റൌളാ ശരീഫ്


മസ്ജിദുന്നബവിയിലെ മുഹമ്മദ്‌ നബിയുടെ ഹുജ്റയുടെയും മിമ്പറിന്റെയും ഇടക്ക് സ്ഥിതിചെയ്യുന്ന പള്ളിയുടെ ഭാഗമാണ് റൌളാ ശരീഫ്. മുഹമ്മദ് നബിയുടെ വീടിന്റെയും മസ്ജിദുനബവിയിലെ പ്രസംഗ പീഠത്തിന്റെയും ഇടയിലുള്ള ഈ സ്ഥലം ഇളം പച്ച കാർപ്പറ്റ് വിരിച്ചു പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുണ്ട്.. മിമ്പറു മുതൽ ഭിത്തിവരെയുള്ള ഇരുപത്തി രണ്ടു മീറ്റർ നീളവും പതിനഞ്ചു മീറ്റർ വീതിയുമുള്ള സ്ഥലമാണ് റൌളാ ശരീഫ്. ഈ സ്ഥലം സ്വർഗ്ഗത്തിലെ ഉദ്യാനങ്ങളിൽ നിന്നുള്ള ഒരു ഉദ്യാന (റൌള) മാണ് എന്നാണ് വിശുദ്ധ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളത്. അതിനാൽ ഈ സ്ഥലത്ത് ആരാധനയ്ക്കും പ്രാർഥനയ്ക്കും അത്യധികമായ കൂലിയും പ്രാധാന്യവുമുണ്ട്. സ്ത്രീകൾക്കും ഇവിടെ വന്ന് നമസ്കരിക്കാനും പ്രാർഥിക്കാനും പ്രത്യേക സമയം നിശ്ചയിച്ചിട്ടുണ്ട്. റൌളയും പരിസരവും മാത്രമായിരുന്നു നബിയുടെ കാലത്തെ മസ്ജിദുന്നബവിയുടെ വിസ്തൃതി. റൌളക്കടുത്ത് നബി നമസ്കാരത്തിന് നേതൃത്വം നൽകിയ സ്ഥലത്ത് നിർമിക്കപ്പെട്ട മിഹ്‌റാബ് കാണാം. ഉമറുബ്‌നു അബ്ദിൽ അസീസ് ആണ് ആ സ്ഥലത്ത് മിഹ്‌റാബ് നിർമിച്ചത്. റൌദയിലെ ചില തൂണുകൾക്കും ചരിത്ര പ്രാധാന്യമുണ്ട്. ആദ്യ കാലത്ത് മിമ്പറിന്റെയും ഹുജ്റത്തുശ്ശരീഫയുടെയും ഇടയ്ക്കുള്ള അകലം 26.5 മീറ്റർ ആയിരുന്നു. പിന്നീട് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചഭുജ കെട്ടിടത്തിനു ചുറ്റും നിർമ്മിച്ചിട്ടുള്ള ചതുർഭുജ പിത്തള ഭിത്തി റൌളയുടെ അല്പഭാഗം കവർന്നെടുത്തിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ മിമ്പറു മുതൽ ഈ ഭിത്തിവരെ അവശേഷിക്കുന്നത് ഇരുപത്തിരണ്ടു മീറ്റർ നീളവും പതിനഞ്ചു മീറ്റർ വീതിയുമുള്ള സ്ഥലം മാത്രമാണ്.മുഹമ്മദ്‌ നബിയെ മറവ് ചെയ്ത സ്ഥലം ഇതിനു സമീപത്താണ്.