ഔസും ഖസ്റജും മദീനയിലേക്ക്

മുഹമ്മദ്‌ നബി(സ) മദീനയില്‍ എത്തിയ കാലത്ത് അവിടെ പ്രമുഖരായ രണ്ട് അറബി ഗോത്രങ്ങള്‍ ഉണ്ടായിരുന്നു. പ്രവാചകന് എല്ലാ സഹായവും നല്‍കാമെന്നു ഉടമ്പടി ചെയ്ത് ആ കരാര്‍ പൂര്‍ണ്ണമായും നിറവേറ്റി അല്ലാഹുവിന്‍റെ പ്രശംസക്കു അര്‍ഹത നേടിയവരാണവര്‍.  ഔസ്, ഖസ്റജ് എന്ന പേരിലാണവര്‍ അറിയപ്പെടുന്നത്. പ്രവാചകന് സംരക്ഷണവും മുഹാജിറുകള്‍ക്ക് സഹായവും നല്‍കിയതിനാല്‍ അന്‍സാറുകള്‍ എന്നാണ് ഖുര്‍ആന്‍ അവരെ വിശേഷിപ്പിച്ചത്. പില്‍കാലത്ത് ചരിത്രത്തില്‍ ആ പേരില്‍ തന്നെ അവര്‍ അറിയപ്പെട്ടു. ഇസ്ലാമിക ചരിത്രത്തില്‍ അനല്‍പ്പമായ സ്ഥാനവും ബഹുമതിയും ലഭിച്ച ഈ രണ്ടു വംശങ്ങള്‍ മദീനയില്‍ കുടിയേറിപ്പാര്‍ത്തവരാണ്. ഇവര്‍ യമനില്‍ നിന്നാണ് മദീനയില്‍ എത്തിയത്. അതിനു കാരണമായി പറയുന്ന സംഭവം ഇപ്രകാരമാണ്.
പ്രാചീന യമനിലെ ഐശ്വര്യ പൂര്‍ണ്ണമായ പ്രദേശമായിരുന്നു സബഅ്.  യഅ്റബുബ്നു ഖഹ്ത്താന്‍റെ പൗത്രന്‍ അബ്ദുശ്ശംസിന് സബഅ് എന്ന പേരുണ്ടായിരുന്നു. അദ്ദേഹത്തില്‍ നിന്നാണ് ആ പ്രദേശത്തിന് ആ നാമം സിദ്ധിച്ചത്. ആ പ്രദേശത്തായിരുന്നു പില്‍കാലത്ത് തുബ്ബാഅ് രാജാക്കന്മാര്‍ ഭരിച്ചത്. ഹിംയര്‍ രാജാക്കന്മാരിലെ ബില്‍ഖീസ് രാജ്ഞിയും സബഅ് ഭരിക്കുകയുണ്ടായിട്ടുണ്ട്. ആ രാജ്യത്ത് വലിയൊരു അണകെട്ടി അതില്‍ നിന്ന് ജലസേചനം നടത്തി വലിയ ഈത്തപ്പനത്തോട്ടങ്ങളും മുന്തിരിതോട്ടങ്ങളും അവര്‍ വളര്‍ത്തിയിരുന്നു. കാര്‍ഷിക വിളകള്‍ വര്‍ദ്ധിക്കുകയും അത് സിറിയയിലേക്ക് കൊണ്ട് പോയി വിറ്റ് അവര്‍ വലിയ സമ്പന്നരാവുകയും ചെയ്തു. പണത്തിന്‍റെ കൊഴുപ്പില്‍ ആ നാട്ടുകാര്‍ അല്ലാഹുവിന്‍റെ കല്‍പ്പനകള്‍ ധിക്കരിക്കുകയും ദുര്‍വൃത്തരാകാനും മുതിര്‍ന്നു. കാര്‍ഷിക വിളവുകളുടെ സുലഭതയില്‍ ആ നാടും അവിടുത്തെ അന്തരീക്ഷവും അനുഗ്രഹീതമാവുകയും ചെറിയ കുറ്റങ്ങള്‍ വന്നു പോയാല്‍ പൊറുക്കാന്‍ സന്നദ്ധനായ ഒരു നാഥന്‍ ഉണ്ടാവുകയും ചെയ്‌താല്‍ സ്വാഭാവികമായും വിനയവും ഭക്തിയുമാണ് ഒരു ദേശക്കാര്‍ക്ക് ഉണ്ടാവേണ്ടത്. പക്ഷെ സബ്അക്കാരുടെ സ്ഥിതി നേരെ മറിച്ചായി. അതിനാല്‍ കടുത്ത പരീക്ഷണത്തിനു അവര്‍ വിധേയരായി. ധാരാളം വെള്ളം തടുത്ത് നിര്‍ത്തിയിരുന്ന ആ അണക്കെട്ട് അല്ലാഹു തകര്‍ത്ത് കളഞ്ഞു. ശക്തമായ ജലപ്രവാഹം അവരുടെ കൃഷിയിടങ്ങളെയും വാസസ്ഥലങ്ങളെയും നശിപ്പിച്ചു. ആ പ്രദേശം വാസയോഗ്യമല്ലാതായി. നല്ല പഴത്തോട്ടങ്ങള്‍ക്ക് പകരം പിന്നീട് അവിടെ കാണപ്പെട്ടത് കാറ്റാടി മരങ്ങളും വാകമരങ്ങളുമാണ്. അവ ഒന്നിനും കൊള്ളുകയില്ല. ഈ സംഭവം ഖുര്‍ആനില്‍ അല്ലാഹു വിശദീകരിച്ചിരിക്കുന്നു(34:  15-17).

സമ്പന്നമായ ആ പ്രദേശം നശിപ്പിക്കപ്പെട്ടതോടെ അവിടുത്തെ നിവാസികള്‍ കുണ്ഠിതരായി. അയല്‍ നാടുകളിലേക്ക് പാലായനം ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. അന്ന് അവിടെ പാര്‍ത്തിരുന്ന ഖുസാഅത്ത് ഗോത്രക്കാര്‍ ഹിജാസിലെ മക്കയുടെ പ്രാന്തപ്രദേശത്ത് വാസമുറപ്പിച്ചു. മറ്റൊരു സംഘം സിറിയയിലെത്തി. അവരാണ് പിന്നെ ക്രിസ്ത്യാനികളായിത്തീര്‍ന്ന ഗസാന്‍ ആമില ബഹ്റഅ, ലഖ്മ്, ജുദ്ദാം തുടങ്ങിയ വംശങ്ങള്‍. മറ്റൊരു സംഘം മദീനയിലെത്തി വാസമുറപ്പിച്ചു. അവരത്രെ ഔസ്, ഖസ്റജ് ഗോത്രങ്ങളുടെ മുന്‍തലമുറക്കാരായ ബനൂഖൈല ഗോത്രം. ഇവര്‍ ഇസ്ഹാഖ്ബ്നു ഖുളാഅത്തിന്‍റെ വംശത്തില്‍ പിറന്നവരാണ്. മദീനയില്‍ അവര്‍ എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ജൂതന്മാരുമായി രമ്യതയിലും ഇടക്ക് പിണക്കത്തിലുമായി വസിച്ചു തുടങ്ങി.