മറ്റു മസ്ജിദുകള്‍



മദീനയിലേക്ക് ഇസ്ലാമിന്‍റെ ആഗമനം ഉണ്ടായതോടുകൂടി ആ പുണ്ണ്യഭൂമിയില്‍ അല്ലാഹുവിനെ നമിക്കാന്‍ നിരവധി മസ്ജിദുകള്‍ നിര്‍മ്മിക്കപ്പെട്ടു. നബി(സ) മുഹാജിറായി വരുന്നതിനു മുന്‍പും വന്നതിനു ശേഷവും നിര്‍മ്മിക്കപ്പെട്ടവ അവയിലുണ്ട്. ഇവയില്‍ ഏറ്റവും ശ്രേഷ്ഠമായാവ മസ്ജിദുന്നബവി ആണ്. മറ്റു മസ്ജിദുകളെക്കുറിച്ച് താഴെ  വിശദീകരിക്കുന്നു. പുരാതനകാലത്ത്‌ നിര്‍മ്മിക്കപ്പെട്ട ഈ മസ്ജിദുകളില്‍ ചിലതെല്ലാം ഇല്ലാതായിട്ടുണ്ട്.മറ്റു ചിലത് നവീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പഴയകാലത്തെ ആ മസ്ജിദുകളില്‍ ചിലത് മേല്‍തട്ടില്ലാതെ ചതുരാകൃതിയില്‍ ഉള്ള വെറും മതില്‍ കെട്ടു മാത്രമാണ്. ചില മസ്ജിദുകള്‍ ആ കാലത്ത് ചില ഗോത്രങ്ങള്‍ക്കായി നിര്‍മ്മിക്കപ്പെട്ടവയാണ്.

നബി(സ) മദീനയില്‍ എത്തുന്നതിനു മുന്‍പായി ഒന്‍പതു മസ്ജിദുകള്‍ ആണ് നിര്‍മ്മിക്കപ്പെട്ടിരുന്നത്. അവ:



  • മസ്ജിദു ബനീ അംറുബ്നു മബ്ദുല്‍ (ബനൂ നജ്ജാര്‍ ഗോത്രം)
  • മസ്ജിദു ബനീ സാഇദ
  • മസ്ജിദു ബനീ സലം
  • മസ്ജിദു ബനീ റാതിജ് (അബ്ദുല്‍ അശ്ഹല്‍ ഗോത്രം)
  • മസ്ജിദു ബനീ സുറൈഖ്
  • മസ്ജിദു ബനീ ഗഫ്ഫാര്‍
  • മസ്ജിദു ബനീ അസ്സം
  • മസ്ജിദു ബനീ 
പ്രവാചകന്‍റെ ആഗമാനാനന്തരം മസ്ജിദുന്നബവി നിര്‍മ്മിക്കപ്പെട്ടപ്പോള്‍ അതിന്നനുസൃതമായി ഈ പള്ളികള്‍ പ്രവര്‍ത്തിച്ചു പോന്നു. അതായത് മസ്ജിദുന്നബവിയില്‍ നിന്ന് ബാങ്ക് കേട്ടാല്‍ മാത്രമേ ഇവിടെ ബാങ്ക് വിളിക്കുകയും നമസ്കാരം തുടങ്ങുകയും ചെയ്തിരുന്നുള്ളൂ.

പ്രവാചകന്‍റെ ഹിജ്റാനന്തരം നിര്‍മ്മിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട മസ്ജിദ് ആണ് മസ്ജിദുന്നബവി. ഇത് കൂടാതെ വേറെയും മസ്ജിദുകള്‍ നിര്‍മ്മിക്കപ്പെട്ടു . മദീനയില്‍ നബി(സ) ജീവിച്ച ഓരോ വര്‍ഷവും പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചത് വ്യത്യസ്ത സ്ഥലങ്ങളില്‍ വെച്ചായിരുന്നു. അതുപോലെ ചിലപ്പോള്‍ മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാനും നമസ്കാരം സംഘടിപ്പിച്ചിരുന്നു. ഈ സ്ഥലങ്ങളിലും പില്‍ക്കാലത്ത് മസ്ജിദുകള്‍ നിര്‍മ്മിക്കപ്പെട്ടു. ആ സ്ഥലങ്ങള്‍ വര്‍ഷത്തിന്‍റെ ക്രമപ്രകാരം താഴെ പറയും വിധമാണ്:


  1. ഇബ്നു അബില്‍ ജനൂബിന്‍റെ വീടിനടുത്ത് ഹാറത്തുദ്ദൌസില്‍
  2. ഹകീമിന്‍റെ വീടിനടുത്ത് 
  3. അബ്ദുല്ലാഹിബ്നു ദര്‍റത്തിന്‍റെ വീടിനടുത്ത്
  4. ഹനാത്തൈനിക്കടുത്തുള്ള കല്‍പ്രദേശത്ത് 
  5. അബൂയസാറിന്‍റെ സമീപം
  6. ദാറുശ്ശിഫാഇന് സമീപം
  7. ബനൂസുറൈഖിന്‍റെ കോട്ടക്ക് സമീപം
  8. മുഹമ്മദിബ്നു അബ്ദില്ലയുടെ ഭവനത്തില്‍
  9. ഇപ്പോഴത്തെ മുസ്വല്ലാ മസ്ജിദില്‍. പ്രവാചകന്‍ പിന്നീട് മരണം വരെ ഇവിടെ വച്ചാണ് പെരുന്നാള്‍ നമസ്കാരങ്ങള്‍ നിര്‍വഹിച്ചിരുന്നത്.
ഈ സ്ഥലങ്ങളെക്കുറിച്ചും പിന്നീട് ആ സ്ഥലങ്ങളില്‍ നിര്‍മ്മിച്ച മസ്ജിദുകളെക്കുറിച്ചും നമുക്ക് പരിശോദിക്കാം.

1) ഹാറത്തുദൌസ്

ഇബ്നു അബീ ജനൂബിന്‍റെ വീടിനടുത്തുള്ള ഹാറത്തു ദൌസ് ബത്വ്‌ഹാ താഴ്വരയുടെ പടിഞ്ഞാറ് വശത്താണ്. ഇബ്നു അബില്‍ ജനൂബിന്‍റെ ഭവനമെന്നു സംഹൂദി പ്രസ്താവിച്ചിട്ടുണ്ട്. ഈജിപ്ഷ്യന്‍ തകിയ്യയുടെ മുമ്പിലുള്ള സൈനിക മസ്ജിദാണ് ഇപ്പോള്‍ അവിടെ സ്ഥിതി ചെയ്യുന്നത്. അതിമനോഹരമാണിതിന്‍റെ കെട്ടിടം. തുര്‍ക്കി ഭരണകാലത്ത് ഇസ്തംബൂളില്‍ നിര്‍മ്മിക്കപ്പെട്ട മസ്ജിദുകളുടെ മാതൃകയിലാണിത്.

2) ദാറുഹകീമിന്‍റെ മുറ്റം

ഹിജ്റ രണ്ടാം വര്‍ഷം പെരുന്നാള്‍ നമസ്കരിച്ചത് ഈ സ്ഥലത്ത് വച്ചാണ്. പണ്ടു ഒഴിഞ്ഞുകിടന്നിരുന്ന ഈ ഭാഗം മൈദാനുൽ മുസ്വല്ല എന്ന പേരിൽ അറിയപ്പെട്ടു. ഇവിടെ നിര്‍മ്മിക്കപ്പെട്ട മസ്ജിദിന് മസ്ജിദുല്‍ ഗമാമ എന്ന് പറയപ്പെടുന്നു. ഈ മസ്ജിദിനു ഈ പേര് വിളിക്കാനുള്ള കാരണം താഴെ പറയുന്ന സംഭവമാണ്. അനസ്(റ)ല്‍ നിന്ന് നിവേദനം. നബി(സ) മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ നമസ്കാരസ്ഥലത്തേക്ക് പുറപ്പെട്ടു. എന്നിട്ട് പ്രസംഗം നടത്തി നമസ്കാരം നിര്‍വഹിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു. ഇത് നമുക്ക് സമ്മേളിക്കാനുള്ള സ്ഥലമാണ്. മഴക്ക് വേണ്ടി പ്രാര്‍ഥിക്കാനും ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും പ്രാര്‍ഥിക്കാനുള്ള സ്ഥലവുമാണ്. അതിനാല്‍ ആരും ഇവിടെ എടുപ്പോ തമ്പോ പണിയരുത്. പ്രവാചകന്‍റെ പ്രാര്‍ഥനാനന്തരം അവിടെ മേഘം നിഴലിട്ടു ശക്തമായ മഴ വര്‍ഷിച്ചു. അതിനാലാണ് പിൽകാലത്ത് ആ സ്ഥലത്ത് നിർമിക്കപ്പെട്ട പള്ളിക്കു മേഘം, മഴ എന്നെല്ലാം അർഥം വരുന്ന മസ്ജിദുൽ ഗമാമ എന്നു പേര് വന്നത്.

മസ്ജിദുൽ ഹറമിൽ നിന്നും 300 മീറ്റർ അകലെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് ആണ് മസ്ജിദുൽ ഗമാമ നില കൊള്ളുന്നത്‌. ഹദീഖതുൽ ബൈഅയിൽ നിന്ന് ഹറമിന്റെ മുൻവശത്തേക്കു പുറത്തുകൂടി നേരെ നീങ്ങിയാൽ മസ്ജിദുൽ ഗമാമയിൽ എത്തിച്ചേരാം. 




എന്നാല്‍ ഉമാവി ഖലീഫ വലീദ്ബിനു അബ്ദില്‍ മലിക്ക് പ്രവാചകന്‍ മദീനയില്‍ നമസ്കരിച്ച എല്ലാ മസ്ജിദുകളിലും പുനരുദ്ധരിക്കാനും മോടി  പിടിപ്പിക്കാനും മദീന ഗവര്‍ണ്ണരോട് കല്‍പ്പിച്ചപ്പോള്‍ മസ്ജിദുല്‍ ഗമാമയും മറ്റു മസ്ജിദുകളെപ്പോലെ പുനരുദ്ധരിചിട്ടുണ്ടെന്നു തീര്‍ച്ചയായും അനുമാനിക്കാം. അങ്ങേനെയാണെങ്കില്‍ ഹിജ്റ ഒന്നാം വര്‍ഷം തന്നെ ഇത് കെട്ടിടമായി നിര്‍മ്മിക്കപ്പെട്ടിരിക്കണം. ഹിജ്റ ഒമ്പതാം നൂറ്റാണ്ടിന്‍റെ അവസാനം വരെ ഇവിടെ പെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിക്കപ്പെട്ടിട്ടുണ്ടത്രേ. മദീനയിലെ ഭരണകര്‍ത്താക്കള്‍ ഈ മസ്ജിദിന്‍റെ ഉദ്ധാരണപ്രവര്‍ത്തനങ്ങളില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.  ഹി:748 നും 752നും ഇടക്ക് സുല്‍ത്താന്‍ ഹസനുബ്നു മുഹമ്മദിനബ്നീ ഖലാവൂന്‍ ഇതിനെ നവീകരിച്ചു. അഷ്‌റാഫ് ഭരണകാലത്തും പിന്നീട് ഉസ്മാനിയ്യ ഭരണകാലത്തും അവസാനം സഊദി ഭരണകാലത്തും  ഈ മസ്ജിദിന്ന് ആവശ്യമായ ഉദ്ധാരണവും പരിപാലനവും ലഭിച്ചിട്ടുണ്ട്.



3) അബ്ദുല്ലാഹിബ്നു ദുര്‍റത്ത് മുസ്നിയുടെ ഭവനം




ഈ സ്ഥലത്ത് നിര്‍മ്മിച്ച മസ്ജിദിന് ഉമറുബ്നുല്‍ ഖത്താബ് മസ്ജിദ് എന്ന് പറയുന്നു. ബനു മുസൈന വംശജരാണ് അബ്ദുല്ലാഹിബ്നു ദര്‍റത്ത്. നമസ്കാരസ്ഥലത്തിന്‍റെ പടിഞ്ഞാറ് വശത്താണ് ഇവരുടെ ഭവനം. ഇവിടെ നിര്‍മ്മിക്കപ്പെട്ട മസ്ജിദും മദീന വാണ വ്യത്യസ്ത ഭരണകൂടങ്ങള്‍ ആവശ്യമായ പരിപാലനം നടത്തി. പ്രത്യേകിച്ചും ഹിജാസ് ഭരണമേറ്റ ഉസ്മാനിയ്യ ഭരണാധികാരികള്‍..





4) ഹനാത്തൈനിക്കടുത്തുള്ള കല്‍പ്രദേശം

ഈ പ്രദേശത്ത് നിര്‍മ്മിക്കപ്പെട്ട മസ്ജിദിന് മശ്ഹദു മാലിക്ബ്നു സിനാന്‍ എന്ന് പറയപ്പെടുന്നു. ബുറൈസിം മാര്‍ക്കറ്റിന്‍റെ മധ്യത്തിലാണ് ഇത് സ്ഥിതി ചെയ്യുന്ന സ്ഥലം. 

അബുലിമമില്‍ ഗഫ്ഫാരി(റ)യുടെ മൌല ഉമൈറില്‍ നിന്ന് അബൂദാവൂദും തിര്‍മ്മിദിയും റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഒരു ഹദീസ് ഇപ്രകാരമാണ്. സൗറാഇനു സമീപത്തുള്ള സൈത്ത്ശിലകളുടെ അടുക്കല്‍ നിന്ന് മഴക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത് ഞാന്‍ കാണുകയുണ്ടായി. ഈ ശിലകള്‍ മാലിക്ബ്നു സിനാനീന്‍റെ മസ്ജിദിന്നടുത്താണ്.അവിടെ വച്ചാണ് അദ്ദേഹം രക്തസാക്ഷിയായതും മറവ് ചെയ്യപ്പെട്ടതും.

5) അബൂയസാര്‍

ഈ മുസ്വല്ലയില്‍ നിര്‍മ്മിക്കപ്പെട്ട മസ്ജിദ്, മസ്ജിദ് ഉസ്മാനിബ്നി അഫ്ഫാന്‍ എന്നറിയപ്പെടുന്നു. ബാബുശാമിലെ സൈനീകകോട്ടക്കകത്താണ് ഈ മസ്ജിദ്. പട്ടാള കേമ്പിനകത്ത് സൈനീകര്‍ക്ക് നമസ്കരിക്കാന്‍ മാത്രമായിരുന്നു അതുപയോഗിച്ചിരുന്നത്. മുന്‍കാലങ്ങളില്‍ ഇതിന്‍റെ ഉദ്ധാരണത്തിനു വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. എങ്കിലും ഇപ്പോള്‍ സഊദി ഗവണ്മെന്റിന്‍റെ ഔഖാഫില്‍ നിന്ന് അവിടെ നിശ്ചിത സമയത്ത് ബാങ്ക് വിളിക്കാനും ജമാഅത്ത് നമസ്കാരം നിര്‍വ്വഹിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.


6) ദാറുശ്ശിഫാഅ്

ഈ സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട മസ്ജിദ് അലിയ്യുബ്നു അബീത്വാലിബിന്‍റെ നാമധേയത്തിലാണ് അറിയപ്പെടുന്നത്. ഈ മസ്ജിദ് ഒമ്പതാം നൂറ്റാണ്ടില്‍ പൊളിഞ്ഞു വീണപ്പോള്‍ അന്നത്തെ മദീനാ ഗവര്‍ണ്ണറായിരുന്ന സൈനുദ്ധീന്‍ ളൈഗമുല്‍ മന്‍സൂരി ഹി: 881ല്‍ അത് പുതുക്കിപണിതു. അവസാനമായി ഈ മസ്ജിദ് നവീകരിച്ചത് ഹ:1267ല്‍ സുല്‍ത്താന്‍ അബ്ദുല്‍ മജീദാഖാന്‍ ആണ്.


7) ബനൂ സുറൈഖ് കോട്ട


ഹിജ്റ ഏഴാം വര്‍ഷത്തില്‍ നബി(സ) പെരുന്നാള്‍ നമസ്കരിച്ചത് ഈ കോട്ടക്കകത്തു വച്ചാണ്. ബിലാല്(റ)ന്‍റെ നാമധേയത്തിലാണ് ഇവിടെ നിര്‍മ്മിക്കപ്പെട്ട മസ്ജിദ് അറിയപ്പെടുന്നത്. ഇന്ന് ഈ സ്ഥലവും മസ്ജിദും നില കൊള്ളുന്നത് മസ്ജിദുല്‍ ഗമാമയുടെയും മുനിസിപ്പല്‍  കെട്ടിടത്തിന്‍റെയും ഇടക്കാണ്. ബിലാല്‍റ) അദേഹത്തിന്‍റെ കുടുംബത്തോടൊപ്പം ഈ സ്ഥലത്ത് താമസിച്ചിരുന്നുവത്രേ. ആ സ്ഥലത്ത് വച്ച് അദ്ദേഹം സുന്നത്ത് നമസ്കരിക്കുകയും ചെയ്തിരുന്നു. അത് കൊണ്ടാണ് അദ്ദേഹത്തിന്‍റെ നാമത്തില്‍ ഇത് അറിയപ്പെടുന്നതും.


8) മുഹമ്മദ്‌ബ്നു അബ്ദില്ലയുടെ ഭവനം

ഇതാണ് ഇന്ന് മസ്ജിദ് അബൂബക്കര്‍ സിദ്ധിഖ് (റ) എന്നറിയപ്പെടുന്നത്. ഈ സ്ഥലത്ത് വച്ചാണ് നജ്ജാശി രാജാവിന് നബി(സ) മയ്യിത്ത് നമസ്കരിച്ചത്.


നബി(സ) പെരുന്നാള്‍ നമസ്കരിച്ച സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട എട്ട് മസ്ജിദുകളെക്കുറിച്ചാണ് മുകളില്‍ പ്രദിപാദിച്ചത്. ഇവയില്‍ സഹാബിമാരുടെ നാമധേയത്തിലുള്ള മസ്ജിദുകളില്‍  ബിലാല്‍ (റ)ന്‍റെ പേരിലുള്ള മസ്ജിദ് ഒഴികെ മറ്റുള്ള മസ്ജിദുകളില്‍  അവരുമായി ബന്ധപെട്ട എന്തെങ്കിലും കാര്യങ്ങളാല്‍ വന്നതല്ല. ഇവ കൂടാതെ വേറെയും മസ്ജിദുകള്‍ മദീനയിലും പരിസരങ്ങളിലും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ ചിലതിനെക്കുറിച്ച് താഴെ പറയുന്നു.

9) മസ്ജിദു സയ്യിദത്തു ഫാത്തിമ

ഹുസൈന്‍(റ)ന്‍റെ പുത്രി ഫാത്തിമ സുഹ്റയുടെ വീടായിരുന്നു ഇത്. ഇവിടെ നിര്‍മ്മിച്ച പള്ളിയാണിത്. ഇപ്പോള്‍ ഈ മസ്ജിദ് ഇല്ല. മസ്ജിദുന്നബവിയുടെ വിപുലീകരണത്തോടെ അത് അതിലുള്‍പ്പെട്ടു.


10) മസ്ജിദുസ്സുഖ് യാ

മദീനയുടെ പടിഞ്ഞാറ് വശത്തുള്ള ഒരു കല്‍പ്രദേശത്തുള്ള കിണറിന്‍റെ പേരാണ് സുഖയ്യാ. അവിടെ ഒരു മസ്ജിദ് നിര്‍മ്മിച്ചപ്പോള്‍ അത് ആ പേരില്‍ അറിയപ്പെട്ടു. ഈ സ്ഥലം സഅ്ദുബ്ന് അബീവഖാസിന്‍റെതായിരുന്നു. ഒരു യുദ്ധത്തിനു പുറപ്പെട്ട് സഞ്ചരിക്കവേ നബി(സ) ഈ സ്ഥലത്തെത്തി. അവിടെ വച്ച് നബി(സ) നമസ്കരിച്ചുവെന്ന് അഹമദ്ബ്നു ഹംബലും ത്വബ്റാനിയും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. പ്രവാചകന്‍ ആ സ്ഥലത്ത് വച്ച് പ്രാര്‍ഥിച്ചു. അല്ലാഹുവെ, ഇബ്റാഹീം നിന്‍റെ ചങ്ങാതിയും ദാസനും ആണ്. അദ്ദേഹം നിന്നോട് മക്കക്കാര്‍ക്ക് അനുഗ്രഹത്തിനായി പ്രാര്‍ഥിച്ചു. അല്ലാഹുവെ, ഞാനും നിന്‍റെ അടിമയും ദൂദനുമാണ്. മദീനക്കാര്‍ക്ക് അവരുടെ മുദ്ദിലും സാഇലും(അളവുപാത്രങ്ങള്‍) ഇരട്ടി അനുഗ്രഹം ചൊരിയണമെന്നു  - മക്കക്കാര്‍ക്ക് നീ അനുഗ്രഹം നല്‍കിയത് പോലെ - നിന്നോട് ഞാന്‍ പ്രാര്‍ഥിക്കുന്നു. വളരെ ചെറുതായിരുന്നു ഈ മസ്ജിദ്. അന്‍ബരിയ്യാ മുതല്‍ ഉര്‍വ്വ വരെയുള്ള റോഡിന്‍റെ നിര്‍മ്മാണത്തില്‍ ഈ മസ്ജിദ് നീക്കം ചെയ്യപ്പെട്ടിരിക്കുന്നു.


11) മസ്ജിദുല്‍ മനാറത്തൈനി

അഖീഖുല്‍ കബീറിലേക്കുള്ള മാര്‍ഗ്ഗത്തില്‍ അസ് ലുല്‍ മനാറത്തൈനി എന്ന സ്ഥലത്താണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്; നബി(സ) ഈ മസ്ജിദില്‍ നമസ്കരിച്ചിട്ടുണ്ട്. സംഹൂദി എഴുതുന്നു. അഖീഖില്‍ നിന്ന്‍ വരുന്ന വഴിയുടെ വലതു വശത്താണ് ഈ മസ്ജിദ്.


ഇപ്പോള്‍ ആ സ്ഥലത്ത് കുറെ കല്‍കൂമ്പാരം മാത്രമേ ഉള്ളൂ. മിഹ്റാബും രണ്ടു വാതിലും കാണപ്പെടുന്നുണ്ട്. ഹി:972ല്‍ മണ്ണ് നീക്കിയാണ് മസ്ജിദിന്‍റെ അവശിഷ്ടം കണ്ടെത്തിയതെന്ന് ചരിത്രകാരന്‍ സ്വലാഹ് പറയുന്നു.


12)  മസ്ജിദു ഉര്‍വ


അബ്ദുല്ലാഹിബ്നുഉമരി(റ)ല്‍ നിന്ന് ഇപ്രകാരം ഒരു ഹദീസ് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. അദ്ദേഹം പറയുന്നു.  വാദില്‍ അഖീഖില്‍ വെച്ച് നബി(സ) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു. രാത്രിയില്‍ എന്‍റെ അടുത്ത ഒരാള്‍ വന്ന്(മലക്ക്) പറഞ്ഞു. ഈ അനുഗ്രഹീത താഴ്വരയില്‍ താങ്കള്‍ നമസ്കരിക്കുക. വാദില്‍ അഖീഖ് അനുഗ്രഹീതമാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ആമിറുബ്നുസഅദില്‍ നിന്ന് ഇബ്നുശബ്ബ ഇപ്രകാരം ഉദ്ധരിക്കുന്നു. നബി(സ) വാദില്‍ അഖീഖിലേക്ക് പോയി തിരിച്ചു വന്നെന്നു ആയിഷ(റ)യോട് പറഞ്ഞു. ആയിഷ നാം വരുന്നത് അഖീഖില്‍ നിന്നാണ്. എന്തൊരു മിനുമിനുത്ത സ്ഥലം! എന്തൊരു രുചിയുള്ള വെള്ളമാണവിടെ! ആയിഷ(റ) പറഞ്ഞു:  ദൈവ ദൂദരേ എന്നാല്‍ നമുക്ക് അങ്ങോട്ട്‌ താമസം മാറ്റാമോ . നബി(സ) പറഞ്ഞു. അതെങ്ങിനെ കഴിയും. ജനങ്ങളെല്ലാം അവിടെ കെട്ടിടങ്ങളുണ്ടാക്കി കഴിഞ്ഞു. നബി(സ) അഖീഖ് ഭൂമിയെ കുറിച്ച് പറഞ്ഞതായി ഖാലിദുസ്സഅ്ദാനി പറയുന്നു. കൂടുതല്‍ കാറ്റ് അവിടെ ഇല്ലായിരുന്നുവെങ്കില്‍ എത്ര നല്ല സ്ഥലമാണ്‌ വാദീഅഖീഖ്.


ഈ സ്ഥലത്ത് നല്ല ഒരു മനുഷ്യന്‍ ഒരു മസ്ജിദ് ഉണ്ടാക്കി. സയ്യിദ് അബ്ദുല്‍ മുഹ്സിന്‍ അസ്അദാണ് ആ മഹാന്‍. സഊദി ഗവണ്മെന്റിന്‍റെ ഔഖാഫ് മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലാണിത്. പ്രവാചകന്‍റെ പുരാതന അവശിഷ്ടങ്ങളില്‍ ഇത് പരിഗണിക്കാനാവില്ല.


13) മസ്ജിദു ദുല്‍ ഹുലൈഫ


മസ്ജിദു ശ്ശജറ, മസ്ജിദുല്‍ ഇഹ്റാം, മസ്ജിദു അബ് യാര്‍ അലി എന്നൊക്കെ ഈ മസ്ജിദിന് പേരുണ്ട്. 




മദീനയില്‍ നിന്ന് ഹജ്ജിനും ഉമ്രക്കും പോകുമ്പോള്‍ ഇഹ്റാമില്‍ പ്രവേശിക്കേണ്ട മീക്കാത്താണിത്. ദുല്‍ഹുലൈഫ എന്നത് ഒരു താവളത്തിന്‍റെ പേരാണ്. നബി(സ) അവിടെ ഇറങ്ങി വിശ്രമിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. അവിടെ ഇന്ന് മസ്ജിദ് സ്ഥിതി ചെയ്യുന്നിടത്തുള്ള ആ മറച്ചുവട്ടിലാണ് നബി(സ) ഇറങ്ങുകയും നമസ്കരിക്കുകയും ചെയ്തിരുന്നത്. അബ്ദുല്ലാഹിബിനു ഉമര്‍(റ)ല്‍ നിന്ന് ഇമാം മുസ്ലിം ഉദ്ധരിക്കുന്നു. നബി(സ) ദുല്‍ഹുലൈഫയില്‍ രാത്രി താമസിച്ചു. അവിടത്തെ മസ്ജിദില്‍ നമസ്കരിച്ചു. മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങിനെയാണ്‌.. നബി(സ) ദുല്‍ഹുലൈഫയില്‍ രണ്ടു റക്അത്ത് നമസ്കരിച്ചു. എന്നിട്ട് ദുല്‍ഹുലൈഫയിലെ മസ്ജിദിന്നടുത്ത് വാഹനത്തില്‍ കയറിയതായി കഴിഞ്ഞാല്‍ ഇപ്രകാരം പറഞ്ഞു ഇഹ്റാമില്‍ പ്രവേശിക്കുമായിരുന്നു. ലബ്ബയ്ക്കല്ലാഹുമ്മലബ്ബയ്ക്ക്.... പില്‍കാലത്ത് ഇവിടെ വലിയ മസ്ജിദ് നിര്‍മ്മിച്ചു. ഹി:861 ല്‍ പഴയ അടിത്തറയില്‍ നവീകരിച്ചു. ഇഹ്റാമിന് എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനും കുളിക്കാനും വമ്പിച്ച സൗകര്യങ്ങളാണുള്ളത്.

14) ദുല്‍ഹുലൈഫയിലെ മസ്ജിദു മുഅര്‍റസ്


അബു അബ്ദില്ലാഹില്‍ അസദി പറയുന്നു: നബി(സ)ക്ക് ദുല്‍ ഹുലൈഫയില്‍ രണ്ടു മസ്ജിദ് ഉണ്ട്. ഒന്ന് ഇഹ്റാമില്‍ പ്രവേശിക്കുന്ന മസ്ജിദ്. മറ്റൊന്ന് ബൈദാഅ് കയറ്റത്തിനു മുന്‍പുള്ള മുഅര്‍റ'സ് മസ്ജിദ്.


യാത്രാവേളയില്‍ രാത്രിയുടെ മൂന്നിലൊന്നു കഴിഞ്ഞാല്‍ പ്രഭാതം വരെ വിശ്രമിക്കാന്‍ ഇറങ്ങുന്നതിനാണ് അറബിയില്‍ തഅരീസ് എന്ന് പറയുക. നബി(സ)യാത്ര കഴിഞ്ഞു മടങ്ങവേ ഈ സ്ഥലത്ത് ഇറങ്ങുകയും അവിടെ നമസ്കരിക്കുകയും ചെയ്ത് കൊണ്ട് ഇവിടുത്തെ മസ്ജിദിന് ആ പേര്‍ സിദ്ദിച്ചു. ഇത് കൊച്ചു നമസ്കാര സ്ഥലമാണ്. ഭൂമിക്കുമേല്‍ പറയത്തക്ക വലിപ്പത്തില്‍ ചുമര്‍ പോലും ഉണ്ടായിരുന്നില്ല. അവിടെ ചിലര്‍ കൃഷി ചെയ്തിരുന്നു. ഇമാം  ബുഖാരി നാഫിഇല്‍ ഉദ്ധരിക്കുന്ന ഹദീസില്‍ നിന്ന് ഈ മസ്ജിദിന്‍റെ പ്രാധാന്യം വ്യക്തമാകും. നബി(സ) ഉംറക്ക് പോകുമ്പോള്‍ ദുല്‍ഹുലൈഫയില്‍ ഇറങ്ങും. ഹജ്ജിനു പോയപ്പോഴും ഇപ്പോള്‍ ദുല്‍ഹുലൈഫയില്‍ മസ്ജിദ് ഉള്ള ഭാഗത്ത് മരത്തിന്‍റെ ചുവട്ടില്‍ ഇറങ്ങി. അവിടുണ്ണ്‍ യുദ്ധത്തില്‍ നിന്നോ ഹജ്ജ്-ഉംറകളില്‍ നിന്നോ മടങ്ങുകയാണെങ്കില്‍ വാദീഅഖീഖിലെ വിശാലമായ പ്രദേശത്തെത്തിയാല്‍ ഇറങ്ങും. ഈ സ്ഥലം കണ്ടാല്‍ വാഹനത്തെ അവിടെ മുട്ടു കുത്തിക്കുകയും പ്രഭാതം വരെ അവിടെ കഴിച്ചു കൂട്ടുകയും ചെയ്യുമായിരുന്നു.


15) മസ്ജിദു മഗ്സല


പഴയ കാലത്ത് മസ്ജിദു ബനീദീനാര്‍, ഇബ്നി നജ്ജാര്‍ എന്നൊക്കെയാണിത് അറിയപ്പെട്ടിരുന്നത്. നബി(സ) എത്രയോ തവണ ഇവിടെ നമസ്കരിചിട്ടുണ്ട്. അബൂബക്കര്‍(റ) ബനൂദീനാര്‍ വംശത്തില്‍ നിന്ന് വിവാഹം ചെയ്യുകയുണ്ടായി. ഒരിക്കല്‍ അദ്ദേഹത്തിന് രോഗം ബാധിച്ചപ്പോള്‍ നബി(സ) അദ്ദേഹത്തെ സന്ദര്‍ശിച്ചു. അപ്പോള്‍ അവര്‍ നമസ്കരിക്കാറുള്ള സ്ഥലത്ത് അവര്‍ക്ക് ഇമാമായി നില്‍ക്കാന്‍ നബി(സ)യോട് ആവശ്യപ്പെട്ടു. പ്രവാചകന്‍ അവിടെ നമസ്കരിച്ചു. 


അവിടെയുള്ള ഒരു കല്ലില്‍ ഇപ്രകാരം കൊത്തിവച്ചിട്ടുണ്ട്. ഇത് പ്രവാചകന്‍റെ മസ്ജിദ് ആണ്. ആറു മുഴം സമചതുരത്തില്‍ ഒരു ചെറിയ മസ്ജിദ് ആണിത്.


16) മസ്ജിദുല്‍ ജുമുഅഃ

മദീനയിലേക്ക് ഹിജ്റ വന്ന മുഹമ്മദ്‌ നബി(സ) ഖുബാ പള്ളി സ്ഥാപിച്ച് കുറച്ച് നാള്‍ അവിടെ തങ്ങിയ ശേഷം മദീനയുടെ മധ്യഭാഗത്തേക്ക് ഒരു വെള്ളിയാഴ്ചയാണ് യാത്ര തുടര്‍ന്നത്. ബനൂസാലിമ്ബ്നു ഔഫ്‌ ഗോത്രത്തിന്‍റെ വാസസ്ഥലത്തെത്തിയപ്പോള്‍ ജുമുഅ നമസ്കരിക്കാന്‍ സമയമായി.അവിടെയുള്ള വാദിസുല്‍ബ് എന്ന സ്ഥലത്ത് വെച്ച് നൂറോളം വരുന്ന അനുചരന്മാര്‍ക്കൊപ്പം നബി(സ) ജുമുഅ നിര്‍വഹിച്ചു. പ്രവാചകന്‍ നിര്‍വ്വഹിച്ച ആദ്യത്തെ ജുമുഅയാണിത്.  ‘ബനൂസാലിമ്ബ്നു ഔഫ്’ കുടുംബക്കാരുടെ  ആ സ്ഥലത്ത് പില്‍ക്കാലത്ത് അവര്‍ നിര്‍മിച്ച പള്ളിയാണ് മസ്ജിദ് ജുമുഅ. ഖുബാ മസ്ജിദിനും മസ്ജിദുന്നബവിക്കും ഇടയില്‍ റനൂന താഴ്വരയില്‍, ഖുബയില്‍നിന്ന് മദീനയിലേക്ക് വരുമ്പോള്‍ വലതുവശത്ത് കാണുന്ന ബനാത്ത് കോളേജിനടുത്ത് ശര്‍ബത്തലീ ഗാര്‍ഡനിലാണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്.




 ഖുബായിലേക്ക് പോകുമ്പോള്‍ ഇടതുവശത്തുകാണുന്ന ഈ പള്ളി വളരെ മനോഹരവും ശില്‍പ്പഭംഗി തുളുമ്പുന്നതുമാണ്. മുമ്പുണ്ടായിരുന്ന പള്ളിയുടെ കെട്ടിടം തകര്‍ന്നപ്പോള്‍ സയ്യിദ് ഹസന്‍ ശര്‍ബത്തലി എന്ന ഉദാര മനസ്കനാണ് ഇത് പുനര്‍നിര്‍മിച്ചത്.  മസ്ജിദുല്‍ വാദീ, മസ്ജിദു ആതിഖ എന്നപേരിലും ഇതറിയപ്പെടുന്നു.



17) മസ്ജിദു ബനാത്തിനജ്ജാര്‍
നബി(സ)യുടെ ആഗമനത്തില്‍ ആഹ്ലാദം കൊണ്ട് ബനൂനജ്ജാര്‍ ഗോത്രത്തിലെ പെണ്‍കുട്ടികള്‍ വരിവരിയായി നിന്ന് സ്വാഗതഗാനമാലപിക്കുകയുണ്ടായി. ഖുബാഇല്‍ എത്തുന്നത്തിനു മുമ്പ് വഴിയുടെ ഇടതുവശത്തായി അവര്‍ നിരന്നു നിന്ന സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട മസ്ജിദ് ആണ് മസ്ജിദു ബനാത്തിന്നജ്ജാര്‍ . ഈ മസ്ജിദ് ഇപ്പോഴും കാണപ്പെടും.


18 )മസ്ജിദുല്‍ ഖുബാഅ്
വിശുദ്ധഖുര്‍ആന്‍ സൂറഃ തൌബ 107 – 110 സൂക്തങ്ങളല്‍ അളവറ്റ് പ്രകീര്‍ത്തിച്ച വിശുദ്ധപള്ളിയാണ് മസ്ജിദുഖുബാഅ്. തഖ്വയില്‍ അടിത്തറതീര്‍ത്ത ആദ്യമസ്ജിദ് എന്നാണ് ഖുര്‍ആന്‍ ഭാഷ്യം. മുഹമ്മദ്‌ നബി മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ ചെയ്തു വന്നപ്പോൾ ആദ്യമായി ഇറങ്ങി താമസിച്ചത് അന്ന് മദീനയിൽ വസിച്ചിരുന്ന ബനൂ അംറ്ബ്നു ഔഫ് ഗോത്രക്കാരിലെ കുൽസൂമുബ്നു ഹിദ്മ് എന്ന സ്വഹാബിയുടെ വീട്ടിലായിരുന്നു. അവിടത്തെ സ്വഹാബികൾക്കൊപ്പം കുൽസൂമിന്റെ ഭൂമിയിലാണ് ഈ പ്രഥമ ആരാധനാലയം നബി നിർമിച്ചത്. വിശുദ്ധ ഖുർആൻ മസ്ജിദുതഖ്വ എന്നാണ് ഖുബാ പള്ളിയെ വിശേഷിപ്പിക്കുന്നത്. ഹിജ്റയുടെ വാര്‍ത്തകേട്ട അന്‍സ്വാറുകള്‍ പ്രവാചകനെ പ്രതീക്ഷിച്ച് എല്ലാ ദിവസവും രാവിലെ മദീനയുടെ വെളിയിലുള്ള ഹര്‍റയില്‍ ചെന്ന് കാത്തുനില്‍ക്കുമായിരുന്നു. വൈകുന്നേരം വരെ കാത്തിരുന്ന് അവര്‍ വീടുകളിലേക്ക് തിരിച്ചുപോകും. ഒരു യഹൂദിയാണ് ഒരു മലമുകളില്‍വെച്ച് ആ കാഴ്ച ആദ്യം കണ്ടത്. ‘സത്യത്തിന്റെ പരിശുദ്ധാത്മാവും കൂട്ടുകാരനും കൂടി ഈന്തപ്പന പടര്‍ന്നുനില്‍ ക്കുന്ന മരുഭൂപ്രദേശത്തേക്ക്’ ശാന്തരായി കടന്നുവരുന്നു. അയാള്‍ മലമുകളില്‍ കയറി വിളിച്ചുകൂവി. ‘ബനൂഖൈലാ വിഭാഗമേ, ഇതാ നിങ്ങള്‍ കാത്തിരിക്കുന്ന ഭാഗ്യനക്ഷത്രം’. കേട്ടവര്‍ കേട്ടവര്‍ ഓടിക്കൂടി. അങ്ങനെ അവര്‍ മനസ്സുനിറയെ സന്തോഷിച്ചു. തിരുനബി(സ്വ) വലതുഭാഗത്തേക്ക് വഴിമാറിനടന്നു. ഖുബായിലുള്ള ഇംറുഉല്‍ ഖൈസിന്റെ മകന്‍ കുത്സൂമിന്റെ വീട്ടില്‍ അവിടുന്ന് യാത്രക്കിറങ്ങി. അതിന്റെ മുറ്റത്ത്് അവരുടെ ഒരു തരിശു നിലമുണ്ടായിരുന്നു. കാരക്ക ഉണക്കുന്ന സ്ഥലം. നബി(സ്വ) അത് ഏറ്റെടുത്തു. അവിടെ പള്ളി പണികഴിപ്പിച്ചു. അതത്രെ നബി(സ്വ) മദീനയില്‍ സ്ഥാപിച്ച ആദ്യത്തെ പള്ളി. മസ്ജിദു ഖുബാഅ്.





ദിവസങ്ങള്‍ക്കുശേഷം നബി(സ്വ) അവിടുന്ന് താമസം മാറ്റി. ഇപ്പോള്‍ മസ്ജിദുന്നബവി നില്‍ ക്കുന്ന സ്ഥാനം കേന്ദ്രമാക്കി പള്ളിവെച്ചു. എന്നാല്‍ അവിടുന്ന് പില്‍ക്കാലത്തുടനീളം ആദ്യപള്ളിക്ക് അര്‍ഹമായ സ്ഥാനം നല്‍കി ആദരിച്ചു. നബി മരിക്കുന്നതു വരെ എല്ലാ ശനിയാഴ്ചയും കാൽനടയായോ വാഹനപ്പുറത്തോ മസ്ജിദ് ഖുബായിൽ വന്ന് നമസ്കരിക്കാറുണ്ടായിരുന്നു.


മുആദുബിന്‍ ജബലി(റ)നെ അവിടെ ഇമാമാക്കി നിശ്ചയിക്കുകയും ചെയ്തു. റസൂല്‍(സ്വ) ഖുബാ സന്ദര്‍ശനം വിയോഗം വരെ നിലനിര്‍ത്തി. അവിടുന്ന് വഫാത്തായ ശേഷം സ്വഹാബിമാര്‍ ഈ പള്ളി സന്ദര്‍ശിക്കുകയും നിസ്കരിക്കുകയും പ്രത്യേകം ആദരിക്കുകയും ചെയ്തിരുന്നു. ഇടക്കിടെ സംഘമായി മുഹാജിറുകള്‍ അവിടെ പോകുമായിരുന്നു. അബൂബക്ര്‍(റ), ഉമര്‍(റ) മുതലായവരെല്ലാം പിന്നില്‍ തുടര്‍ന്നുകൊണ്ട് അബൂഹുദൈഫ(റ)യുടെ ഭൃത്യന്‍ സാലിം(റ) അവിടെ ഇമാമായി നിസ്കരിച്ച സംഭവം ബുഖാരിയിലുണ്ട്. മസ്ജിദു ഖുബായില്‍ വെച്ചുള്ള നിസ്കാരം ഉംറയോട് തുല്യമാണെന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു. നിസ്കാരവും സന്ദര്‍ശനവും കരുതി അവിടെ പോകല്‍ ശക്തിയായ സുന്നത്തുണ്ട്


ഖുബാ പള്ളി പലതവണപ ുനര്‍നിര്‍മിക്കപ്പെടുകയുണ്ടായി. അമവീ ഖലീഫ അബ്ദുല്‍ മലിക് മസ്ജിദുന്നബവി വികസിപ്പിച്ചശേഷം ഖുബാ മസ്ജിദും പുനരുദ്ധരിക്കുകയുണ്ടായി. പില്‍ക്കാലത്ത് പല വികസനങ്ങളും നടന്നു. ഉസ്മാനീ ഭരണകൂടം ഇത് വളരെ വിപുലീകരിച്ചു.അവസാനമായി 1986-ൽ ഫഹ്ദ് രാജാവ് പുതുക്കി പണിത പള്ളിയാണ് ഇപ്പോഴുള്ളത്.

19) മസ്ജിദുല്‍ മസ്റഅ്

മഹാനായ ഹംസ(റ) ഉഹ്ദ് യുദ്ധത്തില്‍ രക്തസാക്ഷിയായി വീണ സ്ഥലമാണ് വാദിഖനാത്തിന്‍റെ അറ്റം. ഇവിടെയാണ്‌ മസ്ജിദുല്‍ മസ്റഅ്. കുത്തുകൊണ്ട അദ്ദേഹം ഈ സ്ഥലത്ത് നിന്നും അദ്ദേഹത്തിന്‍റെ ആദ്യ ഖബറിടം ഉണ്ടായിരുന്ന സ്ഥാനത്തേക്ക് നടന്നു നീങ്ങിയെന്നും പറയപ്പെടുന്നു. പതിനെട്ടുമുഴം സമചതുരത്തില്‍ ആണ് ഈ മസ്ജിദ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്‌.

20) മസ്ജിദു സയ്യിദിശ്ശുഹാദാഅ്

പ്രവാചകന്‍റെ പിതൃവന്‍ ഹംസത്തുബ്നു അബ്ദില്‍ മുത്തലിബ്   സയ്യിദ്ശ്ശുഹദാഅ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ പേരില്‍ മസ്ജിദ് നിര്‍മ്മിച്ചത് ഹിജ്റ: 570ല്‍ ഖലീഫ നാസിറുദീനില്ലാഹിയുടെ മാതാവാണെന്ന് മില്‍ആത്തുല്‍ ഹറമൈനി എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ഈ മസ്ജിദിന്‍റെ പടിഞ്ഞാറ് വശം 893ല്‍ അഷ്‌റഫ്‌ ഖയ്ത്തബായ് വികസിപ്പിച്ചു.

ഹംസ(റ)യെ മറവ് ചെയ്ത്  46 വര്‍ഷം കഴിഞ്ഞു മര്‍വാനുബ്നു ഹകമിന്‍റെ ഭരണകാലത്ത് ഒരു വലിയ പ്രളയമുണ്ടായപ്പോള്‍ ഖബ്ര്‍ തുറക്കുകയും മയ്യിത്ത് പുറത്ത് കാണപ്പെടുകയും ചെയ്തു. അപ്പോള്‍ ഹംസ (റ)യുടെയും സഹോദരി പുത്രന്‍ അബ്ദുല്ലാഹിബ്നു ജഹ്ശിന്‍റെയും മയ്യിത്ത് അവിടെ നിന്ന് എടുത്ത് ഇപ്പോഴുള്ള സ്ഥാനത്ത് മറവ് ചെയ്തു. ഖബര്‍ നില്‍ക്കുന്നീടത്ത് ഉസ്മാനിയാക്കള്‍ മനോഹരമായ മസ്ജിദ് നിര്‍മ്മിച്ചു. പക്ഷെ ആ കാലഘട്ടത്തില്‍ ഖബര്‍ മുത്തുകയും സ്പര്‍ശിച്ചു പുണ്ണ്യം തേടുകയും നേര്‍ച്ചവഴിപാടുകള്‍ നേരുകയും ചെയ്യുന്നത് വിവരമില്ലാത്തവര്‍ പതിവാക്കി. ഇപ്പോള്‍ സഊദി ഭരണകാലത്ത് 1388-ല്‍ ഹംസ(റ)യുടെയും അബ്ദുല്ലാഹിബ്നു ജഹ്ശിന്‍റെയും അതിനോട് ചേര്‍ന്ന മറ്റു ഖബറുകളുടെയും ചുറ്റും വളരെ ഉയരത്തില്‍ മതില്‍ കെട്ടി, ശിര്‍ക്ക്പരമായ പ്രവര്‍ത്തനങ്ങള്‍ അവിടെ നടക്കാതിരിക്കാന്‍ എല്ലാ വിധ ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ട്.

21) മസ്ജിദുസ്സനായാ

ഒരു ചെറിയ മസ്ജിദാണിത്. ഉഹ്ദ് മലയിലേക്കുള്ള വഴിയാണിത്. ഈ സ്ഥാനത്ത് വെച്ചാണ് പ്രവാചകന്‍റെ മുന്‍പല്ല് ഉഹ്ദ് യുദ്ധവേളയില്‍ കൊഴിഞ്ഞ് വീണത്. മസ്ജിദ് ഇപ്പോള്‍ നാമാവശേഷമായിട്ടുണ്ടെങ്കിലും അതിന്‍റെ അടയാളങ്ങള്‍ കാണപ്പെടുന്നു.

22) മസ്ജിദു ജബല്‍ ഉഹ്ദ് (മസ്ജിദുൽ ഫസ്ഹ്)

ഉഹുദ് യുദ്ധം നടന്ന ദിവസം ഉഹുദ് മലയുടെ താഴ്വാരത്ത് വെച്ച് വിശ്വാസികൾ ളുഹർ നമസ്കരിച്ച പള്ളിയാണ് മസ്ജിദുൽ ഫസ്ഹ്. ഈ നിസ്കാരത്തിൽ സൗകര്യം കുറഞ്ഞ പള്ളിയിലെ സ്വഫിൽ ഇടംകിട്ടാൻ സ്വഹാബികൾ തിക്കി തിരക്കി. സദസ്സിൽ സ്ഥല സൌകര്യമുണ്ടാക്കി കൊടുക്കണമെന്ന് മുഹമ്മദ്‌ നബി(സ) തന്റെ സ്വഹാബികൾക്ക് നിർദേശം നൽകി. ഇക്കാര്യം പരാമര്‍ശിച്ചു കൊണ്ട് താമസിയാതെ ഖുര്‍ആന്‍ വചനമിറങ്ങി. "സത്യവിശ്വാസികളേ, നിങ്ങള്‍ സദസ്സുകളില്‍ സൌകര്യപ്പെടുത്തി കൊടുക്കുക എന്ന് നിങ്ങളോടു പറയപ്പെട്ടാല്‍ നിങ്ങള്‍ സൌകര്യപ്പെടുത്തികൊടുക്കണം. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൌകര്യപ്പെടുത്തിത്തരുന്നതാണ്‌. "(അല്‍മുജാതില: 11). അന്ന് ഉഹുദ് താഴ്വാരത്ത് നബി(സ)യും സ്വഹാബികളും നമസ്കാരം നിർവഹിച്ച മസ്ജിദുൽ ഫസ്ഹിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെയുണ്ട്. 
മസ്ജിദുല്‍ ഫസ് ഹ്


23) മസ്ജിദുൽ ഖിബ് ലത്തൈൻ

മദീനയുടെ പടിഞ്ഞാറു ഭാഗത്തുള്ള ഹർറത്തുൽവബ്റ എന്ന കുന്നിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്ത് അഖീഖുസ്സുഗ്റ താഴ്വരക്ക് അഭിമുഖമായിട്ടാണ് മസ്ജിദുൽ ഖിബ് ലത്തൈനി സ്ഥിതിചെയ്യുന്നത്. രണ്ട് മിഹ്റാബുകൾ ഉൾക്കൊള്ളുന്നു എന്നതാണ് ഈ പള്ളിയുടെ പ്രത്യേകത. ഉൾഭാഗത്ത് കഅബയെ അഭിമുഖീകരിക്കുന്ന മിഹ്റാബും കാണാം. ഉൾഭാഗത്തെ മിഹ്റാബിന് ഖുബ്ബയുടെ ആകൃതിയാണുള്ളത്. അതിന്റെനീളം 9.20 മീറ്ററും വീതി 4.50 മീറ്ററും ഉയരം 4.50 മീറ്ററും ആകുന്നു. പള്ളിയെ വലയം ചെയ്ത് വിശാലമായ ഒരു മുറ്റമുണ്ട്. പടിഞ്ഞാറു ഭാഗത്തു കൂടിയുള്ള പടികൾ കയറി വേണം അവിയെത്താൻ. കിഴക്കു പടിഞ്ഞാറു മൂലയിൽ പുതുതായി നിർമിച്ച ഒരു മിനാരവും കാണാം. ഉസ് മാനിയാ ഭരണാധികാരികൾ, ചെത്തിമിനിക്കിയ കല്ലുകളും കുമ്മായവും ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. മക്കയിലെ മസ്ജിദുൽ ഹറാമിനെ ഖിബ്ലയാക്കി നിശ്ചയിച്ച സംഭവവുമായാണ് ഖിബ്ലത്തൈൻ മസ്ജിദിന്റെ ബന്ധം.






മുസ്ലീകള്‍ ഇസ്ലാമിന്‍റെ ആരംഭത്തില്‍ നമസ്കാരത്തില്‍ തിരിഞ്ഞു നിന്നിരുന്നത് ബൈത്തുല്‍ മുഖദ്ദിസിലേക്ക് ആയിരുന്നു. പ്രവാചകന്‍റെ മക്കാ ജീവിതത്തിലും ഹിജ് റാനന്തരം ഏതാനും മാസങ്ങളും ഈ സ്ഥിതിയില്‍ ആയിരുന്നു. ഖിബ് ല മക്കയിലെ മസ്ജിദുല്‍ ഹറാമിലേക്കായാല്‍ നന്നായിരുന്നുവെന്ന് നബി(സ) ആഗ്രഹിച്ചിരുന്നു. പ്രവാചകന്‍റെ ഈ ആഗ്രഹം സാധിപ്പിച്ചു കൊണ്ട് ഖുര്‍ആന്‍ വചനമിറങ്ങി.



"നിന്റെ മുഖം അടിക്കടി മാനത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്കിഷ്ടപ്പെടുന്ന ഖിബ്ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനിമുതല്‍ മസ്ജിദുല്‍ഹറാമിന്റെ നേരെ നീ നിന്റെ മുഖം തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങള്‍ അതിന്റെ നേരെ മുഖം തിരിക്കുക. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത് തങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യമാണെന്ന് നന്നായറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല."[വി.ഖു.2:144]



ബനൂസലമ ഗോത്രത്തിലെ ഉമ്മുബിശ് റിബനിബാറാഇനെ സന്ദര്‍ശിക്കാന്‍ പോയ വേളയില്‍ ളുഹര്‍ നമസ്കരിക്കാന്‍ സമയമായപ്പോള്‍ ആ ഗോത്രത്തിന്‍റെ മസ്ജിദില്‍ നബി(സ) നമസ്കരിക്കവേ നാല് റക്അത്തുള്ള ളുഹ്റിന്റെ രണ്ട് റക്അത്ത് നമസ്കരിച്ച ശേഷമായിരുന്നു ഖിബ് ല തിരിയാന്‍ ഈ ദൈവകല്പനയുണ്ടായത്.അപ്പോള്‍ നബി(സ)യും കൂടെയുള്ളവരും നമസ്കരിച്ചുകൊണ്ട് തന്നെ എതിര്‍വശത്തേക്ക് കറങ്ങികൊണ്ട് നിന്നു.അപ്പോള്‍ പുരുഷന്മാര്‍ സ്ത്രീകള്‍ നില്‍ക്കുന്നേടത്തേക്കും, സ്ത്രീകള്‍ പുരുഷന്മാര്‍ നില്‍ക്കുന്നേടത്തേക്കുമായിത്തീര്‍ന്നു അവരുടെ നിര്‍ത്തം.   അങ്ങനെ ഒരു നേരത്തെ നമസ്കാരം രണ്ട് വ്യത്യസ്ഥ ഖിബ് ലകളുടെ നേരെ തിരിഞ്ഞ് നിന്ന് നമസ്കരിച്ചത് ഈ പള്ളിയിൽ വെച്ചായതിനാൽ അത് മുതൽ പ്രസ്തുത പള്ളി മസ്ജിദുൽ ഖിബ് ലത്തൈനി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഹിജ്റ രണ്ടാം വർഷത്തിലായിരുന്നു ഈ സംഭവം നടന്നത്. (നബി(സ) കഅ്ബയിലേക്ക് തിരിഞ്ഞ് ആദ്യമായി മസ്ജിദുന്നബവിയില്‍ നിര്‍വ്വഹിച്ചത് അസര്‍ നമസ്കാരം ആണെന്ന് ഹാഫിള് ഇബ്നു ഹജര്‍ ഉദ്ധരിച്ചിട്ടുണ്ട്)



പല ഘട്ടങ്ങളിലായി പള്ളി പുനർനിർമാണം ചെയ്യപ്പെട്ടിട്ടുണ്ട്. ഹിജ്റ 893-ൽശൈഖ് ശാഹീൻ ജമാൽ ആണ് പള്ളിക്ക് തട്ട് നിർമിച്ചത്. പിന്നീട് ഹിജ്റ 950-ൽ ഉസ്മാനിയ്യാ ഖലീഫയായ സുലൈമാൻ പള്ളി പുനർനിർമാണം നടത്തി. അവസാനമായി ആധുനിക സൗദി ഭരണാധികാരിയായ ഫഹദ് രാജാവാണ് ഇന്ന് കാണുന്ന രൂപത്തിൽ പള്ളി പുനർനിർമിച്ചത്.

24) കഹ്ഫ് ബനീഹറാം
ഒരിക്കല്‍ നബി(സ) സില്‍അ് പാര്‍വതമുകളില്‍ ഒരു ഗുഹക്കകത്ത് ദീര്‍ഘനേരം കിടക്കുകയുണ്ടായെന്നു അബൂഖത്താദയില്‍ നിന്ന് ത്വബ്റാനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആ സ്ഥാനത്ത് ഉസ്മാനിയ ഭരണകാലത്ത് നിര്മ്മിക്കപ്പെട്ട മസ്ജിദിന്‍റെ കെട്ടിടം ഇപ്പോഴുമുണ്ട്.

സില്‍അ് മലവാസികള്‍ അവിടെ നിന്ന് പ്രവാചകന്‍റെ അനുമതിയോടെ താമസം മാറ്റിയപ്പോള്‍ അവര്‍ നിര്‍മ്മിച്ച വലിയ ഒരു മസ്ജിദ് വേറെയുമുണ്ട്. മസ്ജിദുബനീഹറാം അല്‍ കബീര്‍  എന്നാണതിന് പറയപ്പെടുന്നത്.

25) മസ്ജിദുല്‍ ഫത്ഹ്

ഖന്ദഖ് യുദ്ധം നടന്ന സ്ഥലത്ത് ആറു മസ്ജിദുകള്‍ കാണപ്പെടുന്നു. ഉയര്‍ന്ന ഭാഗത്ത് മസ്ജിദുല്‍ ഫത്ഹ്, അതിനു താഴെ മസ്ജിദുല്‍ സല്‍മാന്‍ ഫാരിസി,നിരപ്പായ സ്ഥാനത്ത് മസ്ജിദുല്‍ അബീബക്കര്‍, മസ്ജിദു ഉമറുബിനുല്‍ ഖതാബ്‌, മസ്ജിദു അലിയ്യിബിനു അബീ ത്വാലിബ്‌, മസ്ജിദു റഫാത്വി , മത്തസ്സഹ്റാഅ് എന്നിവയാണവ. സഖ്യകക്ഷികളെ മദീനയില്‍ നിന്ന് തടയുവാന്‍ വലിയ കിടങ്ങ് കുഴിക്കുകയും നബി(സ) ദീര്‍ഘമായി പ്രാര്‍ഥിക്കുകയും ചെയ്യുകയുണ്ടായി. അല്ലാഹുവിന്‍റെ സഹായം എത്താന്‍ അന്ന് അല്‍പ്പം വൈകിയപ്പോള്‍ മുസ്‌ലിം സേന ഭയചകിതരായിപ്പോയി. ഇപ്പോള്‍ മസ്ജിദുല്‍ ഫത്ഹ് നില്‍ക്കുന്ന സ്ഥാനത്ത് നബി(സ) നില്‍ക്കുമ്പോഴാണ് ഈ യുദ്ധത്തില്‍ വിജയം വരുന്നു എന്ന് സന്തോഷവാര്‍ത്തയുമായി ജിബ്രീല്‍(( എത്തിയത്. അന്ന് രാത്രി ശത്രുപാളയത്തില്‍ ആഞ്ഞു വീശിയ കൊടുങ്കാറ്റും കോച്ചുന്ന തണുപ്പും യുദ്ധക്കളം വിട്ടോടാന്‍ അബൂസുഫ്യാനെയും പട്ടാളക്കാരെയും നിര്‍ബന്ധിതരാക്കി. ആ സംഭവത്തെ ക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു.

നിങ്ങളുടെ മുകള്‍ ഭാഗത്ത്‌ കൂടിയും താഴ്ഭാഗത്ത് കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം ദ്രിഷ്ടികള്‍ തോന്നിപ്പോവുകയും, ഹൃദയങ്ങള്‍ തൊണ്ടയില്‍ എത്തുകയും നിങ്ങള്‍ അല്ലാഹുവിനെ പറ്റി പല ധാരണകളും ധരിച്ചു പോവുകയും ചെയ്തിരുന്ന സന്ദര്‍ഭം. അവിടെ വച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കുകയും ചെയ്തു. (33:10,11)

സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെ അള്ളാഹു തിരിച്ചയക്കുകയും ചെയ്തു . യാതൊരു ഗുണവും അവര്‍ നേടിയില്ല . സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയും ആകുന്നു.

വേദക്കാരില്‍ നിന്ന് അവര്‍ക്ക്(സത്യനിഷേധികള്‍ക്ക്) പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന് അവന്‍ ഇറക്കി വിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ അതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു.( 33: 25,26)

ഈ മസ്ജിദുകള്‍ക്ക് കാര്യമായ സംരക്ഷണം ഇപ്പോള്‍ ഇല്ല. ഭിത്തികള്‍ പൊളിഞ്ഞു വീണിരിക്കുന്നു. 

ഖന്തഖ് യുദ്ധം നടന്ന സ്ഥലത്ത് ഉയരം കുറഞ്ഞ മലയുടെ മുകളിൽ ഇരു വശത്തേക്കും ചവിട്ടു പടികളുള്ള ചെറിയൊരു പള്ളിയാണ് മസ്ജിദുൽ ഫതഹ്. ഖന്തഖ് യുദ്ധത്തിൽ പ്രധിരോധം നീണ്ടു പോയപ്പോൾ ഈ പള്ളിയിൽ വച്ച് മുഹമ്മദ്‌ നബി(സ) പ്രാർഥിക്കുകയും തുടർന്ന് ശത്രു സൈന്യം കൊടുങ്കാറ്റില്‍ പെട്ട് പരിഭ്രാന്തരായി തിരിച്ചു പോവുകയും ചെയ്തു. അതിനാൽ ശത്രുക്കളിൽ നിന്നും മോചനം എന്നർത്ഥം വരുന്ന മസ്ജിദുൽ ഫതഹ് എന്ന പേര് വന്നു. 
മസ്ജിദുല്‍ ഫത്ഹ് (ഇപ്പോഴത്തെ രൂപം)


മസ്ജിദുല്‍ ഫത്ഹ് (ഒരു പഴയ ഫോട്ടോ), താഴെ മറ്റു മസ്ജിദുകള്‍ കാണാം 

മസ്ജിദുല്‍ സല്‍മാന്‍ ഫാരിസി


26) മസ്ജിദു ബനീഖുറൈള

അഹ്സാബ് യുദ്ധാനന്തരം നബി(സ) ബനുഖുറൈള വംശത്തോട് യുദ്ധം ചെയ്തു. കാരണം അവര്‍ നബി(സ)യോട് ചെയ്ത കരാര്‍ ലംഘിച്ച് സംഘടിത ശത്രുക്കളെ സഹായിച്ചു. അഹ്സാബ് യുദ്ധം കഴിഞ്ഞു മടങ്ങി വന്നപ്പോള്‍ ജിബ്രീല്‍(അ) നബി(സ)യുടെ അടുക്കല്‍ വന്നു പറഞ്ഞു. നിങ്ങള്‍ ബനുഖുറൈളയുടെ അടുക്കലേക്ക്‌ നീങ്ങുക. സ്വഹാബികള്‍ നബി(സ)യോട് പറഞ്ഞു. ബനുഖുറൈളയുടെ താവളത്തില്‍ എത്തിയതിന് ശേഷം അസ്ര്‍ നമസ്കരിച്ചാല്‍ മതി. ചിലര്‍ വഴിക്ക് വെച്ച് തന്നെ നമസ്കരിച്ചു. വേറെ ചിലര്‍ ബനുഖുറൈളയുടെ താവളത്തില്‍ എത്തിയിട്ടേ നമസ്കരിച്ചുള്ളൂ. വേഗം പുറപ്പെടണമെന്നാണ് നബി(സ) പറഞ്ഞതിന്‍റെ താല്പ്പര്യമെന്ന് വഴിയില്‍ വെച്ച് നമസ്കരിച്ചവര്‍ മനസ്സിലാക്കി.ഇരു വിഭാഗത്തെയും നബി(സ) ആക്ഷേപിച്ചില്ല. ശത്രുക്കള്‍ പ്രവാചകന്‍റെ ആഗമനം അറിഞ്ഞ് കോട്ടക്കകത്ത് കയറി. രണ്ടാഴ്ച അവരെ മുസ്ലിം സേന ഉപരോധിച്ചു. അവസാനം സഅദുബ്നു മുആദി(റ)ന്‍റെ വിധി പ്രകാരം കീഴടങ്ങാമെന്ന് യഹൂദര്‍ സമ്മതിച്ചു. അവരിലെ പുരുഷന്മാരെ കൊല്ലുവാനും സ്ത്രീകളെ ബന്ദികളാക്കാനുമായിരുന്നു അദ്ദേഹത്തിന്‍റെ വിധി. നബി(സ) പറഞ്ഞു. അല്ലാഹുവിന്‍റെ തീരുമാനത്തോട് സഅദിന്‍റെ വിധി യോജിച്ചിരിക്കുന്നു.

ഈ സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട മസ്ജിദാണ് ബനുഖുറൈള മസ്ജിദ്. ഉമറുബ്നു അബ്ദില്‍ അസീസ്‌ ഇത് പുതുക്കിപ്പണിയുകയുണ്ടായി. മസ്ജിദുല്‍ ഫളീഖിന്‍റെ *കിഴക്ക് വശത്താണിത്.
*
27) മസ്ജിദ് ബനീ സാഇദ


മദീനക്കുള്ളിലാണ് ബനൂസാഇദയുടെ മസ്ജിദ്. നബി(സ) സാഇദയുടെ തോട്ടത്തില്‍ എപ്പോഴും പോകുമായിരുന്നു. അവരുടെ മസ്ജിദില്‍ നമസ്കരിക്കുകയും സഹ്ലുബ്നു സഅ്ദ് നബി(സ)ക്ക് കുടിക്കാന്‍ പാല് നല്‍കും. ഒരിക്കല്‍ നബി(സ) അവിടെ ചെന്ന് പാനീയം ആവശ്യപ്പെട്ടു. നല്‍കിയത് കുടിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും ചോദിച്ചു വീടും നല്‍കി. അത് കുടിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു.ആദ്യത്തേതായിരുന്നു ഏറ്റവും രുചികരം. സഹ്ലു പറഞ്ഞു: പ്രവാചകരേ രണ്ടും ഒരു പാത്രത്തില്‍ നിന്ന് എടുത്തതായിരുന്നുവല്ലോ. ഈ തോട്ടത്തിലെ ഒരു ഹാളിലായിരുന്നു പ്രവാചകന്‍റെ വിയോഗാനന്തരം അബൂബക്കര്‍ (റ)നെ ഖലീഫയായി തെരഞ്ഞെടുക്കാന്‍ സ്വഹാബികള്‍ ഒരുമിച്ചു കൂട്ടിയത്.

ഹിജ്റ 1030ല്‍ അലിപാഷബ നൂസാഇദ: മസ്ജിദിന്‍റെ കെട്ടിടം പൂര്‍ത്തിയാക്കി.

28) മസ്ജിദുഫൈഫാഉല്‍ഖിയാര്‍ അശീറഃ

യുദ്ധവേളയില്‍ നബി(സ) ബനൂദീനാര്‍ ഗോത്രത്തിലേക്കുള്ള വഴിയിലും ഫൈഫാഉല്‍ഖിയാര്‍ എന്ന വഴിയിലും സഞ്ചരിക്കുകയുണ്ടായി. ദാത്തുസാഖ് എന്നറിയപ്പെടുന്ന സ്ഥലത്തുള്ള മരച്ചുവട്ടില്‍ ക്യാമ്പ് ചെയ്തു. അവിടെ വച്ച് നമസ്കരിച്ചു. പിന്നീട് അവിടെ നിര്‍മ്മിക്കപ്പെട്ട മസ്ജിദാണ് മസ്ജിദുഫൈഫാഉല്‍ ഖിയാര്‍  . വാദിഅഖീഖിന്‍റെ പടിഞ്ഞാറ് വശമാണിത്. ഈ പ്രദേശത്ത് സക്കാത്ത് വകുപ്പിലെ ഒട്ടകങ്ങളെ മേച്ചിരുന്നു. മദീന യൂനിവേര്‍സിറ്റിയുടെ വികസനാവശ്യാര്‍ത്ഥം സ്ഥലം ക്രമീകരിച്ചപ്പോള്‍ ഈ മസ്ജിദിന്‍റെ അടയാളങ്ങള്‍ നഷ്ടപെട്ടിരിക്കുന്നു.

29) മസ്ജിദുത്തൗബ

അസ്വബയിലെ മസ്ജിദുത്തൗബയില്‍ നബി(സ) നമസ്കരിച്ചിട്ടുണ്ട്. ഹുജൈംകൊട്ടക്കടുത്തുള്ള കിണറിനരികെയാണിത്‌. . ഖുബാഇന്‍റെ പടിഞ്ഞാറ് വശം മക്കയില്‍ നിന്ന് ഹിജ്റ റൂട്ടിലൂടെ വരുമ്പോള്‍ വലത്വശത്ത്‌ ഇത് ഇപ്പോഴും കാണപ്പെടും. ഇതിനു മസ്ജിദ് നൂര്‍ എന്നും പറയപ്പെടും. ബുഖാരി റിപ്പോര്‍ട്ട് ചെയ്തപ്രകാരം ഒരിക്കല്‍ സഈദുബ്നു ഹുളൈറും അബ്ബാദ്ബ്നുബശീറും നബി(സ)യുടെ അടുക്കല്‍ നിന്ന് രാത്രി പിരിഞ്ഞുപോരുമ്പോള്‍ അവര്‍ക്ക് വഴികാട്ടിയായി അവരുടെ വടികള്‍ പ്രകാശിക്കുകയുമുണ്ടായി. അവര്‍ അവരുടെ വീടുകളിലേക്ക് വഴി പിരിഞ്ഞപ്പോള്‍ ഓരോരുത്തരുടെയും കൂടെയും ആ പ്രകാശം ഉണ്ടായിരുന്നു. ഈ മസ്ജിദിനു സമീപമായിരുന്നു ബനൂഅബ്ദില്‍ അശ്ഹല്‍ വംശജരായിരുന്ന അവരുടെ വീടുകള്‍.

(അവലംബം: 'മദീനയും മസ്ജിദുന്നബവിയും' by അബ്ദുല്‍ ഹഖ് സുല്ലമി ആമയൂര്‍)