ഖുർആൻ അച്ചടി കേന്ദ്രം


വിശുദ്ധ ഖുര്‍ആന്റെ അച്ചടിയും പ്രചാരണവും ലക്ഷ്യമാക്കി 1984-ൽ ഫഹ്ദ് രാജാവ് തുടങ്ങിയ സ്ഥാപനമാണ്‌ മദീനയിലെ പ്രശസ്തമായ ഖുർആൻ പ്രിന്റിംഗ് കോംപ്‌ളക്‌സ്. ലോകത്തിലെ ഏറ്റവും വലിയ ഖുര്‍ആന്‍ പ്രിന്റിംഗ് കേന്ദ്രം ആണ് മദീന ഖുർആൻ പ്രിന്റിംഗ് കേന്ദ്രം. നഗരത്തിൽ നിന്ന് തബൂക്ക് പാതയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. വർഷം പ്രതി വിവിധ വലുപ്പത്തിലുള്ള 10 മില്യൻ മുസ്ഹഫുകൾ ഇവിടെ അച്ചടിക്കുന്നുണ്ട്.1700-ലധികം ഉദ്യോഗസ്ഥർ സേവനം ചെയ്യുന്ന ഇവിടത്തെ പള്ളി ഉൾപ്പെടെയുള്ള കാമ്പസ് വളരെ മനോഹരമാണ്. സൗദി ഭരണാധികാരികളുടെ ഉപഹാരമായി എല്ലാ വർഷവും ഹജ്ജ് തീർഥാടകർക്ക് മദീനയിലെ കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് പ്രസിൽ അച്ചടിച്ച വിവിധ വലുപ്പത്തിലുള്ള ഖുർആൻ പ്രതികൾ വിതരണം ചെയ്യാറുണ്ട്. ഹജ്ജ് കഴിഞ്ഞു തിരിച്ചു പോകുമ്പോൾ രാജ്യത്തെ വിവിധ പ്രവേശന കവാടങ്ങളിൽ വെച്ചാണ് ഖുർആൻ പ്രതികൾ വിതരണം ചെയ്യുന്നത്. ഹജ്ജ്-ഉംറ സീസണുകളിൽ മദീനയിലെത്തുന്ന തീർഥാടകർക്ക് വ്യാഴം, വെള്ളി ദിവസങ്ങളിലൊഴികെ രാവിലെ 9.30 മുതൽ 11.30 വരെ ഈ കോംപ്ളക്സ് കാണാൻ സൌകര്യമുണ്ട്. കൂടാതെ ഖുർആൻ കോപ്പിയോ അതത് ഭാഷകളിലെ തർജുമകളോ ഇവിടെ നിന്നും സന്ദർശകർക്ക് സൗജന്യമായി നൽകുന്നുണ്ട്. 



മദീന കിങ് ഫഹദ് മുസ്ഹഫ് പ്രിന്റിങ് കോംപ്ലക്‌സ് പരിശുദ്ധ ഖുർആൻ പ്രിന്റിങിനും വിതരണത്തിനും നൽകുന്ന പരിഗണനയുടെ ഭാഗമായി ഖുർആൻ കാലിഗ്രഫി തയാറാക്കുന്നവരുടെ അന്താരഷ്ട്ര സംഗമവും വിവിധ പ്രദർശനങ്ങളും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്. കൂടാതെ അറബി കൈയെഴുത്ത് കലയുടെ ചാരുത വ്യക്തമാക്കുന്ന അറബി കാലിഗ്രഫിയുടെ പ്രദർശനവും നടത്താറുണ്ട്‌. ലോകത്തിലെ മുസ്ഫഹ് എഴുത്തുകാരെ അർഹമായ പരിഗണന നൽകി ആദരിക്കുന്നതിനും ഇവർക്കാവശ്യമായ പ്രോൽസാഹനങ്ങൾ നൽകുന്നതിനും വേണ്ടിയാണ് മദീനയിലെ കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് കോപ്ലക്‌സിൽ ഇത്തരത്തിലുള്ള സംഗമങ്ങൾ നടത്തുന്നത്.