ഹിജാസ് റെയിൽവേ





 മക്ക, മദീന പുണ്യനഗരങ്ങളെ തുർക്കിയിലെ ഇസ്തംബൂളുമായി ബന്ധിപ്പിക്കുന്ന ചരിത്ര പ്രാധാന്യമുള്ള 2241 കി.മീറ്റർ റെയിൽവേ പദ്ധതി പുരാതന കാലത്ത് ഇസ്‌ലാമിക ലോകത്തിലെ ഏറ്റവും വലിയ വഖ്ഫ് സ്വത്തായിരുന്നു. 1908-ൽ ഉസ്മാനിയാ ഭരണകാലത്ത് ആണ് ഈ പാതയിലൂടെ ട്രെയിൻ ഓട്ടം തുടങ്ങിയത്.ഉസ്മാനിയാ ഭരണകാലത്ത് നിർമിച്ച പൗരാണിക ഹിജാസ് റെയിൽവേ ഒന്നാം ലോകയുദ്ധകാലത്താണ് കുത്സിത ശ്രമഫലമായി തകർക്കപ്പെട്ടത്. തുർക്കിയിലെ മൂന്ന് നഗരങ്ങളിലൂടെ കടന്നുപോകുന്ന റെയിൽവേ സിറിയയിൽ ഹലബ്, ഹമാ, ദർഅ എന്നീ പ്രമുഖ നഗരങ്ങളിലൂടെ കടന്ന് ജോർദാനിലേക്ക് പ്രവേശിക്കും. ജോർദാനിൽ നിന്നും വടക്കൻ അതിർത്തിയിലൂടെ സൌദി അറേബ്യയിൽ പ്രവേശിക്കുന്ന റെയിൽവേ മദായിൻ സാലിഹിലൂടെയാണ് മദീനയിലെത്തുന്നത്. മദീനയിലെ പൗരാണിക റെയിൽവേ സ്റ്റേഷൻ ചരിത്ര സൂക്ഷിപ്പുകളുടെ ഭാഗമായി ഹിജാസ് റെയിൽവേ ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്. എട്ട് വർഷമെടുത്ത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തിൽ പൂർത്തിയാക്കിയ റെയിൽവേയുടെ പല ഭാഗങ്ങളും ഇപ്പോൾ പ്രവർത്തനക്ഷമമാണ്. അതിനാൽ മറ്റു രാജ്യങ്ങളുമായി സഹകരിച്ച് ഈ റെയിൽവേ പുനർനിർമിക്കാൻ തുർക്കി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 1954-ലും 1965-ലും റെയിൽവേ പുനർ നിർമാണത്തെക്കുറിച്ച് ആലോചന നടന്നിരുന്നെങ്കിലും പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞില്ല.