യഥ് രിബില്‍ യഹൂദികളുടെ വാസ സ്ഥലങ്ങള്‍

യഥ് രിബില്‍ വാസമുറപ്പിച്ച യഹൂദികള്‍ ഗോത്രാടിസ്ഥാനത്തില്‍ കേന്ദ്രീകരിച്ചു പ്രത്യേക സ്ഥലങ്ങളില്‍ താമസിക്കുകയും അവര്‍ പിന്നീട് വളര്‍ന്നു വലിയ ജനവിഭാഗമായി ത്തീരുകയും ചെയ്തു. അവര്‍ താമസിച്ച സ്ഥലങ്ങളും അവരുടെ ഗോത്രങ്ങളും താഴെ പറയും വിധമാണ്.

1. ബനൂഖുറൈളഃ
പ്രമുഖ ജൂതഗോത്രം. ഇവരുടെ സഹോദര ഗോത്രമാണ് ബനൂനളീര്‍. ഇന്ന് അവാലീ എന്ന് വിളിക്കുന്ന ഉയര്‍ന്ന പ്രദേശത്താണ് അവര്‍ വസിച്ചത്. സുന്ദരമായ ഭൂപ്രദേശം. രണ്ടു മലകള്‍ക്കിടയില്‍ വിശാലമായ തോട്ടങ്ങളുണ്ടാക്കി അവര്‍.  മുദൈനിബ് എന്നും മഹ്സൂര്‍ എന്നും ആ മലകള്‍ വിളിക്കപ്പെടുന്നു. അവിടങ്ങളില്‍ കിണര്‍ കുഴിച്ച് ജലസേചനം നടത്തി കൃഷി ചെയ്ത് അവര്‍ സമ്പന്നറായി. അവിടേക്ക് പില്‍കാലത്ത് വന്നു ചേര്‍ന്ന അറബികള്‍ക്ക് അവരില്‍ നിന്ന് വര്‍ണ്ണനാതീതമായ യാതനകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

2. ബനൂഖൈനുഖാഅ്ഃ
ഇവര്‍ വളരെ സമ്പന്നരായിരുന്നു. ആയുധനിര്‍മ്മാണത്തില്‍ കേളി കേട്ടവര്‍.ഇപ്പോള്‍ അബ്ദുല്‍ മുഹ്സിന്‍ റോഡിനോട് ചേര്‍ന്ന് കിടക്കുന്ന മദ്ശൂനിയ്യ മുതല്‍ ആലിയയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് അവര്‍ താമസിച്ചിരുന്നത്. ഒരു വിശാലമായ വയലാണ് അത്. ഇവരുടെ അങ്ങാടിക്ക് സൂഖ്സ്സാഗ എന്നാണ് പറയപ്പെട്ടിരുന്നത്. വേറെയും ഗ്രാമങ്ങളും കമ്പോള സ്ഥലങ്ങളും ഉണ്ടായിരുന്നു. പ്രധാന ജൂതഗോത്രങ്ങള്‍ ഇവരാണ്.

ബനൂഖുറൈള, ബനൂനളീര്‍, ബനൂഖഹ്മ്, ബനൂസഊറാഹ്, ബനൂമാസിക, ബനൂലിഖ്മഖ, ബനൂസൈദില്ലാത്ത്, ബനൂഖൈനുഖാഅ്, ബനൂസഅ്ലബത്ത്.

യഹൂദികള്‍ ഉത്വമ എന്ന് വിളിക്കപ്പെടുന്ന കൊട്ടാരങ്ങളിലാണ് വസിച്ചിരുന്നത്. ചതുരാകൃതിയില്‍ മേല്‍ത്തട്ടുള്ള വലിയ വീടുകളാണിത്. ശത്രുക്കളില്‍ നിന്ന് രക്ഷക്കാണ് ഇത്തരം വീടുണ്ടാക്കിയിരുന്നത്. വേലക്കാരും ദാസികളും അടക്കം കൂടുതല്‍ പേര്‍ ഒന്നിച്ചു താമസിക്കുമ്പോള്‍ ഹിസ്‌ന് എന്ന് വിളിക്കപ്പെടുന്ന കൊട്ടകള്‍ക്കകത്താണ് അവര്‍ വസിച്ചിരുന്നത്. ചില ഗോത്രങ്ങള്‍ക്കും വന്‍കിട പ്രഭുക്കന്മാര്‍ക്കും അന്ന് കോട്ടകള്‍ ഉണ്ടായിരുന്നു. കഅബ് ബ്നുഅശ്രഫിനും 
സഅദുബിനു അബീവക്കാസിനും പ്രത്യേകം കോട്ടകള്‍ ഉണ്ടായിരുന്നു.

യഹൂദികള്‍ക്ക് അമ്പത്തിഒമ്പത് ഉത്വമുകളുണ്ടായിരുന്നു. അവരെ അനുകരിച്ചു അറബികള്‍ പതിമൂന്ന്‍ ഉത്വമുകള്‍ ഉണ്ടാക്കി. നബി(സ) മദീനയിലേക്ക് മുഹാജിറായി എത്തിയപ്പോള്‍ എഴുപത്തിരണ്ട് ഉത്വുമുകള്‍ അവിടെ ഉണ്ടായിരുന്നു. ഇവ മദീനയുടെ അലങ്കാരമാണെന്നതിനാല്‍ അവ പൊളിക്കുവാന്‍ സഹാബികളെ പില്‍കാലത്ത് പ്രവാചകന്‍ അനുവദിച്ചില്ല. പിന്നീട് ആ രൂപത്തിലുള്ള ഉത്വുമുകള്‍ നിര്‍മ്മിക്കാന്‍ നബി(സ) നിര്‍ദ്ദേശിച്ചതനുസരിച്ച് സഹാബികള്‍ അമ്പത്തിയാറു ഉത്വുമുകള്‍ കൂടിയുണ്ടാക്കി. ഈ ഉത്വുമുകള്‍ യജമാനന്‍റെയോ ഉടമസ്ഥന്റെയോ നാമത്തിലാണ് അറിയപ്പെട്ടിരുന്നത്. പേരറിയുന്നവയും  അല്ലാത്തവയും ആക്കൂട്ടത്തിലുണ്ട്.