമീപത്ത്.
  12. ബനൂസഅദ്ബ്നു മുര്‍റത്ത് ബ്നു മാലിക്ബ്നുല്‍ ഔസ് - "റാതിജ് ഉത്വ്മ്"ന്‍റെ സമീപം.
  13. ബനൂഖതിമ്ബ്നു ജശ്മ് ബ്നു മാലിക്ബ്നു ഔസ്- ഇന്ന് മദ്ശൂനിയ്യ എന്നറിയപ്പെടുന്ന മാജശൂനിയ്യയെന്ന സ്ഥലത്താണ്.
ഇപ്രകാരം 13 വംശങ്ങളായിട്ടാണ് ഔസ് ഗോത്രം താമസിച്ചിരുന്നത്.ഇസ്ലാമിന്‍റെ ആഗമനത്തിനു ശേഷം അവര്‍ അവരുടെ താവളങ്ങളില്‍ പള്ളികളുണ്ടാക്കി. ആ പള്ളികളുടെ നാമങ്ങളാണ് ചിലത് മുകളില്‍ വായിച്ചത്. 



ഖസ്റജ് ഗോത്രം

  1. ബനുല്‍ ഹാരിസ് ബ്നുല്‍ ഖസ്റജ് അക്ബര്‍ - ബത്ഹാന്‍ താഴ്‌വരയുടെ കിഴക്ക് അവര്‍ താമസിച്ചു. 
  2. ഹാരിസിന്‍റെ മക്കള്‍ ജശ്മ്, സൈദ്‌ - ഇവര്‍ "സിന്‍ഹ്" എന്ന സ്ഥലത്ത് വസിച്ചു. ഈ സ്ഥലം പില്‍കാലത്ത് അബൂബക്കര്‍(റ)ന്‍റെ അധീനത്തിലായി. അദ്ദേഹം കുടുംബ സമേതം അവിടെ ഇടക്ക് താമസിക്കാറുണ്ടായിരുന്നു.
  3. ബനൂ ഖത്ത്മ - ബത്വ്ഹാന്‍ താഴവരയുടെ പടിഞ്ഞാറ് വശം.
  4. ബനൂഖദാരത്ത് ബ്നു ഔഫ്‌ ബ്നുല്‍ ഹാരിസ് - ആ കാലത്ത് 'ഖാളം' എന്നറിയപ്പെടുന്ന അങ്ങാടിയുടെ വടക്ക് വശത്തുള്ള ജിറാര്‍ സഅദ് എന്ന സ്ഥലത്ത്. 'ബസ്സ' എന്നറിയപ്പെടുന്ന കിണറിന് സമീപവും ഇവര്‍ താമസിച്ചിട്ടുണ്ട്.
  5. ബനൂ സാലിം, ബനൂ ഗനീം - ഔഫുബ്നു അംറുബ്നു ഔഫിന്‍റെ സന്തതികള്‍. ബനൂ നജ്ജാര്‍ വംശത്തിന്‍റെ വാസ സ്ഥലത്തിന്‍റെയും ബനൂസാര്‍ദ വംശത്തിന്‍റെയും ഇടക്ക് മസ്ജിദുല്‍ ജുമുഅക്ക് സമീപത്തുള്ള ഹിര്‍ത്തുല്‍ ഗര്‍ബ്ബിയ്യയുടെ ഭാഗത്തായിരുന്നു ഇവരുടെ വാസ സ്ഥലം.
  6. ബനുല്‍ ഹുബ് ലാ മാലിക് ബ്നു സാലിമുബ്നു ഗനം - 'മുസ്രഹിം' ഉത്വ് മ്നു സമീപം മാലിക്ബ്നു സാലിമിന് വലിയ വയറുണ്ടായിരുന്നത് കൊണ്ടാണത്രെ ഹുബ് ലാ എന്ന പേര്‍ സിദ്ധിച്ചത്. ഗര്‍ഭിണി എന്നാണ് ഈ പദത്തിന്‍റെ അര്‍ത്ഥം.
  7. ബനൂ സലമത്തുബ്നു സഅദ്.
  8. ബനൂ സവാര്‍ ബ്നുഗനം, ബ്നു കഅബ് - ഈ രണ്ടു ഗോത്രവും മസ്ജിദുല്‍ ഖിബ്ലത്തൈനി മുതല്‍ ' ബനീ ഹറാം ഉത്വ് മ' വരെ നീണ്ടു കിടക്കുന്ന കല്‍പ്രദേശത്ത് വസിച്ചു.
  9. ബനൂ ഉബൈദ്ബ്നു അദിയ്യ് - സൈഹിന്‍റെ ഉത്തരഭാഗത്ത്
  10. ബനൂഹറാമ്ബ്നു കഅ്ബ് - സൈഹ് പ്രദേശത്ത്.
  11. ബനൂ നമഗിസ്സ: - "ഇബ്മുഹറാം" താഴ്വരയില്.‍ പില്‍കാലത്ത് ഉമര്‍(റ) ഇവരെ മസ്ജിദുല്‍ ഫത്ഹിന്‍റെ അടുത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
  12. ബനൂ മൂര്‍റിയ്യബ്നു കഅബ്ബനു സലമത്ത് - 'അല്‍ഹസാ അഥവാ അബയാറു അലി എന്ന സ്ഥലത്ത്. ഇവര്‍ വളരെ ശക്തരും ഐക്യത്തില്‍ കഴിയുന്നവരുമായിരുന്നു. നബി(സ)യുടെ അടുത്തേക്ക്‌ വന്ന് അവര്‍ പറഞ്ഞു: പ്രവാചകരേ, അങ്ങയുടെ അടുത്തേക്ക്‌ എത്താന്‍ ഞങ്ങള്‍ക്ക് വളരെ പ്രയാസം. ഞങ്ങള്‍ കുറച്ച് അടുത്തേക്ക്‌ മാറി താമസിക്കട്ടെയോ ? പ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ സില്‍ഹ് മലയുടെ താഴ്വരയിലേക്ക് മാറാമല്ലോ. അങ്ങിനെ അവിടേക്ക് മാറിപ്പാര്‍ത്തു. അവരുമായി സഖ്യത്തിലായിരുന്ന ബനൂ ഹറാം വംശക്കാരും ബനൂ സവാദ്, ബനൂ അബീദ് വംശവും അങ്ങോട്ട്‌ മാറിപ്പാര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ നബി(സ) പറഞ്ഞു: നിങ്ങള്‍ അവിടെ തന്നെ ഉറച്ചു നില്‍ക്കുക. നിങ്ങള്‍ അവിടത്തെ തൂണുകളാണ്.
  13. ബനൂ ബയാള; സുറൈഖ് (ആമിറുബ്നു സുറൈഖിന്‍റെ സന്തതികള്‍)
  14. ബനൂ ഹബീബ്നു അബ്ദു ഹാരിസ: ബ്നു മാലിക്
  15. ബനൂ ആദാറ: (ബനൂ കത്ത്ബ്നുമാലിക്) - ബനൂ സലിമിന്‍റെ ഉത്തര ഭാഗത്ത് ബനൂ ബയാള എന്ന സ്ഥലത്ത് ഇവര്‍ വസിച്ചു.
  16. ബനൂ സുറൈഖ് - മസ്ജിദുല്‍ ഗമാമയുടെ ഭാഗത്ത് താമസിച്ചു.
  17. ബനൂ മാലിക്ബ്നു സൈദ് - റാനൂനാഅ് താഴ്വരയിലെ 'ദുരീശ്' ന്‍റെ അടുത്ത്
  18. ബനൂ അദാറ (ബനൂ മാലിക്കിന്‍റെ ഉപവംശം) - എണ്ണം കുറഞ്ഞ വംശം. ജാഹിലിയ്യത്തിലെ സാമ്പത്തിക പ്രശ്നത്തില്‍ പാറപ്രം പൊരുതി മുഴുവന്‍ മറിച്ചു വീണത്രെ. ബനൂബയാള തോട്ടത്തില്‍ കടന്ന് ഗെയ്റ്റ് അടച്ചാണത്രെ യുദ്ധം തുടങ്ങിയത്. അതിനാല്‍ മരണതോട്ടം എന്ന് അത് വിളിക്കപ്പെടുന്നു.
  19. ബനൂമാലിക്ക്
  20. ബനൂ സാഇദബ്നുകഅ്ബ്നുല്‍ അസ്റഖുല്‍ അക്ബര്‍ - നാലിടങ്ങളിലായി ഇവര്‍ അധിവസിച്ചു.
  21. ബനൂ അംറ് ബനൂസഅ് ലബബ്നുല്‍ ഖസ്റജ്ബ്നു സാള്ളദഃ - മദീനയിലെ അങ്ങാടിയുടെയും ബനൂഹംസയുടെയും ഇടക്കുള്ള ബനൂസാഇദയുടെ വാസസ്ഥലത്ത് ഇവര്‍ അധിവസിച്ചു. ഈ സ്ഥലത്താണ് ബനൂ സാദായുടെ പ്രസിദ്ധമായ ഹാള്‍. അവിടെ വച്ചാണ് അബൂബക്കര്‍ (റ) ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടത്.
  22. ബനൂ അബീഖുസൈമബ്നുഥഅ് ലത്തുബ്നു ത്വരീഫ്ബ്നു ഖസ്റജ്ബ്നുസാഇദ. - ജറാര്‍ സഅ്ദ് എന്ന സ്ഥലത്ത് ഇവര്‍ അധിവസിച്ചു. മസ്ജിദുന്നബവിയുടെ വിപുലീകരണത്തില്‍ ഈ സ്ഥലം ഉള്‍പ്പെട്ടു.
  23. സഅദ്ബ്നു ഉബാദത്ത് (റ)ന്‍റെ സംഘം മേല്‍പ്പറഞ്ഞ സ്ഥലത്ത് അധിവസിച്ചു.
  24. ബനൂല്‍ ഹീരിസ്ബ്നുല്‍ ഖസ്റജിന്‍റെ ഒരു വംശം - ജറാര്‍ സഅ്ദില്‍ തന്നെ.
  25. ഥഅ് ലബത്ത് ബ്നു ത്വരീഫ്ബ്നുല്‍ ഖസ്റജ്ബ്നു സാഇദയുടെ മക്കളായ ബനൂ ഇനാനും ബനൂ വഫ്ശും - ദുബാബ് മലയുടെ മുകളിലുള്ള 'റായത്ത്' മസ്ജിദിന്നടുത്ത് പാര്‍ത്തു.
  26. ബനൂ മാലിക് ബ്നു നജ്ജാര്‍ - മദീന മുനവ്വറയുടെ അന്തര്‍ഭാഗത്തുള്ള സ്ഥലത്ത്. ഇവിടെയാണ്‌ മുഹമ്മദ്‌ നബി(സ)യുടെ പിതാവ് അബ്ദുള്ള മറവ് ചെയ്യപ്പെട്ടിട്ടുള്ളത്. മസ്ജിദുന്നബവിയുടെ പടിഞ്ഞാറ് വംശംവിപുലപ്പെടുത്തിയപ്പോള്‍ ആ സ്ഥലവും പള്ളി കോമ്പൌണ്ടില്‍ അകപ്പെട്ടിരിക്കുന്നു.
  27. ബനൂ ഗനമ്ബ്നുമാലിക്ബ്നുനജ്ജാര്‍ - പ്രവാചകന്‍റെ പള്ളിയുടെ കിഴക്ക് വശത്ത് ഖുവൈറിഅ് ഖുവൈറിഅ് എന്നാണ് ഇവരുടെ ഉത്വ്മിന്‍റെ പേര്.
  28. ബനൂ മുഗാലഃ (ബനൂ അദിയ്യ്ബ്നു അംറുബ്നു മാലിക്ക്) ഇവരുടെ മാതാവായ മുഗാലഃ ആ പേരിലാണ് അറിയപ്പെട്ടത്. മസ്ജിദുന്നബവിയുടെ "ബാബുര്‍റഹ്മത്ത്"ന്‍റെ നേര്‍ക്ക്‌ പള്ളിയുടെ പടിഞ്ഞാറ് വശത്ത് താമസിച്ചു. 
  29. ബനൂ ഹുദൈല: (മുആവ്വിയ്യ ബ്നു അംറുബ്നു മാലിക്) - മസ്ജിദുന്നബവിയ്യുടെ വടക്കും കിഴക്കും ഭാഗങ്ങളിലായി ബഖീഇന്‍റെയും ബിഅ്റു ഹാഇന്‍റെയും അടുത്തായി താമസിച്ചു. മസ്ജിദുന്നബവിയുടെ വടക്ക് വശത്തെ വിപുലീകരണത്തില്‍ ബിഅ്റു ഹാഅ് ഉള്‍പ്പെട്ടുപോയി.
  30. ബനൂ മബ്ദുല്‍(ആമിറുബ്നുമാലിക് ബ്നുനജ്ജാര്‍) - ബഖീഉല്‍ ഗര്‍ഖദിലേക്കുള്ള മാര്‍ഗ്ഗത്തില്‍ ഹാര്‍ത്തുല്‍ അഗ്വസിനു സമീപം അധിവസിച്ചു. ഈ സ്ഥലം മസ്ജിദുന്നബവിയുടെ വിപുലീകരണത്തില്‍ പെട്ടുപോയി.
  31. ബനൂ അദയ്യ്ബ്നു നജ്ജാര്‍ - മസ്ജിദു നബവിയുടെ പടിഞ്ഞാറ് വശം. അനസ്ബ്നു മാലിക് (റ) ഈ വംശത്തിലാണ് പിറന്നത്. ഈ സ്ഥലവും മസ്ജിദുന്നബവിയുടെ വിപുലീകരണത്തില്‍ പെട്ടിട്ടുണ്ട്.
  32. ബനൂ മാസിനുബ്നുനജ്ജാര്‍ - ഇബ്നുന്നളീറുല്ലെസിയുടെ കൊട്ടക്കടുത്ത് 'വാസിത്വ് ഉത്വ്മി' ന്‍റെ ഭാഗത്ത് അധിവസിച്ചു.
  33. ബനൂ ദീനാറുബ്നജ്ജാര്‍ - വാദിബത്വ്ഹാനിന്‍റെ പടിഞ്ഞാറ് വശത്ത് അധിവസിച്ചു. ഇന്ന് മസ്ജിദുല്‍ മുഗൈസല എന്ന് പറയുന്നതായിരുന്നുഅവരുടെ പള്ളി.
  34. ബനൂ ശളിയ്യ -  'ഹര്‍റത്ത് മനീത്വാന്‍' ആയിരുന്നു ആദ്യവാസസ്ഥലം. പിന്നീട് അവിടുന്ന് മാറി ഹര്‍റത്തു ജദ്മാനിലും തുടര്‍ന്ന് ഹര്‍റത്തുറാതിജിലും അധിവസിച്ചു.
ഇപ്രകാരം ഖസ്റജ് ഗോത്രം വിവിധ വംശങ്ങളായി വികസിച്ച് വിവിധ സ്ഥലങ്ങളില്‍ അധിവസിച്ചു. നബി(സ)യുടെ മദീന ഹിജ്റയുടെ കാലഘട്ടത്തിലെ വംശപരമ്പരയാണ് ഇവിടെ ഉദ്ധരിച്ചത്. ഇമാം അഹ്മദും തുര്‍മുദിയും ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം കാണാം. " അന്‍സാറുകളുടെ ഭവനങ്ങളില്‍ ഉത്തമം ബനൂ നജ്ജാറിന്‍റെതാണ്. പിന്നീട് ബനൂ അബ്ദില്‍ അശ്ഹലിന്‍റെതും. പിന്നീട് ബനുല്‍ ഹാരിസ്ബ്നു ഖസ്റജിന്‍റെയും പിന്നീട് ബനൂ സാഇദയുടെയും. എല്ലാ അന്‍സാരി ഭവനങ്ങളിലും നന്മയുണ്ട്"


ഔസും ഖസ്റജും മദീനയിലേക്ക്

മുഹമ്മദ്‌ നബി(സ) മദീനയില്‍ എത്തിയ കാലത്ത് അവിടെ പ്രമുഖരായ രണ്ട് അറബി ഗോത്രങ്ങള്‍ ഉണ്ടായിരുന്നു. പ്രവാചകന് എല്ലാ സഹായവും നല്‍കാമെന്നു ഉടമ്പടി ചെയ്ത് ആ കരാര്‍ പൂര്‍ണ്ണമായും നിറവേറ്റി അല്ലാഹുവിന്‍റെ പ്രശംസക്കു അര്‍ഹത നേടിയവരാണവര്‍.  ഔസ്, ഖസ്റജ് എന്ന പേരിലാണവര്‍ അറിയപ്പെടുന്നത്. പ്രവാചകന് സംരക്ഷണവും മുഹാജിറുകള്‍ക്ക് സഹായവും നല്‍കിയതിനാല്‍ അന്‍സാറുകള്‍ എന്നാണ് ഖുര്‍ആന്‍ അവരെ വിശേഷിപ്പിച്ചത്. പില്‍കാലത്ത് ചരിത്രത്തില്‍ ആ പേരില്‍ തന്നെ അവര്‍ അറിയപ്പെട്ടു. ഇസ്ലാമിക ചരിത്രത്തില്‍ അനല്‍പ്പമായ സ്ഥാനവും ബഹുമതിയും ലഭിച്ച ഈ രണ്ടു വംശങ്ങള്‍ മദീനയില്‍ കുടിയേറിപ്പാര്‍ത്തവരാണ്. ഇവര്‍ യമനില്‍ നിന്നാണ് മദീനയില്‍ എത്തിയത്. അതിനു കാരണമായി പറയുന്ന സംഭവം ഇപ്രകാരമാണ്.
പ്രാചീന യമനിലെ ഐശ്വര്യ പൂര്‍ണ്ണമായ പ്രദേശമായിരുന്നു സബഅ്.  യഅ്റബുബ്നു ഖഹ്ത്താന്‍റെ പൗത്രന്‍ അബ്ദുശ്ശംസിന് സബഅ് എന്ന പേരുണ്ടായിരുന്നു. അദ്ദേഹത്തില്‍ നിന്നാണ് ആ പ്രദേശത്തിന് ആ നാമം സിദ്ധിച്ചത്. ആ പ്രദേശത്തായിരുന്നു പില്‍കാലത്ത് തുബ്ബാഅ് രാജാക്കന്മാര്‍ ഭരിച്ചത്. ഹിംയര്‍ രാജാക്കന്മാരിലെ ബില്‍ഖീസ് രാജ്ഞിയും സബഅ് ഭരിക്കുകയുണ്ടായിട്ടുണ്ട്. ആ രാജ്യത്ത് വലിയൊരു അണകെട്ടി അതില്‍ നിന്ന് ജലസേചനം നടത്തി വലിയ ഈത്തപ്പനത്തോട്ടങ്ങളും മുന്തിരിതോട്ടങ്ങളും അവര്‍ വളര്‍ത്തിയിരുന്നു. കാര്‍ഷിക വിളകള്‍ വര്‍ദ്ധിക്കുകയും അത് സിറിയയിലേക്ക് കൊണ്ട് പോയി വിറ്റ് അവര്‍ വലിയ സമ്പന്നരാവുകയും ചെയ്തു. പണത്തിന്‍റെ കൊഴുപ്പില്‍ ആ നാട്ടുകാര്‍ അല്ലാഹുവിന്‍റെ കല്‍പ്പനകള്‍ ധിക്കരിക്കുകയും ദുര്‍വൃത്തരാകാനും മുതിര്‍ന്നു. കാര്‍ഷിക വിളവുകളുടെ സുലഭതയില്‍ ആ നാടും അവിടുത്തെ അന്തരീക്ഷവും അനുഗ്രഹീതമാവുകയും ചെറിയ കുറ്റങ്ങള്‍ വന്നു പോയാല്‍ പൊറുക്കാന്‍ സന്നദ്ധനായ ഒരു നാഥന്‍ ഉണ്ടാവുകയും ചെയ്‌താല്‍ സ്വാഭാവികമായും വിനയവും ഭക്തിയുമാണ് ഒരു ദേശക്കാര്‍ക്ക് ഉണ്ടാവേണ്ടത്. പക്ഷെ സബ്അക്കാരുടെ സ്ഥിതി നേരെ മറിച്ചായി. അതിനാല്‍ കടുത്ത പരീക്ഷണത്തിനു അവര്‍ വിധേയരായി. ധാരാളം വെള്ളം തടുത്ത് നിര്‍ത്തിയിരുന്ന ആ അണക്കെട്ട് അല്ലാഹു തകര്‍ത്ത് കളഞ്ഞു. ശക്തമായ ജലപ്രവാഹം അവരുടെ കൃഷിയിടങ്ങളെയും വാസസ്ഥലങ്ങളെയും നശിപ്പിച്ചു. ആ പ്രദേശം വാസയോഗ്യമല്ലാതായി. നല്ല പഴത്തോട്ടങ്ങള്‍ക്ക് പകരം പിന്നീട് അവിടെ കാണപ്പെട്ടത് കാറ്റാടി മരങ്ങളും വാകമരങ്ങളുമാണ്. അവ ഒന്നിനും കൊള്ളുകയില്ല. ഈ സംഭവം ഖുര്‍ആനില്‍ അല്ലാഹു വിശദീകരിച്ചിരിക്കുന്നു(34:  15-17).

സമ്പന്നമായ ആ പ്രദേശം നശിപ്പിക്കപ്പെട്ടതോടെ അവിടുത്തെ നിവാസികള്‍ കുണ്ഠിതരായി. അയല്‍ നാടുകളിലേക്ക് പാലായനം ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. അന്ന് അവിടെ പാര്‍ത്തിരുന്ന ഖുസാഅത്ത് ഗോത്രക്കാര്‍ ഹിജാസിലെ മക്കയുടെ പ്രാന്തപ്രദേശത്ത് വാസമുറപ്പിച്ചു. മറ്റൊരു സംഘം സിറിയയിലെത്തി. അവരാണ് പിന്നെ ക്രിസ്ത്യാനികളായിത്തീര്‍ന്ന ഗസാന്‍ ആമില ബഹ്റഅ, ലഖ്മ്, ജുദ്ദാം തുടങ്ങിയ വംശങ്ങള്‍. മറ്റൊരു സംഘം മദീനയിലെത്തി വാസമുറപ്പിച്ചു. അവരത്രെ ഔസ്, ഖസ്റജ് ഗോത്രങ്ങളുടെ മുന്‍തലമുറക്കാരായ ബനൂഖൈല ഗോത്രം. ഇവര്‍ ഇസ്ഹാഖ്ബ്നു ഖുളാഅത്തിന്‍റെ വംശത്തില്‍ പിറന്നവരാണ്. മദീനയില്‍ അവര്‍ എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ജൂതന്മാരുമായി രമ്യതയിലും ഇടക്ക് പിണക്കത്തിലുമായി വസിച്ചു തുടങ്ങി.

യഥ് രിബില്‍ യഹൂദികളുടെ വാസ സ്ഥലങ്ങള്‍

യഥ് രിബില്‍ വാസമുറപ്പിച്ച യഹൂദികള്‍ ഗോത്രാടിസ്ഥാനത്തില്‍ കേന്ദ്രീകരിച്ചു പ്രത്യേക സ്ഥലങ്ങളില്‍ താമസിക്കുകയും അവര്‍ പിന്നീട് വളര്‍ന്നു വലിയ ജനവിഭാഗമായി ത്തീരുകയും ചെയ്തു. അവര്‍ താമസിച്ച സ്ഥലങ്ങളും അവരുടെ ഗോത്രങ്ങളും താഴെ പറയും വിധമാണ്.

1. ബനൂഖുറൈളഃ
പ്രമുഖ ജൂതഗോത്രം. ഇവരുടെ സഹോദര ഗോത്രമാണ് ബനൂനളീര്‍. ഇന്ന് അവാലീ എന്ന് വിളിക്കുന്ന ഉയര്‍ന്ന പ്രദേശത്താണ് അവര്‍ വസിച്ചത്. സുന്ദരമായ ഭൂപ്രദേശം. രണ്ടു മലകള്‍ക്കിടയില്‍ വിശാലമായ തോട്ടങ്ങളുണ്ടാക്കി അവര്‍.  മുദൈനിബ് എന്നും മഹ്സൂര്‍ എന്നും ആ മലകള്‍ വിളിക്കപ്പെടുന്നു. അവിടങ്ങളില്‍ കിണര്‍ കുഴിച്ച് ജലസേചനം നടത്തി കൃഷി ചെയ്ത് അവര്‍ സമ്പന്നറായി. അവിടേക്ക് പില്‍കാലത്ത് വന്നു ചേര്‍ന്ന അറബികള്‍ക്ക് അവരില്‍ നിന്ന് വര്‍ണ്ണനാതീതമായ യാതനകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

2. ബനൂഖൈനുഖാഅ്ഃ
ഇവര്‍ വളരെ സമ്പന്നരായിരുന്നു. ആയുധനിര്‍മ്മാണത്തില്‍ കേളി കേട്ടവര്‍.ഇപ്പോള്‍ അബ്ദുല്‍ മുഹ്സിന്‍ റോഡിനോട് ചേര്‍ന്ന് കിടക്കുന്ന മദ്ശൂനിയ്യ മുതല്‍ ആലിയയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് അവര്‍ താമസിച്ചിരുന്നത്. ഒരു വിശാലമായ വയലാണ് അത്. ഇവരുടെ അങ്ങാടിക്ക് സൂഖ്സ്സാഗ എന്നാണ് പറയപ്പെട്ടിരുന്നത്. വേറെയും ഗ്രാമങ്ങളും കമ്പോള സ്ഥലങ്ങളും ഉണ്ടായിരുന്നു. പ്രധാന ജൂതഗോത്രങ്ങള്‍ ഇവരാണ്.

ബനൂഖുറൈള, ബനൂനളീര്‍, ബനൂഖഹ്മ്, ബനൂസഊറാഹ്, ബനൂമാസിക, ബനൂലിഖ്മഖ, ബനൂസൈദില്ലാത്ത്, ബനൂഖൈനുഖാഅ്, ബനൂസഅ്ലബത്ത്.

യഹൂദികള്‍ ഉത്വമ എന്ന് വിളിക്കപ്പെടുന്ന കൊട്ടാരങ്ങളിലാണ് വസിച്ചിരുന്നത്. ചതുരാകൃതിയില്‍ മേല്‍ത്തട്ടുള്ള വലിയ വീടുകളാണിത്. ശത്രുക്കളില്‍ നിന്ന് രക്ഷക്കാണ് ഇത്തരം വീടുണ്ടാക്കിയിരുന്നത്. വേലക്കാരും ദാസികളും അടക്കം കൂടുതല്‍ പേര്‍ ഒന്നിച്ചു താമസിക്കുമ്പോള്‍ ഹിസ്‌ന് എന്ന് വിളിക്കപ്പെടുന്ന കൊട്ടകള്‍ക്കകത്താണ് അവര്‍ വസിച്ചിരുന്നത്. ചില ഗോത്രങ്ങള്‍ക്കും വന്‍കിട പ്രഭുക്കന്മാര്‍ക്കും അന്ന് കോട്ടകള്‍ ഉണ്ടായിരുന്നു. കഅബ് ബ്നുഅശ്രഫിനും 
സഅദുബിനു അബീവക്കാസിനും പ്രത്യേകം കോട്ടകള്‍ ഉണ്ടായിരുന്നു.

യഹൂദികള്‍ക്ക് അമ്പത്തിഒമ്പത് ഉത്വമുകളുണ്ടായിരുന്നു. അവരെ അനുകരിച്ചു അറബികള്‍ പതിമൂന്ന്‍ ഉത്വമുകള്‍ ഉണ്ടാക്കി. നബി(സ) മദീനയിലേക്ക് മുഹാജിറായി എത്തിയപ്പോള്‍ എഴുപത്തിരണ്ട് ഉത്വുമുകള്‍ അവിടെ ഉണ്ടായിരുന്നു. ഇവ മദീനയുടെ അലങ്കാരമാണെന്നതിനാല്‍ അവ പൊളിക്കുവാന്‍ സഹാബികളെ പില്‍കാലത്ത് പ്രവാചകന്‍ അനുവദിച്ചില്ല. പിന്നീട് ആ രൂപത്തിലുള്ള ഉത്വുമുകള്‍ നിര്‍മ്മിക്കാന്‍ നബി(സ) നിര്‍ദ്ദേശിച്ചതനുസരിച്ച് സഹാബികള്‍ അമ്പത്തിയാറു ഉത്വുമുകള്‍ കൂടിയുണ്ടാക്കി. ഈ ഉത്വുമുകള്‍ യജമാനന്‍റെയോ ഉടമസ്ഥന്റെയോ നാമത്തിലാണ് അറിയപ്പെട്ടിരുന്നത്. പേരറിയുന്നവയും  അല്ലാത്തവയും ആക്കൂട്ടത്തിലുണ്ട്. 

മദീന പ്രളയത്തിന് ശേഷം

നൂഹ് നബിയുടെ കപ്പല്‍ പ്രളയാനന്തരം നങ്കൂരമിട്ടത് ജൂദിപര്‍വ്വതത്തിന്‍മേലാണെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. ഈ സ്ഥലം ഇന്ന് തുര്‍ക്കിസ്ഥാനില്‍ ആണെന്നും അവിടെയുള്ള അറാറത്ത് പര്‍വ്വതമാണെന്നും പറയപ്പെടുന്നു.ആ കപ്പലില്‍ ഉണ്ടായിരുന്ന എണ്‍പത് പേര്‍ അവിടെയിറങ്ങി. അവര്‍ താമസിച്ച സ്ഥലത്തിന് സൂഖ്സ്സാമാനീന്‍ എന്ന് നാമകരണം ചെയ്തുവത്രെ. ഭൂമുഖത്തുള്ള (പ്രളയബാധിതപ്രദേശം) മുഴുവന്‍ ജന്തുക്കളും നശിച്ചതിനു ശേഷം ആ സമൂഹം പിന്നീട് വളര്‍ന്നു  വികസിച്ചു. അവരുടെ അംഗസംഖ്യ കൂടിയപ്പോള്‍ നൂഹിന്‍റെ പുത്രന്‍, സാമിന്‍റെ പുത്രന്‍, കര്‍ഖാനിന്‍റെ പുത്രന്‍ നംറൂദ് അവരുടെ രാജാവായി. അവര്‍ എഴുപത്തിരണ്ട് ഭാഷകള്‍ സംസാരിച്ചിരുന്നുവത്രെ. അറബിയും അതില്‍ ഉള്‍പ്പെട്ടിരുന്നു. സാമിന്‍റെ പുത്രന്‍ ലൂദിന്‍റെ പുത്രന്മാരായ അംലീഖും  തിസ്മുമാണത്രെ അറബി സംസാരിച്ചിരുന്നത്. ഈ സമൂഹം പില്‍കാലത്ത് പല കാരണങ്ങളാല്‍ വിവിധ സ്ഥലങ്ങളിലേക്ക് താമസം മാറ്റി. അങ്ങിനെ ചിലര്‍ ഇന്ന് മദീനയെന്നു വിളിക്കുന്ന യഥ് രിബിലേക്ക് വന്നു. 


നൂഹ് നബി(അ)ന്‍റെ കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ 


യഥ് രിബിലെ ആദിമ നിവാസികള്‍ 
ആദ്യം വന്ന ആളുടെ പേര്‍ യഥ് രിബ് എന്നായതിനാല്‍ സ്ഥലത്തിന് ആ പേര്‍ നല്‍കി.നൂഹ്(അ)ന്‍റെ പുത്രന്‍ സാമിന്‍റെ പുത്രന്‍ ഇറമിന്‍റെ പുത്രന്‍ ഇവളിന്‍റെ പുത്രന്‍ അബീലിന്‍റെ പുത്രന്‍ യഥ് രിബ് ആണ് മദീനയിലെ ആദ്യ താമസക്കാരന്‍ എന്നാണു കരുതുന്നത്. പില്‍കാലത്ത് യഥ് രിബിന്‍റെ സന്തതികള്‍ വര്‍ദ്ധിച്ചപ്പോള്‍ അവരില്‍ ചിലര്‍ ഇപ്പോഴത്തെ റാബിക്കിന്‍റെ സമീപമുള്ള ജുഹ്ഫയിലേക്ക് മാറിതാമസിക്കുകയുണ്ടായി. ഇബ്നു അബാസി(റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്ന ചരിത്ര റിപ്പോര്‍ട്ടിലാണ് ഈ അഭിപ്രായമുള്ളത്. മറ്റൊരഭിപ്രായം മുന്‍പറഞ്ഞ അബീലിന്‍റെ പുത്രന്‍ ഇറമിന്‍റെ പുത്രന്‍ മഹാബീലിന്‍റെ പുത്രന്‍ ഖാനിയയുടെ പുത്രന്‍ യഥ് രിബാണ് യഥ് രിബില്‍ ആദ്യം താമസിച്ചത് എന്നാണ്. ഇതില്‍ ആദ്യത്തെ റിപ്പോര്‍ട്ടാണ് കൂടുതല്‍ ശരിയെന്നു ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ഇവ രണ്ടും കൂടാതെ വേറെയും അഭിപ്രായങ്ങള്‍ ഉണ്ട്. ഒരു പക്ഷെ ഈ അഭിപ്രായങ്ങള്‍ എല്ലാം ശരിയാകാം. കാരണം വ്യത്യസ്ത ഭാഗങ്ങളില്‍ പല വര്‍ഗ്ഗങ്ങളും വിവിധ കാലങ്ങളില്‍ വാസമുറപ്പിച്ചിട്ടുണ്ടാകാം. മൂന്നാമത്തെ അഭിപ്രായം കൂടി ഉദ്ധരിക്കാം. സ്വഅ്ല്‍, ഫലാജ്  എന്നീ വര്‍ഗ്ഗങ്ങളാണ് തൂഫാനിനു(പ്രളയത്തിനു) ശേഷം മദീനയില്‍ താമസമുറപ്പിച്ചത്. അവര്‍ അധര്‍മ്മകാരികളും ധിക്കാരികളുമായിരുന്നു. അവരുടെ അക്രമം അടിച്ചമര്‍ത്താന്‍ ദാവൂദ് നബി അവിടത്തേക്ക് സൈന്യത്തെ നിയോഗിച്ചു. അവര്‍ നിരവധി ബന്ധികളെ കൊണ്ട് പോയി. പിന്നീട് അവരുടെ കഴുത്തില്‍ ഒരു പുഴു ശല്യം ഉണ്ടായി. തന്മൂലം അവരില്‍ ഒട്ടേറെ പേര്‍ മൃതിയടഞ്ഞു. അവരുടെ സയ്യിദത്ത് ആയിരുന്ന സഹ്റ മാത്രം ബാക്കിയായി. അവരുടെ നാമധേയത്തില്‍ അറിയപ്പെടുന്ന പ്രദേശത്തായിരുന്നു അവര്‍ താമസിച്ചിരുന്നത്. ഈ നാമം ഇപ്പോഴും മദീനക്കാര്‍ക്കിടയില്‍ സുപരിചിതമാണ്. ദൈവീകമായ ഈ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നതിനു ആ നാട് വിട്ടു പോകാന്‍ അവര്‍ ശ്രമിച്ചു. അങ്ങിനെ ഒട്ടകപ്പുറത്ത് കാലുവെക്കാന്‍ തുടങ്ങിയപ്പോള്‍ അവളോട്‌ പറയപ്പെട്ടു. അതാ പുഴു നിങ്ങളെയും വലയം ചെയ്തിരിക്കുന്നു. ആ സമയത്ത് കരഞ്ഞു കൊണ്ട് അവള്‍ പറഞ്ഞു. " എത്ര മനുഷ്യരും സമ്പത്തുമാണ് സഹ്റാ പ്രദേശത്തിന്‍റെയും റാനുല്‍ പ്രദേശത്തിന്‍റെയും ഇടക്ക് അടക്കം ചെയ്തിട്ടുള്ളത്‌.'. ഈ വാക്യം ഇന്നും മദീനക്കാര്‍ക്കിടയില്‍ സുപരിചിതമാണ്. ഇന്ന് മസ്ജിദുല്‍ ജുമുഅയുടെയും മശ്റുബ ഉമ്മു ഇബ്റാഹീമിന്‍റെയും ഇടക്കുള്ള സ്ഥലമാണത്രെ അവര്‍ സൂചിപ്പിച്ചത്. അതായത് മുന്‍പ് കാലത്ത് മരണപ്പെട്ടവരുടെയും ധനവും ആഭരണങ്ങളും ശവത്തോടൊപ്പം കുഴിച്ചു മൂടിയിരുന്നു. അങ്ങിനെ കുഴിച്ചു മൂടപ്പെടുന്നവരില്‍ ഞാനുമിതാ ചേരുകയാണ് എന്നാണവള്‍ വ്യാകുലയായി പറഞ്ഞത്.

കാലം മുന്നോട്ടു പോയി. പ്രവാചകന്മാര്‍ മദ്ധ്യപൗരസ്ത്യ ദേശത്ത് നിരവധി വന്നു.ഒട്ടേറെ തലമുറകള്‍ നശിപ്പിക്കപ്പെട്ടു.ആദും സമൂദും ലൂത്തിന്‍റെ ജനതയും അതില്‍പ്പെടുന്നു. ഇബ്രാഹീമും ഇസ്ഹാഖും യഅഖൂബും വന്നു. ഇസ്മായില്‍ മക്കയില്‍ വാസമുറപ്പിച്ചു. അദ്ദേഹത്തിന്‍റെ മക്കള്‍ അവിടെ പെരുകാന്‍ തുടങ്ങി. ഇസ്റാഈല്‍ സന്തതികളില്‍ മുഖ്യനായ മൂസാനബി(അ) ദൈവത്തിന്‍റെ ഗ്രന്ഥവുമായി ജനമനസ്സുകളെ നേര്‍വഴിക്കു നയിക്കാന്‍ വന്നെത്തി. തൗറാത്തിന്‍റെ അനുയായികള്‍ വര്‍ദ്ധിച്ചു. അവര്‍ ലോകത്തിന്‍റെ വിവിധദേശങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തു. യഹൂദികള്‍ എന്ന് അവര്‍ വിളിക്കപ്പെട്ടു. 

ഇസ്റാഈലീ പ്രവാചക പരമ്പരയില്‍ ഈസാ നബി(അ)യും ആഗതനായി. തൗറാത്തിന്‍റെ പുതിയ ആവിഷ്കാരവുമായി ഇഞ്ചീല്‍ അദ്ദേഹത്തിനു അവതരിച്ചു. ഈസാ നബി(അ)യെ അംഗീകരിക്കാന്‍ തയ്യാറല്ലാത്തവര്‍ യഹൂദമതത്തില്‍ ഉറച്ചു നിന്നു. അങ്ങിനെ അവര്‍ യാഹൂദികളും നസാറാക്കളും ആയി അറിയപ്പെട്ടു.അവര്‍ക്കിടയില്‍ സംഘട്ടനങ്ങള്‍ ഉണ്ടായി.

നാം മുന്‍പ് വിശദീകരിച്ച ജനവിഭാഗങ്ങള്‍ക്ക് ശേഷം മദീനയില്‍ പില്‍കാലത്ത് യഹൂദികള്‍ വാസമുറപ്പിച്ചു. ഏതാണ്ട് ഇരുപത്തിഅഞ്ചോളം ഗോത്രങ്ങള്‍ ഉണ്ടായിരുന്നു അവര്‍. മദീനയില്‍ അവര്‍ എത്താനുള്ള കാരണം വിശദീകരിക്കുന്ന ഒരു കഥ ഇപ്രകാരമാണ്. 

സിറിയന്‍ രാജാവിനെ റോമാരാജാവ് തോല്‍പ്പിച്ചു ഭരണം കയ്യടക്കി. ആയിടെ ഹാറൂണ്‍ നബി(അ)യുടെ സന്താനപരമ്പരയിലെ അതിസുന്ദരിയായ ഒരു യുവതിയെ റോമാരാജാവ് വിവാഹം ആലോചിച്ചു. യാഹൂദികളും ക്രിസ്ത്യാനികളും തമ്മില്‍ അക്കാലത്ത് വിവാഹ ബന്ധം ഉണ്ടായിരുന്നില്ല. രാജാവിന്‍റെ താല്‍പ്പര്യം അവഗണിച്ചാല്‍ അത് തങ്ങളുടെ വംശ നാശത്തിന് ഹേതുവാകുമെന്നുഅവര്‍ക്കറിയാമായിരുന്നു. അതിനാല്‍ തങ്ങളുടെ മതനിയമം നടപ്പിലാക്കാനും രാജാവിന്‍റെ ആഗ്രഹം നിരാകരിക്കാനും അവരുറച്ചു. പക്ഷെ അതൊരു കൗശലത്തോടെ രാജാവിനെ കൊന്നുകൊണ്ടായിരിക്കണമെനന്ന് അവര്‍ ഗൂഡാലോചന നടത്തി. തങ്ങളുടെ രാജാവിനെ തോല്‍പ്പിച്ചതിനു ഒരു പ്രതികാരമാക്കാമത് എന്ന് അവര്‍ നിനച്ചു. അങ്ങിനെ റോമാരാജാവിനെ വിവാഹത്തിന് ക്ഷണിച്ചു. യഹൂദസുന്ദരിയില്‍ അമിതമോഹം വെച്ച രാജാവ് പരിവാരസമേതം വിവാഹവേദിയിലെത്തി. സ്വാദിഷ്ടമായ അലങ്കാരവസ്ത്രങ്ങളും വിശിഷ്ടആഭരണങ്ങളും വമ്പിച്ച പണക്കൂമ്പാരവുമായിട്ടാണ് രാജാവ് വന്നു ചേര്‍ന്നത്. രാജാവിനെ ആദരപൂര്‍വ്വം യഹൂദികള്‍ സ്വീകരിച്ചു. തന്‍റെ മധുവിധു ഇന്ന് തന്നെ നടക്കുമെന്ന് രാജാവ് മനസ്സിലുറച്ചു. ഭദ്രമായ കൊട്ടാരത്തില്‍ അവര്‍ രാജാവിനെ സ്വീകരിച്ചിരുത്തി. അവരുടെ മനസ്സില്‍ ഒളിച്ചു വച്ചിരുന്ന പക  അണ പൊട്ടിയൊഴുകി. രാജാവിനെ അവര്‍ വെട്ടിനുറുക്കി. പരിവാരങ്ങളെ മുഴുവന്‍ കൊന്നൊടുക്കി. പണവും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്നെടുത്തു. ഈ ക്രൂരകൃത്യത്തിനു ശേഷം അവര്‍ ആ പ്രദേശത്തു നിന്ന് പാലായനം ചെയ്ത് ഹിജാസിലെത്തി മദീനയില്‍ താമസമുറപ്പിച്ചു. അഹമദുല്‍ അബ്ബാസിയുടെ ഉംദത്തുല്‍ അഖ്ബാറിലാണ് ഈ കഥയുള്ളത്. തൗറാത്തില്‍ മുഹമ്മദ്‌  (സ)യുടെ ആഗമനത്തെകുരിച്ചും അദ്ദേഹം മുഹാജിറായി വരുന്ന രണ്ടു  കല്‍പ്രദേശത്തിനു  ഇടക്കുള്ള യഥ് രിബിനെക്കുറിച്ചും അവരിലെ പണ്ഡിതന്മാര്‍ മനസ്സിലാക്കി. അതുകൊണ്ട്  യഥ് രിബില്‍ തന്നെ അവര്‍ താമസിച്ചു. പില്‍കാലത്ത് ഈ സ്ഥലം തേടി വേറെയും ഗോത്രങ്ങള്‍ അവിടെയെത്തി.

ബുഖ്ത്നസര്‍ ചക്രവര്‍ത്തിയുടെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷ തേടി പാലായനം ചെയ്തു കൊണ്ടാണ്  യഥ് രിബില്‍ യഹൂദികള്‍ വന്നു ചേര്‍ന്നതെന്ന് അഭിപ്രായമുണ്ട്.

യഹൂദികള്‍ അവരുടെ തുടക്കം മുതലേ സ്പര്‍ദ്ദയിലും വിയോജിപ്പിലുമാണ്. അതായത് മൂസാ നബി(അ)യുടെ കാലത്തു തന്നെ ഇസ്രാഈല്യര്‍ പന്ത്രണ്ട് ഗോത്രങ്ങളായാണ് താമസിച്ചിരുന്നത്. അവര്‍ ഐക്യത്തിലാണെന്ന് നാം ധരിക്കുന്നുണ്ടെങ്കിലും അവര്‍ അനൈക്യത്തിലാണ്. മൂസാ നബി(അ) പാറയില്‍ വടികൊണ്ട് അടിച്ചു നീരുറവകള്‍ പൊട്ടിയൊഴുകിയ അമാനുഷികസംഭവങ്ങള്‍ ഉണ്ടായപ്പോള്‍ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കും പന്ത്രണ്ട് അരുവികള്‍ നല്‍കി. 

മദീനയില്‍ വാസമുറപ്പിച്ച യഹൂദികള്‍ ഇടകലര്‍ന്ന് ജീവിക്കാതെ ഗോത്രാടിസ്ഥാനത്തില്‍ വേറെ വേറെ താമസം തുടങ്ങി.

മദീന


മുഹമ്മദ്‌ നബി(സ) ജീവിക്കുകയും ഒരു ജനതയെ സമ്പൂർണമായി സംസ്കരിക്കുകയും ചെയ്ത മദീനയുടെ മണ്ണ് ഒരുപാട് ചരിത്ര കഥകൾ പറയുന്നു. വിശ്വസ്തൻ (അൽ അമീൻ) ആയി സർവരാലും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്ത മുഹമ്മദ്‌ നബി(സ) നടന്നു നീങ്ങിയ വഴിയും സഞ്ചരിച്ച പാതയും അദ്ദേഹത്തിന്റെ വിശുദ്ധ ജീവിതം തൊട്ടറിഞ്ഞ മരുഭൂമിയും നബി(സ)യുടെ സൌരഭ്യം നുകർന്ന ഈത്തപ്പനത്തോട്ടങ്ങളും കാണാൻ ദിനംപ്രതി പതിനായിരക്കണക്കിന് വിശ്വാസികളാണ് മദീനയിൽ എത്തിച്ചേരുന്നത്. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി വളരെ വേഗത്തിൽ മദീന പട്ടണം മാറിക്കൊണ്ടിരിന്നു.